ഗൾഫ് മേഖല യുദ്ധഭീതിയിൽ; കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാന്റെ ഡ്രോൺ-മിസൈൽ ആക്രമണം

ആക്രമണത്തിൽ വിമാനത്താവളത്തിലെ പ്രധാന യാത്രാ ടെർമിനലായ ടി1-ന് വലിയ തോതിൽ നാശനഷ്ടങ്ങൾ സംഭവിച്ചു

ഗൾഫ് മേഖല യുദ്ധഭീതിയിൽ; കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാന്റെ ഡ്രോൺ-മിസൈൽ ആക്രമണം
ഗൾഫ് മേഖല യുദ്ധഭീതിയിൽ; കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാന്റെ ഡ്രോൺ-മിസൈൽ ആക്രമണം

കുവൈത്ത്: മിഡിൽ ഈസ്റ്റിൽ യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാന്റെ അതിരൂക്ഷമായ ഡ്രോൺ-മിസൈൽ ആക്രമണം. ആക്രമണത്തിൽ വിമാനത്താവളത്തിലെ പ്രധാന യാത്രാ ടെർമിനലായ ടി1-ന് വലിയ തോതിൽ നാശനഷ്ടങ്ങൾ സംഭവിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായാണ് ഔദ്യോഗിക സ്ഥിരീകരണം. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി കുവൈത്ത് വിമാനത്താവളത്തിന്റെ പ്രവർത്തനം പൂർണ്ണമായും നിർത്തിവെക്കുകയും സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കുകയോ മറ്റ് സുരക്ഷിത താവളങ്ങളിലേക്ക് തിരിച്ചുവിടുകയോ ചെയ്തു.

കുവൈത്ത് പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ബ്രിഗേഡിയർ ജനറൽ സൗദ് അബ്ദുൽഅസീസ് അൽ-ഒതൈബിയാണ് വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണ വിവരം പുറത്തുവിട്ടത്. പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. കുവൈത്ത് സായുധ സേനയും ബന്ധപ്പെട്ട സുരക്ഷാ വിഭാഗങ്ങളും സാഹചര്യം അതീവ ജാഗ്രതയോടെ നിരീക്ഷിക്കുകയാണെന്നും, രാജ്യത്തിന്റെ പരമാധികാരവും ജനങ്ങളുടെ സുരക്ഷയും സംരക്ഷിക്കാൻ ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ സേന പൂർണ്ണ സജ്ജമാണെന്നും വക്താവ് വ്യക്തമാക്കി.

Also Read: ദുബായിൽ വൻ സാമൂഹിക സുരക്ഷാ പദ്ധതി; നിയമ ഭേദഗതിയുമായി ഷെയ്ഖ് മുഹമ്മദ്

ഹോർമുസ് കടലിടുക്കിലെ ഇറാന്റെ തന്ത്രപ്രധാനമായ ക്വിഷം ദ്വീപിന് നേരെ അമേരിക്കൻ സൈന്യം കഴിഞ്ഞ ദിവസം നടത്തിയ വ്യോമാക്രമണത്തിന് പ്രതികാരമായാണ് ഈ തിരിച്ചടിയെന്നാണ് റിപ്പോർട്ടുകൾ. കുവൈത്തിലെയും ബഹ്‌റൈനിലെയും അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യമിട്ടാണ് ഇറാൻ വൻതോതിൽ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും തൊടുത്തുവിട്ടത്. അമേരിക്കൻ ആക്രമണത്തിനുള്ള കൃത്യമായ മറുപടിയാണ് ഇതെന്നും തങ്ങളുടെ മിലിട്ടറി ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷന് നേരെ നടന്ന ആക്രമണത്തിന് ശക്തമായ പ്രതികാരമാണ് ലക്ഷ്യമെന്നും ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് സ്ഥിരീകരിച്ചിട്ടുണ്ട്.

പരീക്ഷണാർത്ഥം നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ജൂൺ ഒന്നിന് മാത്രം ഭാഗികമായി വീണ്ടും തുറന്ന ടി1 ടെർമിനലിനാണ് ഇറാന്റെ ഡ്രോൺ ആക്രമണത്തിൽ തകർച്ച നേരിട്ടത് എന്നത് സംഭവത്തിന്റെ ആഘാതം വർദ്ധിപ്പിക്കുന്നു. ആക്രമണത്തെ തുടർന്ന് കുവൈത്ത് ഉൾപ്പെടെയുള്ള ഗൾഫ് മേഖലയിലാകെ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. വിമാനത്താവളം കേന്ദ്രീകരിച്ച് അടിയന്തര രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

Share Email
Top