ഡല്‍ഹി: പുതിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ഗ്യാനേഷ് കുമാറിനെ നിയമിച്ചു. 1988 ബാച്ച് കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. നിലവില്‍ തിരഞ്ഞെടുപ്പ് കമ്മീഷണറായി പ്രവര്‍ത്തിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ നിയമനം സംബന്ധിച്ച ഉത്തരവ് ഇന്ന് തന്നെ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയേക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ തിരഞ്ഞെടുക്കാനുള്ള യോഗത്തില്‍ വിയോജന കുറിപ്പ് നല്‍കിയ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ എതിര്‍പ്പ് തള്ളിയാണ് തീരുമാനം.
Also Read: ‘ഡല്‍ഹിയില്‍ അഞ്ച് വര്‍ഷത്തിനകം ബിജെപിക്ക് മൂന്നു മുഖ്യമന്ത്രിമാരുണ്ടാകും’; ഗോപാല്‍ റായ്
ജസ്റ്റിസ് കെഎം ജോസഫിന്റെ വിധി ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഗാന്ധി വിയോജന കുറിപ്പ് നല്‍കിയത്. മറ്റന്നാള്‍ ഇത് സംബന്ധിച്ച കേസ് സുപ്രീം കോടതി പരിഗണിക്കുന്ന സാഹചര്യത്തില്‍ ഈ നിലപാടറിഞ്ഞ ശേഷമേ തീരുമാനമെടുക്കാവൂ എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ പേരുകള്‍ യോഗത്തില്‍ ചര്‍ച്ചക്കെടുത്തു. ഈ ഘട്ടത്തില്‍ എതിര്‍പ്പുന്നയിച്ച രാഹുല്‍ ഗാന്ധി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോവുമെന്ന് പറഞ്ഞു. പേരുകള്‍ നിശ്ചയിച്ചതില്‍ രാഹുല്‍ പങ്കെടുത്തില്ലെന്ന് രേഖപ്പെടുത്താമെന്ന് പ്രധാനമന്ത്രി മോദി ഉറപ്പു നല്‍കി. ഇറങ്ങി പോകാതെ യോഗത്തില്‍ ഇരിക്കണമെന്ന് രാഹുലിനോട് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. ഇതേ തുടര്‍ന്ന് യോഗം തീരും വരെ രാഹുല്‍ ഗാന്ധി യോഗത്തില്‍ ഇരുന്നു.