അമേരിക്ക 200 ബില്യണ്‍ ഡോളര്‍ നല്‍കിയിട്ടില്ലെന്നും നല്‍കിയ ധനസഹായത്തിന്റെ ഭൂരിഭാഗവും എങ്ങനെ ചെലവായി എന്നറിയില്ലെന്നുമാണ് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുടെ പുതിയ തുറന്ന് പറച്ചില്‍. അമേരിക്ക 75 ബില്യണ്‍ ഡോളറിലധികം സൈനിക സഹായവും മറ്റ് തരത്തിലുള്ള സഹായങ്ങളും നല്‍കിയിട്ടുണ്ട്. എന്നാല്‍ 200 ബില്യണ്‍ ഡോളറിന്റെ എസ്റ്റിമേറ്റ് എവിടെ നിന്നാണ് ഉത്ഭവിച്ചത് എന്നോ ഇത്രയും തുക എങ്ങനെ അപ്രത്യക്ഷമായതെന്നോ അറിയില്ല എന്ന വാദമാണ് ഇപ്പോള്‍ സെലെന്‍സ്‌കി ഉന്നയിക്കുന്നത്. അതിനിടയില്‍ തന്റെ മുന്‍ഗാമിയായ ജോ ബൈഡന്റെ യുക്രെയ്നോടുള്ള സ്‌നേഹത്തെ നിശിതമായി വിമര്‍ശിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, യുക്രെയ്ന് അമേരിക്ക നല്‍കുന്ന ധനസഹായം എത്രയാണോ, അത്രയും തുക തന്നെ നാറ്റോ, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ യുക്രെയ്ന് നല്‍കണമെന്നും ആവശ്യപ്പെട്ടു. യുക്രെയ്ന് ഇതുവരെ അമേരിക്ക നല്‍കിയത് 200 ബില്യണ്‍ ഡോളറാണെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് പറയുന്നുണ്ട്. എന്നാല്‍, യുക്രെയ്നിന് ആ തുകയുടെ പകുതി പോലും ലഭിച്ചിട്ടില്ലെന്നാണ് സെലെന്‍സ്‌കി പറയുന്നത്. അസോസിയേറ്റഡ് പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് സെലെന്‍സ്‌കി അമേരിക്കയുടെ കണക്കുകള്‍ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്.
Also Read: വർധിക്കുന്ന അതിക്രമങ്ങൾ, ബ്രിട്ടണിൽ സ്ത്രീകൾ സുരക്ഷിതരല്ലേ..?
യുദ്ധകാലത്ത് സൈന്യത്തെ പിന്തുണയ്ക്കാന്‍ യുക്രെയ്‌ന് 200 ബില്യണ്‍ ഡോളര്‍ ലഭിച്ചുവെന്ന് പറയുമ്പോള്‍ അത് ശരിയല്ലെന്നും ആ പണമെല്ലാം എവിടേക്ക് പോയി എന്നറിയില്ലെന്നുമൊക്കെയാണ് സെലെന്‍സ്‌കി പറയുന്നത്. 200 ബില്യണിന്റെ കണക്ക് ഉടമ്പടിയില്‍ എഴുതിച്ചേര്‍ത്തിട്ടുണ്ടെന്നത് ശരിയാണെന്നും എന്നാല്‍ വാസ്തവത്തില്‍, 76 ബില്യണ്‍ ഡോളര്‍ മാത്രമാണ് ലഭിച്ചതെന്നും സെലെന്‍സ്‌കി ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല തങ്ങള്‍ക്ക് 200 ബില്യണ്‍ ഡോളര്‍ ലഭിച്ചിട്ടില്ലെന്ന് സെലെന്‍സ്‌കി തറപ്പിച്ച് പറയുന്നുമുണ്ട്. 2022 മുതല്‍ അമേരിക്കന്‍ കോണ്‍ഗ്രസ് യുക്രെയ്‌നിനായി ഏകദേശം 175 ബില്യണ്‍ ഡോളറിന്റെ അംഗീകാരം നല്‍കിയിട്ടുണ്ട്. എന്നാല്‍ ആ ധനസഹായത്തിന്റെ ഒരു പ്രധാന ഭാഗം അമേരിക്കന്‍ വ്യവസായങ്ങള്‍ക്കും മറ്റുമായി ബന്ധപ്പെട്ട വിവിധ അമേരിക്കന്‍ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളിലേക്ക് തന്നെ പോയതായുള്ള റിപ്പോര്‍ട്ടുകളുമുണ്ട്. ജര്‍മ്മനിയിലെ കീല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്കനുസരിച്ച്, 2024 ഒക്ടോബര്‍ വരെ അമേരിക്ക യുക്രെയ്‌നിന് ഏകദേശം 92 ബില്യണ്‍ ഡോളര്‍ സാമ്പത്തിക, സൈനിക സഹായം അനുവദിച്ചപ്പോള്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും ബ്രിട്ടനും 131 ബില്യണ്‍ ഡോളറാണ് അനുവദിച്ചത്.

അതേസമയം, തന്നു എന്ന് പറയുന്ന ഈ 70 ബില്യണ്‍ ഡോളറിലധികം സഹായം പണമായിട്ടല്ല ലഭിച്ചതെന്നും അത് സൈനിക-ആയുധ സജ്ജീകരണങ്ങളായി അമേരിക്ക നേരിട്ട് യുക്രെയ്നിന് കൈമാറുകയായിരുന്നുവെന്നും സെലെന്‍സ്‌കി പറയുന്നു. എന്നാല്‍ അമേരിക്കയുടെ കണക്കുകള്‍ പ്രകാരം യുക്രെയ്ന് കൈമാറിയത് ശതകോടികളാണെന്ന് റിപ്പോര്‍ട്ടിലുണ്ടാകാമെങ്കിലും അവര്‍ തന്നുവെന്നു പറയുന്ന ആ ഫണ്ടുകള്‍ എവിടേയ്ക്കാണ് പോയതെന്നതില്‍ തങ്ങള്‍ക്ക് യാതൊരു അറിവും ഇല്ലെന്നാണ് സെലെന്‍സ്‌കി പറയുന്നത്. അപ്പോള്‍ പിന്നെ അമേരിക്ക കൊടുത്തു എന്ന് പറയുന്ന ഈ പണമൊക്കെ എവിടെ പോയി എന്ന പ്രധാന ചോദ്യമാണ് ബാക്കിയാകുന്നത്. അതേസമയം, ഫെഡറല്‍ ഭരണകൂടത്തിന്റെ അധിക ചെലവ് വെട്ടിക്കുറയ്ക്കുന്നതിന്റെ ഭാഗമായി ട്രംപ് അധികരാത്തിലെത്തിയപാടെ ആദ്യം ചെയ്തത് അമേരിക്ക നല്‍കുന്ന വിദേശ സഹായം മൂന്ന് മാസത്തേയ്ക്ക് താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്ന നടപടിയായിരുന്നു. യുക്രെയ്നുമായി ബന്ധപ്പെട്ട നിരവധി സംരംഭങ്ങളെ ട്രംപ് വെട്ടിക്കുറച്ചു. ഇത് വിദേശരാഷ്ട്രങ്ങളെ സാമ്പത്തികമായി സഹായിച്ചിരുന്ന യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റിന്റെ (യുഎസ്എഐഡി) നിലനില്‍പ്പിനെ തന്നെ ബാധിച്ചിരുന്നു.
Also Read: അമേരിക്കയ്ക്കായി വാലാട്ടുന്നവർ, പാശ്ചാത്യ നേതാക്കളുടെ പിടിപ്പുകേടിനെ രൂക്ഷമായി വിമർശിച്ച് പുടിൻ
അതിനിടയില്‍ മരവിപ്പിച്ച റഷ്യന്‍ ആസ്തികള്‍ വഴി ലഭിക്കുന്ന 2.8 ബില്യണ്‍ ഡോളര്‍ ചെലവഴിക്കാന്‍ യുക്രെയ്നിന് അനുമതി നല്‍കി ബ്രിട്ടണ്‍. യുക്രെയിന് ഫണ്ട് നല്‍കാന്‍ അനുവദിക്കുന്ന കരട് നിയമത്തിന് യുക്രെയ്‌നിലെ മന്ത്രിമാരുടെ കാബിനറ്റ് നേരത്തെ അംഗീകാരം നല്‍കിയിരുന്നു. G7ന്റെ ‘റവന്യൂ ആക്സിലറേഷന്റെ’ ഭാഗമാണ് ഈ പണം. കഴിഞ്ഞ വര്‍ഷം യുക്രെയ്നിനായി അംഗീകരിച്ച 50 ബില്യണ്‍ ഡോളര്‍ വായ്പ മരവിപ്പിച്ച റഷ്യന്‍ ഫണ്ടുകളില്‍ നിന്നെടുത്തതാണ് നല്‍കിയിരുന്നത്. ബ്രിട്ടണും-യുക്രെയ്‌നും തമ്മില്‍ 100 വര്‍ഷത്തെ പങ്കാളിത്ത കരാറില്‍ ഒപ്പുവെച്ചതിനെത്തുടര്‍ന്ന് ജനുവരി 16-ന് യുക്രെയ്‌ന് പണം നഷകുന്നതിനായുള്ള നിയമനിര്‍മ്മാണത്തിന് ബ്രിട്ടന്‍ അനുമതി നല്‍കിയിരുന്നു. ഇത്തരത്തില്‍ ലഭിക്കുന്ന ഫണ്ടുകള്‍ കൂടുതലും ചെലവഴിക്കുന്നത് വ്യോമ പ്രതിരോധത്തിനും ആയുധങ്ങളുടെയും സൈനിക ഉപകരണങ്ങളുടെയും അറ്റകുറ്റപ്പണികള്‍ക്കും ഉല്‍പ്പാദനത്തിനും വേണ്ടിയാണെന്നും യുക്രെയ്ന്‍ പ്രതിരോധ മന്ത്രാലയം അന്ന് അറിയിച്ചിരുന്നു.

2022 ഫെബ്രുവരിയില്‍ യുക്രെയ്ന്‍ സംഘര്‍ഷം രൂക്ഷമായതിനെത്തുടര്‍ന്ന് പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ 300 ബില്യണ്‍ ഡോളറിന്റെ ഫണ്ട് മരവിപ്പിച്ചിരുന്നു. ഈ മരവിപ്പിച്ച ആസ്തിയില്‍ നിന്നുള്ള ഏകദേശം 213 ബില്യണ്‍ ഡോളര്‍ നിലവില്‍ ബ്രസ്സല്‍സ് ആസ്ഥാനമായുള്ള ക്ലിയറിംഗ് ഹൗസായ യൂറോക്ലിയറിലാണ്. ഈ ആസ്തികളില്‍ നിന്നൊക്കെ തന്നെ ക്ലിയറിംഗ് ഹൗസ് 1.55 ബില്യണ്‍ യൂറോ അതായാത് 1.63 ബില്യണ്‍ ഡോളര്‍ നേരിട്ട് യുക്രെയ്ന് കൈമാറുകയും ചെയ്തിരുന്നു. മരവിപ്പിച്ച റഷ്യന്‍ ആസ്തികള്‍ പിടിച്ചെടുത്ത് ചെലവഴിക്കാനുള്ള തീരുമാനം G7 അംഗങ്ങള്‍ക്കിടയില്‍ പല വിധത്തിലുള്ള അഭിപ്രായ ഭിന്നതകളും ഉയര്‍ത്താന്‍ ഇടായായിരുന്നു. റഷ്യയുടെ പിടിച്ചെടുത്ത ആസ്തി ഇങ്ങനെ ചെലവഴിക്കുന്നത് സംബന്ധിച്ച് ജര്‍മ്മനി, ഫ്രാന്‍സ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങള്‍ നിയമപരമായ ആശങ്കകള്‍ ഉയര്‍ത്തുകയുണ്ടായി. വ്യക്തമായ നിയമങ്ങളില്ലാതെ ഈ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നത് പാശ്ചാത്യ സാമ്പത്തിക വ്യവസ്ഥയിലുള്ള ആഗോള വിശ്വാസത്തെ തകര്‍ക്കുമെന്നും ഐഎംഎഫ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
Also Read: സ്വേച്ഛാധിപത്യത്തിന് ഉടൻ അറുതി, യുക്രെയ്നിൽ തിരഞ്ഞെടുപ്പോ ..?
അത് മാത്രമല്ല, ഈ മരവിപ്പിച്ച സ്വത്തുക്കള്‍ പാശ്ചാത്യ രാജ്യങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ റഷ്യയും രംഗത്ത് വരുകയുണ്ടായി. തങ്ങളുടെ സ്വത്തുക്കള്‍ ഇങ്ങനെ കണ്ടുക്കെട്ടി ദുരുപയോഗം ചെയ്യുന്നത് മോഷണമാണെന്നായിരുന്നു റഷ്യ ആരോപിച്ചിരുന്നത്. യുക്രെയ്‌നിലേക്ക് ഫണ്ട് എത്തിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ റഷ്യ നിയമനടപടി സ്വീകരിക്കുമെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് ഡിസംബറില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എല്ലാ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കും നിയമങ്ങള്‍ക്കും വിരുദ്ധമായാണ് തങ്ങളുടെ സ്വത്തുക്കള്‍ തികച്ചും നിയമവിരുദ്ധമായി മരവിപ്പിച്ചിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മരവിപ്പിച്ച റഷ്യന്‍ ആസ്തികളില്‍ നിന്ന് യുക്രെയിനിലേക്ക് 1 ബില്യണ്‍ ഡോളര്‍ അമേരിക്ക കൈമാറ്റം ചെയ്തതിനെക്കുറിച്ചും പെസ്‌കോവ് രൂക്ഷമായി വിമര്‍ശിച്ചു. റഷ്യയുടെ സ്വത്തും അവകാശങ്ങളും പാശ്ചാത്യ രാജ്യങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിനെതിരെ റഷ്യ ശക്തമായി പ്രതികരിക്കുമെന്ന് പ്രസിഡന്റ് പുടിനും നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

റഷ്യയുടെ സ്വത്തില്‍ നിന്ന് തന്നെ കൈയ്യിട്ട് വാരിയിട്ടും പാശ്ചാത്യരുടെ അകമഴിഞ്ഞ സംഭാവനയുണ്ടായിട്ടും യുദ്ധത്തില്‍ ഇത്രയും നാണംക്കെട്ടൊരു തോല്‍വി സ്വന്തമാക്കാന്‍ സെലെന്‍സ്‌കിക്ക് മാത്രമെ സാധിക്കുകയള്ളു. പരമാവധി കരകയറാന്‍ ശ്രമിച്ചെങ്കിലും സെലെന്‍സ്‌കിക്ക് കാര്യമായി ഒന്നും തന്നെ ചെയ്യാന്‍ നാളിത്രയായിട്ടും സാധിച്ചിട്ടില്ല. അതിനിടയില്‍ ഇല്ലാകണക്കുകള്‍ പറഞ്ഞാണോ അമേരിക്ക ഇത്രയും കാലം വീബിളക്കിയിരുന്നതെന്നും അന്വേഷിക്കേണ്ട കാര്യം തന്നെയാണ്. ഇത്രയും കൊടുത്തു എന്ന് അമേരിക്ക പറയുമ്പോള്‍ അതിന്റെ പകുതി പോലും കിട്ടിയില്ലെന്നാണ് യുക്രെയ്ന്‍ പറയുന്നത്. അപ്പോള്‍ കണക്കില്‍ പറയുന്ന പണമൊക്കെ അമേരിക്ക എന്ത് ചെയ്തു എന്നതും ഉയരുന്ന ചോദ്യമാണ്. എന്തായാലും ഇതില്‍ കാര്യമായൊരു അന്വേഷണം നടത്തിയാല്‍ ആരുടെ കള്ളക്കളിയാണ് പുറത്ത് വരുകയെന്നതാണ് ഇനി കാണേണ്ടത്…!
വീഡിയോ കാണാം…