കോൺഗ്രസ്സിൽ വീണ്ടും ഗ്രൂപ്പുകൾ സജീവമാകുന്നു, എ ഗ്രൂപ്പിനെ നയിക്കാൻ ഉമ്മൻ ചാണ്ടിയുടെ മക്കളിറങ്ങും !

ചാണ്ടി ഉമ്മനെയും അച്ചു ഉമ്മനെയും കളത്തിലിറക്കി എ ഗ്രൂപ്പ് പഴയ പ്രതാപത്തിലേക്ക് പോകണമെന്നതാണ് ഈ വിഭാഗത്തിലെ ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. അച്ചു ഉമ്മന്‍ തല്‍ക്കാലം രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് അച്ചുവിനെ സജീവമാക്കാനാണ് എ ഗ്രൂപ്പ് നേതൃത്വം ശ്രമിക്കുന്നത്

കോൺഗ്രസ്സിൽ വീണ്ടും ഗ്രൂപ്പുകൾ സജീവമാകുന്നു, എ ഗ്രൂപ്പിനെ നയിക്കാൻ ഉമ്മൻ ചാണ്ടിയുടെ മക്കളിറങ്ങും !
കോൺഗ്രസ്സിൽ വീണ്ടും ഗ്രൂപ്പുകൾ സജീവമാകുന്നു, എ ഗ്രൂപ്പിനെ നയിക്കാൻ ഉമ്മൻ ചാണ്ടിയുടെ മക്കളിറങ്ങും !

കേരള ഭരണം പിടിക്കുക എന്നത് പ്രതിപക്ഷത്തെ സംബന്ധിച്ച് വലിയ വെല്ലുവിളിയായി തുടര്‍ന്നാലും അതില്‍ അത്ഭുതപ്പെടേണ്ടതില്ല. കാരണം, യു.ഡി.എഫിലെ ഭിന്നത അത്രയ്ക്കും രൂക്ഷമാണ്. പത്ത് വര്‍ഷത്തെ ഇടതുപക്ഷ ഭരണത്തിനെതിരായ ജനവികാരം തങ്ങള്‍ക്ക് അനുകൂലമായാല്‍ 2026-ല്‍ ഭരണം പിടിക്കാം എന്ന പ്രതീക്ഷയില്‍ മുന്നോട്ട് പോകുന്ന യു.ഡി.എഫ് നേതൃത്വത്തിന് മുന്നണിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് വലിയ തിരിച്ചടിയായി മാറും. കാരണം, അത്രയ്ക്കും വിഷയങ്ങള്‍ കോണ്‍ഗ്രസ്സിലും മുസ്ലീം ലീഗിലും നിലവിലുണ്ട്.

വെറും 31 തദ്ദേശ വാര്‍ഡുകളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ 17 സീറ്റുകളില്‍ യു.ഡി.എഫ് വിജയിച്ചത് വലിയ നേട്ടമായി ചിത്രീകരിക്കുന്ന മാധ്യമങ്ങളും യാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ തയ്യാറാകുകയാണ് വേണ്ടത്. ഇപ്പോഴത്തെ യു.ഡി.എഫിന്റെ ചെറിയ നേട്ടം പോലും നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് നടക്കാന്‍ പോകുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് വിലയിരുത്താന്‍ കഴിയുകയില്ല. കാരണം, ഇപ്പോള്‍ നടന്നിരിക്കുന്ന വാര്‍ഡ് വിഭജനങ്ങള്‍ ഇടതുപക്ഷത്തിനാണ് ഗുണം ചെയ്യുക എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

Pinarayi Vijayan

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ തനിയാവര്‍ത്തനം നിയമസഭാ തിരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കാമെന്ന് കരുതിയാല്‍ അവിടെയും ചില വെല്ലുവിളികളുണ്ട്. കാരണം, ലോക്‌സഭ മണ്ഡലങ്ങളുടെ വിഭജനം യു.ഡി.എഫിന് അനുകൂലമായാണ് വന്നതെങ്കില്‍ നിയമസഭാ മണ്ഡലങ്ങളുടെ വിഭജനം ഇടതുപക്ഷത്തിന് പ്രതീക്ഷ നല്‍കുന്നതാണ്. പിണറായി വിജയന്‍ സര്‍ക്കാരിന്റെ തുടര്‍ഭരണത്തിന് ഇതും ഒരു പ്രധാന കാരണമായിരുന്നു. അങ്ങനെ പരിശോധിച്ചാല്‍ ഇടതുപക്ഷത്തിന് ഇനിയും ഭരണം ലഭിച്ചാലും അത്ഭുതപ്പെടേണ്ടതില്ല. അതല്ലെങ്കില്‍, അത്രയ്ക്കും ശക്തമായ ജനവികാരം സര്‍ക്കാരിന് എതിരെ ഉയരണം. എങ്കില്‍ മാത്രമേ, യു.ഡി.എഫിന് പ്രതീക്ഷയ്ക്ക് വകയുള്ളൂ.

muslim league

നിയമസഭാ ഉപതിരഞ്ഞെടുപ്പ് ഫലങ്ങളും ഈ കണക്കുകളെ സാധൂകരിക്കുന്നതാണ്. പാലക്കാട് യു.ഡി.എഫ് നിലനിര്‍ത്തിയപ്പോള്‍ വിവാദ വിഷയങ്ങളും രാഷ്ട്രീയ സാഹചര്യങ്ങളും വെല്ലുവിളിയായിട്ടും ചേലക്കര നല്ല ഭൂരിപക്ഷത്തില്‍ നിലനിര്‍ത്താന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞിട്ടുണ്ട്. 2026-ല്‍ തിരിച്ചു വരവിന് ശ്രമിക്കുന്ന യു.ഡി.എഫിനെ ആശങ്കപ്പെടുത്തുന്ന വിജയമാണ് ചേലക്കരയില്‍ ഇടതുപക്ഷം സ്വന്തമാക്കിയിരിക്കുന്നത്. ഇതിനു പുറമെ, ലീഗിലും കോണ്‍ഗ്രസ്സിലും ഉണ്ടായി കൊണ്ടിരിക്കുന്ന അടി ഒഴുക്കുകളും യു.ഡി.എഫിന്റെ സാധ്യതയ്ക്ക് മേല്‍ കരിനിഴല്‍ പടര്‍ത്തുന്നതാണ്.

Also Read: സിറിയയില്‍ ഇനി ഇസ്ലാമിക് ഭരണത്തിന്റെ ഉദയമോ? പാശ്ചാത്യ-അറബ് രാജ്യങ്ങള്‍ക്ക് ആശങ്ക

ET Mohammed Basheer

ലീഗ് നേതൃത്വവും സമസ്തയിലെ പ്രബല വിഭാഗവും തമ്മിലുള്ള തര്‍ക്കവും വഖഫ് വിഷയത്തിലെ ഭിന്നതയുമാണ് ലീഗിന് മുന്നിലെ പ്രധാന വെല്ലുവിളി. ലീഗില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ – കെ.എം ഷാജി വിഭാഗവും കുഞ്ഞാലിക്കുട്ടി വിഭാഗവും ഇപ്പോഴും കടുത്ത ഭിന്നതയിലാണ് ഉള്ളത്. വഖഫ് വിഷയത്തിലെ കെ.എം ഷാജിയുടെയും ഇ.ടി മുഹമ്മദ് ബഷീറിന്റെയും പരസ്യമായ പ്രതികരണം ലീഗ് അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ക്കും രസിച്ചിട്ടില്ല. ഈ വിഷയത്തില്‍ പരസ്യ പ്രസ്താവന വിലക്കിയതും സാദിഖലി തങ്ങളുടെ ഇടപെടല്‍ മൂലമാണ്. 2026-ല്‍ ഭരണം ലഭിക്കും എന്ന ഒറ്റ പ്രതീക്ഷയിലാണ് ലീഗില്‍ പൊട്ടിത്തെറി ഉണ്ടാകാതിരിക്കുന്നത്.

sadikali shihab thangal

ചേലക്കരയില്‍ യു.ഡി.എഫിന് വിജയിക്കാന്‍ കഴിയാതിരുന്നതില്‍ ആശങ്കപ്പെടുന്ന ലീഗ് നേതൃത്വം നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ കൂടി തിരിച്ചടി നേരിട്ടാല്‍ വലിയ പ്രതിസന്ധിയിലേക്കാണ് പോവുക. ഇത്തരമൊരു ഘട്ടത്തില്‍ ലീഗില്‍ പിളര്‍പ്പുണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. ലീഗിന്റെ പ്രധാന വോട്ട് ബാങ്കായ സമസ്തയുമായുള്ള ഭിന്നത തീര്‍ക്കാന്‍ വിളിച്ചു ചേര്‍ത്ത യോഗം സമസ്തയിലെ പ്രബല വിഭാഗം ബഹിഷ്‌ക്കരിച്ചത് കാര്യങ്ങള്‍ ലീഗ് നേതൃത്വത്തിന്റെ പിടിയില്‍ ഒതുങ്ങുകയില്ലെന്നതിന്റെ തെളിവാണ്. ഇതിനെല്ലാം പുറമെ, പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ ചെറുപ്പക്കാര്‍ക്ക് ലീഗ് നേതൃത്വം അവസരം നിഷേധിക്കുന്നതിലും ലീഗിന്റെ പോഷക സംഘടനകളില്‍ അതൃപ്തി ശക്തമാണ്.

K C Venugopal

ലീഗിലെ അവസ്ഥ ഇതാണെങ്കില്‍, കോണ്‍ഗ്രസ്സിലും വലിയ ഭിന്നതയാണ് ഉള്ളത്. കെ.സി വേണുഗോപാലും വി.ഡി സതീശനും ഇടപെട്ട് ഒതുക്കിയ ഗ്രൂപ്പ് രാഷ്ട്രീയം വീണ്ടും ശക്തമായാണ് തല പൊക്കി തുടങ്ങിയിരിക്കുന്നത്. ഉമ്മന്‍ ചാണ്ടിയുടെ മരണത്തോടെ നിഷ്‌ക്രിയരായ എ വിഭാഗത്തെ ശക്തമായി ഉയര്‍ത്തി കൊണ്ടുവരാനാണ് ഉമ്മന്‍ചാണ്ടിയുടെ മകനായ ചാണ്ടി ഉമ്മന്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. അതിനുള്ള നീക്കങ്ങള്‍ ചാണ്ടി ഉമ്മനും പഴയ എ വിഭാഗം നേതാക്കളും തുടങ്ങി കഴിഞ്ഞു. ഉപതെരഞ്ഞെടുപ്പ് ചുമതലകള്‍ നല്‍കാതെ, ചാണ്ടി ഉമ്മനെ തഴഞ്ഞത് ബോധപൂര്‍വ്വമാണെന്നാണ് എ വിഭാഗം നേതാക്കള്‍ കരുതുന്നത്. ഇക്കാര്യത്തില്‍ പ്രതിപക്ഷ നേതാവിനെതിരെ പൊട്ടിത്തെറിച്ച ചാണ്ടി ഉമ്മന്‍ ഇനി പറയാനുള്ളതെല്ലാം പാര്‍ട്ടി വേദിയില്‍ പറയുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

VD Satheesan

ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ പഴയ പോലെ ശക്തമല്ലെങ്കിലും ഇപ്പോഴും കേരളത്തിലെ കോണ്‍ഗ്രസ്സില്‍ അടിത്തട്ടു വരെ സ്വാധീനമുള്ള ഗ്രൂപ്പ് എ ഗ്രൂപ്പാണ്. ഐ ഗ്രൂപ്പിനെ പല കഷ്ണങ്ങളാക്കി വി.ഡി സതീശനും കെ സി വേണുഗോപാലും കൈവശപ്പെടുത്തിയിരിക്കുകയാണ്. രമേശ് ചെന്നിത്തലയുടെ കൂടെ ഇപ്പോള്‍ ഐ വിഭാഗത്തിലെ ചെറിയ ഒരു വിഭാഗം മാത്രമാണുള്ളത്. എ ഗ്രൂപ്പില്‍ നിന്നും ഷാഫി പറമ്പില്‍, ടി സിദ്ധിഖ് എന്നിവരെ വി.ഡി സതീശനും കെ സി വേണുഗോപാലും അടര്‍ത്തി മാറ്റിയിട്ടുണ്ടെങ്കിലും എ ഗ്രൂപ്പിന്റെ അടിത്തറ കാര്യമായി തകര്‍ന്നിട്ടില്ല. ചാണ്ടി ഉമ്മനെയും അച്ചു ഉമ്മനെയും കളത്തിലിറക്കി എ ഗ്രൂപ്പ് പഴയ പ്രതാപത്തിലേക്ക് പോകണമെന്നതാണ് ഈ വിഭാഗത്തിലെ ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. അച്ചു ഉമ്മന്‍ തല്‍ക്കാലം രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് അച്ചുവിനെ സജീവമാക്കാനാണ് എ ഗ്രൂപ്പ് നേതൃത്വം ശ്രമിക്കുന്നത്.

Also Read: ഇസ്രയേലിന്റെ കണ്ണ് സിറിയയുടെ മേലോ? നെതന്യാഹുവിന്റെ ആക്രമണങ്ങള്‍ക്ക് അമേരിക്കയുടെ ഒത്താശ

chandy oommen

വിജയിച്ചു വരുന്ന എം.എല്‍.എമാരുടെ എണ്ണം കോണ്‍ഗ്രസ്സ് ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ പ്രധാനമായതിനാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും കാര്യമായി ഇടപെടാന്‍ തന്നെയാണ് എ ഗ്രൂപ്പ് ആലോചിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് ഒരു റിഹേഴ്‌സലായി എടുത്ത് വിലപേശാനാണ് നീക്കം. പാര്‍ട്ടി പദവികളിലും ഗ്രൂപ്പ് നോമിനികള്‍ക്ക് പ്രാതിനിധ്യം ഉറപ്പ് വരുത്താനും എ ഗ്രൂപ്പ് നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. സമാനമായ നീക്കമാണ് രമേശ് ചെന്നിത്തലയെ പിന്തുണയ്ക്കുന്ന ഐ വിഭാഗവും ഇപ്പോള്‍ നടത്തുന്നത്.

Ramesh Chennithala

വി.ഡി സതീശനും കെ.സി വേണുഗോപാലും തങ്ങള്‍ക്ക് ഗ്രൂപ്പില്ലെന്ന് തുറന്ന് പറയുകയും അതേസമയം, അവരുടെ നോമിനികളെ പാര്‍ട്ടി പദവിയിലേക്കും പാര്‍ലമെന്ററി രംഗത്തേക്കും തിരുകി കയറ്റാനാണ് ശ്രമിക്കുന്നതെന്നാണ് എ ഗ്രൂപ്പ് നേതൃത്വം ആരോപിക്കുന്നത്. ഇങ്ങനെ പരസ്പരം വിലപേശലും പാരവയ്പും നടത്തുന്ന കോണ്‍ഗ്രസ്സ് ഗ്രൂപ്പുകള്‍ തന്നെ സ്വന്തം പാര്‍ട്ടിയിലെ എതിര്‍ ചേരിയിലെ സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്താന്‍ ശ്രമിക്കാനും സാധ്യത ഏറെയാണ്. കോണ്‍ഗ്രസ്സ് ഗ്രൂപ്പുകളുടെ പകയുടെ ചരിത്രവും അതാണ്. ഇതൊക്കെ പരിശോധിക്കുമ്പോള്‍, 2026- ലെ നിയമസഭാ തിരഞ്ഞെടുപ്പ് യു.ഡി.എഫിനെ സംബന്ധിച്ച് വലിയ പ്രതീക്ഷകള്‍ക്ക് വക നല്‍കുന്നതല്ല എന്നു തന്നെ പറയേണ്ടി വരും.


Express View

വീഡിയോ കാണാം

Share Email
Top