കുവൈത്ത്: കുവൈത്തിലെ ഗൾഫ് ബാങ്കിൽ നിന്ന് വായ്പയെടുത്ത് തിരിച്ചടക്കാതെ മലയാളികൾ വിദേശത്തേക്ക് കടന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ കൈമാറാൻ ബാങ്ക് അധികൃതർ കേരളത്തിലേക്ക്. ഇവർ കൈമാറുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ നഴ്സുമാരടങ്ങുന്ന 1425 മലയാളികൾക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്താനാണ് സാധ്യത. അടുത്ത ആഴ്ച ആണ് ബാങ്ക് അധികൃതർ കൊച്ചിയിലെത്തുക.
കൊവിഡ് സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് നാട്ടിലേക്ക് മടങ്ങേണ്ടി വന്നതാണ് ലോൺ തിരിച്ചടവ് മുടങ്ങാൻ കാരണമെന്നാണ് പ്രതികളായവരുടെ വിശദീകരണം. പ്രതികളായ നഴ്സുമാരുടെ രജിസ്ട്രേഷൻ റദ്ദാക്കാനുള്ള നീക്കം ബാങ്ക് അധികൃതർ തുടങ്ങി എന്നാണ് വിവരം.
Also Read: കര്‍ശന പരിശോധന തുടര്‍ന്ന് സൗദി; ഒരാഴ്ചക്കിടെ നാടുകടത്തിയത് 10,537 പ്രവാസികളെ
അതേസമയം, 2020-22 കാലത്താണ് ബാങ്കിൽ തട്ടിപ്പ് നടന്നതെന്നാണ് കുവൈറ്റ് ബാങ്ക് അധികൃതർ കേരള പൊലീസിനെ അറിയിച്ചിരിക്കുന്നത്. കുവൈത്തിലെ സർക്കാർ ഉദ്യോഗസ്ഥരായ മലയാളികളും മിനിസ്ട്രി ഓഫ് ഹെൽത്തിൽ നഴ്സുമാരായി ജോലി ചെയ്തിരുന്ന എഴൂനൂറോളം പേരുമാണ് ബാങ്കിൽ നിന്ന് വായ്പയെടുത്ത് മുങ്ങിയതെന്നാണ് വിവരം.
ബാങ്കിൽ നിന്ന് ചെറിയ തുക വായ്പയെടുത്ത് ഇത് കൃത്യമായി തിരിച്ചടച്ച് ക്രഡിറ്റ് സ്കോർ ഉയർത്തിയ ശേഷം പ്രതികൾ വലിയ തുക വായ്പയെടുത്ത് ഇവിടെ നിന്നും മുങ്ങുകയായിരുന്നു. വായ്പാ തിരിച്ചടവ് മുടങ്ങിയതോടെയാണ് കുവൈത്ത് ബാങ്ക് അധികൃതർ അന്വേഷണം ആരംഭിച്ചത്.