ഓപ്പറേഷൻ തൂഫാൻ്റെ പേരിൽ സ്വയം മുഖം മിനുക്കാൻ ശ്രമിക്കുന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ഇരട്ടതാപ്പ് നയം ഈ നാട് അറിയണം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ, 20 വർഷം മുൻപ് സംസ്ഥാനത്ത് നടന്ന വിജിലൻസ് അന്വേഷണത്തിന്റെ ഫയലുകൾ പരിശോധിച്ച് നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, അദ്ദേഹത്തിൻ്റെ സ്വന്തം ജില്ലയായ ആലപ്പുഴയിൽ നടന്ന കെ കെ മഹേശൻ്റെ ആത്മഹത്യയിൽ എന്തു കൊണ്ടാണ് നടപടി സ്വീകരിക്കാതിരിക്കുന്നത് എന്നതിന് മറുപടി പറയണം.
മലേഷ്യൻ പൗരന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് 2006 ൽ വിജിലൻസ് പ്രാഥമികാന്വേഷണം നടത്തിയ കേസിന്റെ വിവരങ്ങളാണ് ഇപ്പോൾ മന്ത്രിയുടെ നിർദ്ദേശ പ്രകാരം ആഭ്യന്തരവകുപ്പ് തേടുന്നത്. ഈ കേസിൽ പുനരന്വേഷണം നടത്താൻ പ്രത്യേക താല്പര്യമെടുത്ത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് നിർദേശം നൽകിയിരിക്കുന്നത്. കേസ് പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെപിസിസി നിർവാഹക സമിതി അംഗം മലയിൻകീഴ് വേണുഗോപാലൻ നൽകിയ പരാതിയിലാണ് ശരവേഗത്തിൽ ചെന്നിത്തല ഇടപെട്ടിരിക്കുന്നത്.
മലേഷ്യൻ പൗരൻ ആത്മഹത്യ ചെയ്യുന്ന സമയത്ത് കേരളത്തിൽ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരുന്നു ഗ്യാനേഷ്. സമഗ്ര വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട പരാതികളിൽ, ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രക്ഷോഭങ്ങൾ നടക്കുന്നതിനിടെയാണു സംസ്ഥാന സർക്കാർ ഇത്തരമൊരു നീക്കം നടത്തിയിരിക്കുന്നത്. എംസി റോഡ് വികസനപദ്ധതിയുടെ കരാർ ഏറ്റെടുത്തിരുന്ന പതി–ബെൽ കമ്പനിയുടെ ചീഫ് പ്രോജക്ട് മാനേജരായ ലീ സീ ബീൻ, 2006 ൽ മലേഷ്യയിൽ വച്ചാണ് ആത്മഹത്യ ചെയ്തിരുന്നത്. പദ്ധതിയുടെ തുക പാസാക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ ഉദ്യോഗസ്ഥരിൽനിന്നു നേരിടേണ്ടിവന്ന കടുത്ത സമ്മർദമാണു മരണത്തിനു വഴിവച്ചതെന്നാണ് ലീ ആത്മഹത്യക്കുറിപ്പിൽ രേഖപ്പെടുത്തിയിരുന്നത്. വകുപ്പുസെക്രട്ടറിയായിരുന്ന ഗ്യാനേഷ് കുമാറിനെക്കുറിച്ചും കത്തിൽ പരാമർശമുണ്ടായിരുന്നു.
പദ്ധതിയിലെ ക്രമക്കേടുകളിൽ അന്നത്തെ സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എന്നാൽ വിജിലൻസ് പ്രാഥമിക പരിശോധന നടത്തിയെങ്കിലും തുടർനടപടി ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഈ ഫയലാണ് ഇപ്പോൾ, ആഭ്യന്തര മന്ത്രിയുടെ നിർദ്ദേശ പ്രകാരം പൊടി തട്ടിയെടുക്കുന്നത്. ഒരു കെപിസിസി നിർവാഹക സമിതി അംഗം നൽകിയ പരാതിയിൽ ചാടിവീണ് അന്വേഷണത്തിന് നിർദ്ദേശം നൽകിയ രമേശ് ചെന്നിത്തല, എന്തു കൊണ്ടാണ് എസ്എൻഡിപി യോഗം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി മഹേശൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മുൻ കെപിസിസി അദ്ധ്യക്ഷനും, സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ്സ് നേതാവുമായ വി എം സുധീരൻ നൽകിയ പരാതിയിൽ നടപടി സ്വീകരിക്കാതിരിക്കുന്നത് എന്നതിന് മറുപടി പറയേണ്ടതുണ്ട്.
കെ.കെ. മഹേശന്റെ മരണം എസ്‌ഐടി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കുമാണ് സുധീരൻ മൂന്ന് തവണ കത്ത് നൽകിയത്. മഹേശന്റെ ഭാര്യ നൽകിയ സങ്കടഹർജി അടക്കമുള്ള പകർപ്പും ഇതോടൊപ്പം വച്ചിരുന്നു. എന്നാൽ, ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. 2020 ജൂണിലാണ് യൂണിയൻ ഓഫിസിൽ മഹേശനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നത്.ഇതിനു മുമ്പ് 32 പേജ് വരുന്ന ആത്മഹത്യ കുറിപ്പ് യൂണിയൻ നേതാക്കൾക്ക് മഹേഷൻ അയച്ചിരുന്നു. ഇതിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനിൽ നിന്നും നേരിട്ട മാനസിക പീഢനങ്ങൾ കൃത്യമായി രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഒരു നടപടിയും ഇക്കാര്യത്തിൽ നാളിതുവരെയായിട്ടും ഉണ്ടായിട്ടില്ല.
മഹേശനെ ആത്മഹത്യയിലേയ്ക്ക് എത്തിച്ചതിന്റെ കാരണക്കാർ ആയവർക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനുവേണ്ടി സംസ്ഥാന ഭരണാധികാരികള്‍ക്കു മുന്നില്‍ നിരവധി പരാതികള്‍ നല്‍കിയിട്ടും ഇതേവരെ ഫലപ്രദമായ യാതൊരു നടപടിയും ഉണ്ടായിട്ടില്ലന്ന് സുധീരൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലും എടുത്ത് പറഞ്ഞിട്ടുണ്ട്. ഇതിൻ്റെ പകർപ്പ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും സുധീരൻ പലതവണ അയച്ചിട്ടുണ്ട്. എന്നാൽ ഇതുവരെ ആരും അത് കണ്ടഭാവം പോലും നടിച്ചിട്ടില്ല.
ഈ ഒരു സാഹചര്യം നിലനിൽക്കെയാണ് , 20 വർഷം മുൻപ് നടന്ന മറ്റൊരു ആത്മഹത്യയുമായി ബന്ധപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് എതിരെ അന്വേഷണത്തിന് ആഭ്യന്തര മന്ത്രി നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതിനെയാണ് ഇരട്ടത്താപ്പ് എന്നു പറയുന്നത്. ഗ്യാനേഷ് കുമാറിന് നേരെ അന്വേഷണം നടക്കട്ടെ, അതിനെ ആരും തന്നെ എതിർക്കുമെന്ന് തോന്നുന്നില്ല, അതേ സമയം തന്നെ, വെള്ളാപ്പള്ളി നടേശന് എതിരായ പരാതിയിലും അന്വേഷണം നടത്തേണ്ടതല്ലേ എന്നതാണ് ചോദ്യം ഈ ചോദ്യത്തിന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മാത്രമല്ല, മുഖ്യമന്ത്രി വിഡി സതീശനും മറുപടി പറഞ്ഞേ മതിയാകൂ. നിയമം നിഷ്പക്ഷമായാണ് നടപ്പാക്കേണ്ടത്. അവിടെ രണ്ട് നീതി പാടില്ല. ഇത്തരം അവസരവാദ പരമായ നടപടികളെ രാഷ്ട്രീയകേരളം ഒരിക്കലും അംഗീകരിക്കുകയുമില്ല. ഈ ഒരൊറ്റ തീരുമാനത്തോടെ നിങ്ങളുടെ മുഖമൂടിയാണ് പെതു സമൂഹത്തിനിടയിൽ വലിച്ച് കീറപ്പെട്ടിരിക്കുന്നത്. അതെന്തായാലും പറയാതിരിക്കാൻ കഴിയുകയില്ല.
EXPRESS VIEW
വീഡിയോ കാണുക;






