വെറും 14 പന്തുകൾ! അതിനുള്ളിൽ ബാറ്റിൽനിന്ന് പിറന്നത് വനിതാ ട്വന്റി-20 ക്രിക്കറ്റിലെ അതിവേഗ അർധസെഞ്ചുറി. ഹൈദരാബാദിനെതിരായ മത്സരത്തിൽ ഉത്തരാഖണ്ഡിന്റെ പ്രേമ റാവത്ത് നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങാണ് ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ നേടുന്നത്. 15 പന്തിൽ അർധസെഞ്ചുറി നേടിയിരുന്ന മുൻ റെക്കോർഡ് തിരുത്തിയാണ് 24-കാരിയായ താരം പുതിയ ചരിത്രം കുറിച്ചത്.
ഹൈദരാബാദിനെതിരായ മത്സരത്തിൽ നാലാം നമ്പറിലാണ് പ്രേമ ക്രീസിലെത്തിയത്. പതിനെട്ടാം ഓവറിൽ സാക്ഷി റാവുവിനെ നേരിട്ട താരം ആദ്യ പന്തിൽ റണ്ണെടുത്തില്ലെങ്കിലും തുടർന്നുള്ള നാല് പന്തുകളും അതിർത്തി കടത്തി. അടുത്ത ഓവറിൽ വനക പൂജയ്ക്കെതിരെ രണ്ട് സിക്സും ഒരു ഫോറും ഉൾപ്പെടെ 18 റൺസ് നേടി. അവസാന ഓവറിൽ കുഞ്ചല നിതീഷിനെതിരെ അവസാന നാല് പന്തുകളിൽ രണ്ട് സിക്സും രണ്ട് ഫോറും പറത്തിയാണ് അർധസെഞ്ചുറി പൂർത്തിയാക്കിയത്. അവസാന പന്ത് സിക്സറിന് പറത്തിയാണ് താരം റെക്കോർഡ് നേട്ടം ആഘോഷിച്ചത്.
ഇതോടെ 15 പന്തിൽ അർധസെഞ്ചുറി നേടിയിരുന്ന മരിയ കെല്ലി (വാർവിക്ഷെയർ), ഫാത്തിമ സന (പാകിസ്താൻ), ലൗറ ഹാരിസ് (ഒറ്റാഗോ) എന്നിവരുടെ റെക്കോർഡാണ് പ്രേമ മറികടന്നത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഉത്തരാഖണ്ഡ് 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 187 റൺസെടുത്തു. രാഘ്വി ബിസ്ത് 72 റൺസുമായി മികച്ച പ്രകടനം നടത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന് എട്ട് വിക്കറ്റ് നഷ്ടത്തിൽ 98 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഇതോടെ ഉത്തരാഖണ്ഡ് 89 റൺസിന്റെ വിജയം സ്വന്തമാക്കി.
24-കാരിയായ പ്രേമ റാവത്ത് മികച്ച ലെഗ് സ്പിന്നർ കൂടിയാണ്. കഴിഞ്ഞ ജൂൺ 21-ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് താരം അന്താരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. ഇതുവരെ ഏഴ് അന്താരാഷ്ട്ര മത്സരങ്ങളിൽനിന്ന് ഏഴ് വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. ബൗളിങ്ങിലൂടെ ശ്രദ്ധ നേടിയ താരം ഇപ്പോൾ ബാറ്റിങ്ങിലെ റെക്കോർഡ് പ്രകടനത്തിലൂടെയും വനിതാ ക്രിക്കറ്റിൽ തന്റെ സാന്നിധ്യം അറിയിച്ചിരിക്കുകയാണ്.






