മലയാള സിനിമയിൽ എപ്പോഴും പരീക്ഷണങ്ങൾക്ക് മുതിരുകയും അത് വിജയമാക്കി മാറ്റുകയും ചെയ്യുന്ന പ്രശസ്ത സംവിധായകൻ വിനയൻ തന്റെ പുതിയ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച പുതിയ പ്രോജക്റ്റിന്റെ വിശേഷങ്ങൾ ഇതിനോടകം തന്നെ സിനിമാപ്രേമികൾക്കിടയിൽ വലിയ ചർച്ചയായിക്കഴിഞ്ഞു. ഗിന്നസ് പക്രുവും സാഗർ സൂര്യയുമാണ് ഈ ചിത്രത്തിൽ പ്രധാന നായകന്മാരായി എത്തുന്നത്. പൂർണ്ണമായും ഫാന്‍റസി ഗണത്തില്‍ പെടുന്ന ഈ പുതിയ ചിത്രം പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ഒരുങ്ങുന്നത്. ഈ തലമുറയിലെ പ്രഗത്ഭരായ സാങ്കേതിക പ്രവര്‍ത്തകരും ചിത്രത്തിന്റെ പിന്നണിയിൽ അണിനിരക്കുന്നുണ്ട്.
പുതിയ സിനിമയെക്കുറിച്ച് സംവിധായകൻ വിനയന്റെ വാക്കുകൾ ഇങ്ങനെയാണ്: “പുതിയ ഫാന്‍റസി ചിത്രത്തിൽ ഗിന്നസ് പക്രുവും സാഗർ സൂര്യയും ആയിരിക്കും നായകൻമാർ. ഇവരെ കൂടാതെ മലയാളത്തിലെ ശ്രദ്ധേയരായ ഇരുപതോളം യുവ നടീനടൻമാരും ഇരുനൂറിലധികം പൊക്കം കുറഞ്ഞ കലാകാരൻമാരും ഈ സിനിമയിൽ ഉണ്ടാകും. പ്രീ പ്രൊഡക്ഷൻ ജോലികളും ടെസ്റ്റ് ഷൂട്ടും നടക്കുന്നു.
പുതിയ ടെക്നോളജിയുടെ സഹായത്തോടെ വ്യത്യസ്തമായ വിഷ്വൽ ട്രീറ്റിലൂടെ അവതരിപ്പിക്കുന്ന കഥയും കഥാപാത്രങ്ങളും നിങ്ങളെ തീർച്ചയായും എന്‍റര്‍ടെയ്ന്‍ ചെയ്യിക്കും എന്നാണെന്റെ വിശ്വാസം. ഈ തലമുറയിലെ പ്രഗത്ഭരായ ടെക്നീഷ്യന്മാര്‍ ഈ സിനിമയുടെ പിന്നണിയിൽ പ്രവർത്തിക്കുന്നുണ്ട്. എന്റെ പരീക്ഷണ ചിത്രങ്ങളെ എല്ലാം പ്രോത്സാഹിപ്പിച്ചിട്ടുള്ള നിങ്ങൾ പ്രേക്ഷകർ ഈ സിനിമയേയും സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കട്ടെ.” പല ജോണറുകളില്‍ പെട്ട ചിത്രങ്ങളിലൂടെ വലിയ വിജയങ്ങള്‍ നേടിയിട്ടുള്ള വിനയൻ, വിവിധ കാരണങ്ങളാല്‍ സിനിമാ സംഘടനകള്‍ വിലക്ക് ഏര്‍പ്പെടുത്തിയ കാലത്തും അത് ഭേദിച്ച് സിനിമകള്‍ ചെയ്യുകയും വിജയിപ്പിക്കുകയും ചെയ്ത ചരിത്രമുള്ള സംവിധായകനാണ്.
ഒടുവിൽ 2022-ൽ പുറത്തിറങ്ങിയ ‘പത്തൊമ്പതാം നൂറ്റാണ്ട്’ എന്ന ചിത്രത്തിന് ശേഷം നാല് വർഷത്തെ ഇടവേള കഴിഞ്ഞാണ് വിനയൻ വീണ്ടും ഒരു പുതിയ സിനിമയുമായി എത്തുന്നത്. മലയാള സിനിമാ ലോകത്ത് ഇതുവരെ കാണാത്ത ദൃശ്യവിസ്മയമായിരിക്കും ഈ ഫാൻ്റസി ചിത്രം സമ്മാനിക്കുകയെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന. വൻ വിജയ പ്രതീക്ഷയോടെയെത്തുന്ന ഈ ചിത്രത്തിന്റെ തുടർന്നുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.






