വിദേശ തീർത്ഥാടകർക്ക് സേവനം നൽകുന്ന ഹജ്ജ് സർവീസ് കമ്പനികളുടെ ഉന്നത പദവികൾ സൗദി പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്താൻ സൗദി ഹജ്ജ്-ഉംറ മന്ത്രാലയം ഒരുങ്ങുന്നു. തീർത്ഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി നിലവിലുള്ള നിയമങ്ങളിൽ വൻ ഭേദഗതി വരുത്തുന്ന കരട് രേഖ മന്ത്രാലയം പുറത്തുവിട്ടു. പുതിയ ഭേദഗതി പ്രകാരം ഹജ്ജ് കമ്പനികളിൽ വിദേശികൾക്ക് ഓഹരി പങ്കാളിത്തം അനുവദിക്കില്ല.
ഹജ്ജ് സർവീസ് രംഗത്ത് വലിയ രീതിയിലുള്ള മാറ്റങ്ങൾക്കാണ് പുതിയ നിയമം വഴി മന്ത്രാലയം ലക്ഷ്യമിടുന്നത്. ഹജ്ജ് സർവീസ് കമ്പനികളുടെ ഡയറക്ടർ ബോർഡ് അംഗങ്ങൾ, ചീഫ് എക്‌സിക്യൂട്ടീവുകൾ, മറ്റ് ഉയർന്ന മാനേജീരിയൽ തസ്തികകൾ എന്നിവയിൽ സൗദി പൗരന്മാരെ മാത്രമേ നിയമിക്കാവൂ. കമ്പനികളുടെ ഓഹരികൾ വിദേശികൾക്ക് വിൽക്കാനോ കൈമാറാനോ പാടില്ല. നിലവിൽ ഓഹരിയുള്ള വിദേശികൾ വിപണി മൂല്യത്തിനനുസരിച്ച് അവ കമ്പനിക്ക് തന്നെ വിറ്റ് ഒഴിഞ്ഞുപോകണം. വിദേശിയായ ഓഹരി ഉടമ മരണപ്പെട്ടാൽ, വിദേശികളായ അവരുടെ അവകാശികൾക്ക് ആ ഓഹരികൾ കൈവശം വെക്കാൻ അനുമതിയുണ്ടാകില്ല.
Also Read: നിരോധിത പുകയില ഉൽപന്ന വിപണനം; കുവൈത്തിൽ നാല് ഏഷ്യൻ പ്രവാസികൾ പിടിയിൽ
കമ്പനികളുടെ ലൈസൻസ് നടപടികളിലും മന്ത്രാലയം കർശന വ്യവസ്ഥകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ലൈസൻസ് കാലാവധി തീരുന്നതിന് 60 ദിവസം മുൻപ് തന്നെ അത് പുതുക്കാനുള്ള അപേക്ഷ സമർപ്പിച്ചിരിക്കണം. തുടർച്ചയായി രണ്ട് വർഷമോ, അല്ലെങ്കിൽ മൂന്ന് സീസണുകളിലോ കൃത്യമായ കാരണമില്ലാതെ സേവനം നൽകാതിരുന്നാൽ കമ്പനികളുടെ ലൈസൻസ് റദ്ദാക്കും. ഏതെങ്കിലും കമ്പനി തീർത്ഥാടകർക്ക് സേവനം നൽകുന്നതിൽ പരാജയപ്പെട്ടാൽ മന്ത്രാലയം നേരിട്ട് ബദൽ സംവിധാനം ഒരുക്കും. ഇതിനാകുന്ന ചെലവ് വീഴ്ച വരുത്തിയ കമ്പനിയുടെ ബാങ്ക് ഗ്യാരണ്ടിയിൽ നിന്ന് ഈടാക്കാനാണ് തീരുമാനം.
ഹജ്ജ് കമ്പനികളുടെ ഭാഗത്തുനിന്നുണ്ടാകുന്ന നിയമലംഘനങ്ങൾ പരിശോധിച്ച് നടപടിയെടുക്കാൻ ഒരു അഞ്ചംഗ സ്വതന്ത്ര സമിതിക്ക് പുതിയ നിയമം രൂപം നൽകുന്നുണ്ട്. കൂടാതെ, സുതാര്യത ഉറപ്പാക്കുന്നതിനായി ഹജ്ജ് സർവീസുമായി ബന്ധപ്പെട്ട എല്ലാ കരാറുകളും മന്ത്രാലയത്തിന്റെ ഔദ്യോഗിക ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമുകൾ വഴി മാത്രമേ നടത്താവൂ എന്നും പുതിയ ഭേദഗതിയിൽ വ്യക്തമാക്കുന്നു.






