ചെന്നൈ സൂപ്പർ കിങ്‌സിനെതിരായ മത്സരത്തിൽ ഗുജറാത്ത് ബൗളർമാർ അക്ഷരാർത്ഥത്തിൽ കളം നിറഞ്ഞു കളിക്കുന്ന കാഴ്ചയാണ് അഹമ്മദാബാദിൽ കണ്ടത്. മുഹമ്മദ് സിറാജ്, കഗീസോ റബാദ, റാഷിദ് ഖാൻ എന്നിവർ കൃത്യമായ പ്ലാനുകളോടെ പന്തെറിഞ്ഞപ്പോൾ ചെന്നൈ ബാറ്റിങ് നിര തകർന്നു വീണു. ഇന്നിങ്‌സിന്റെ ആദ്യ പന്തിൽ തന്നെ സഞ്ജു സാംസണിനെ ഗോൾഡൻ ഡക്കാക്കി മുഹമ്മദ് സിറാജ് തകർപ്പൻ തുടക്കമാണ് നൽകിയത്. പിന്നീട് ഒരു ഘട്ടത്തിൽ പോലും ചെന്നൈയ്ക്ക് മത്സരത്തിലേക്ക് തിരിച്ചുവരാൻ കഴിഞ്ഞില്ല.
മത്സരത്തിൽ മൂന്ന് ഓവറിൽ വെറും 26 റൺസ് മാത്രം വിട്ടുനൽകി മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ മുഹമ്മദ് സിറാജാണ് കളിയിലെ താരം. കഴിഞ്ഞ മത്സരങ്ങളിൽ വലിയ രീതിയിൽ റൺസ് വഴങ്ങിയതിന്റെ പേരിൽ വിമർശനങ്ങൾ നേരിട്ട സിറാജിന് ഈ പ്രകടനം വലിയ ആത്മവിശ്വാസമാണ് നൽകിയിരിക്കുന്നത്. “ഞാൻ ഇപ്പോൾ താളം കണ്ടെത്തിത്തുടങ്ങിയിട്ടുണ്ട്. ലോകകപ്പിന് ശേഷം നെറ്റ്സിൽ ഞാൻ കഠിനമായ പരിശീലനത്തിലായിരുന്നു. ഐപിഎല്ലിലെ ആദ്യ മത്സരങ്ങളിൽ താളം കണ്ടെത്താൻ പ്രയാസപ്പെട്ടിരുന്നെങ്കിലും, ഇപ്പോൾ അത് തിരികെ ലഭിച്ചു,” മത്സരശേഷം സിറാജ് പ്രതികരിച്ചു.
Also Read:‘ഞങ്ങളെ വെറുതെ വിടൂ’! വിമാനത്താവളത്തിലെ ദുരനുഭവത്തിൽ പാപ്പരാസികൾക്കെതിരെ സാറ ടെൻഡുൽക്കർ
സിറാജിന് പുറമെ റബാദയും റാഷിദ് ഖാനും മികച്ച പിന്തുണ നൽകിയതോടെ ഗുജറാത്തിന് ഉജ്ജ്വല വിജയമാണ് സ്വന്തമാക്കാനായത്. സ്ഥിരതയുടെ അഭാവം മുൻ മത്സരങ്ങളിൽ സിറാജിനെ അലട്ടിയിരുന്നെങ്കിലും, നിർണായകമായ ഈ പോരാട്ടത്തിൽ വിക്കറ്റുകൾ വീഴ്ത്തി താൻ ഫോമിലേക്ക് തിരിച്ചെത്തിയെന്ന് തെളിയിക്കാൻ അദ്ദേഹത്തിനായി. മറുഭാഗത്ത് ചെന്നൈ ടീമിന് ബാറ്റിങ്ങിൽ നിലയുറപ്പിക്കാൻ പോലും കഴിയാത്ത നിസ്സഹായാവസ്ഥയായിരുന്നു മത്സരത്തിലുടനീളം ഉണ്ടായിരുന്നത്.






