അബുദാബി: ഗൾഫ് രാജ്യങ്ങളിലെ റോഡ് സുരക്ഷാ അവബോധം ശക്തമാക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഏകീകൃത ജി.സി.സി. ഗതാഗത വാരത്തിന് തുടക്കമായി. ‘സുരക്ഷിതമായി റോഡ് മുറിച്ചുകടക്കുക’ എന്ന പ്രമേയത്തിൽ യു.എ.ഇ. ആഭ്യന്തര മന്ത്രാലയമാണ് വിപുലമായ പരിപാടികളോടെ ഈ വർഷത്തെ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ, പോലീസ് വകുപ്പുകൾ എന്നിവയുമായി സഹകരിച്ചാണ് ബോധവൽക്കരണ പ്രവർത്തനങ്ങൾ നടക്കുന്നത്.
ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി മേജർ ജനറൽ ഖലീഫ ഹാരിബ് അൽ ഖൈലി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ഗൾഫ് രാജ്യങ്ങൾക്കിടയിൽ ഗതാഗത സുരക്ഷാ രംഗത്തെ വൈദഗ്ധ്യം കൈമാറുന്നതിനും സഹകരണം വർധിപ്പിക്കുന്നതിനും ഈ സംരംഭം വലിയ പങ്ക് വഹിക്കുമെന്ന് ഫെഡറൽ ഗതാഗത കൗൺസിൽ അംഗം ലെഫ്റ്റനന്റ് കേണൽ റാഷിദ് ഹുമൈദ് ബിൻ ഹിന്ദി വ്യക്തമാക്കി. നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി ഗതാഗത അപകടങ്ങളും മരണങ്ങളും കുറയ്ക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: ദുബായിൽ തൊഴിലാളികൾക്കായി മിനി മാരത്തൺ; ആയിരങ്ങൾ അണിനിരന്നു
ഗതാഗത നിയമങ്ങൾ പൗരന്മാരുടെ നിത്യജീവിതത്തിന്റെ ഭാഗമാക്കുന്നതിനായി മൂന്നുമാസം നീണ്ടുനിൽക്കുന്ന പ്രചാരണ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. റോഡ് മുറിച്ചുകടക്കാൻ നിയുക്ത ക്രോസിങ്ങുകൾ, മേൽപ്പാലങ്ങൾ, തുരങ്കപാതകൾ എന്നിവ മാത്രം ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കും. യു.എ.ഇ.യിലെ വിവിധ എമിറേറ്റുകളിലായി അബുദാബി യാസ് മാൾ, ദുബായ് അറേബ്യൻ സെന്റർ, ഷാർജ ട്രാഫിക് ആൻഡ് ലൈസൻസിങ് സെന്റർ, അജ്മാൻ സിറ്റി സെന്റർ തുടങ്ങി പ്രധാന ഇടങ്ങളിലെല്ലാം ബോധവൽക്കരണ പ്രദർശനങ്ങൾ സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. ഗതാഗത സുരക്ഷയിൽ ആഗോളതലത്തിൽ തന്നെ മുൻനിര രാജ്യമായി മാറാനുള്ള യു.എ.ഇ.യുടെ ശ്രമങ്ങൾക്ക് ഈ ക്യാമ്പയിൻ കരുത്തുപകരും.






