കണ്ണൂർ സർവകലാശാലയിലും ഗവർണറുടെ കടുംവെട്ട്; സിൻഡിക്കേറ്റിന്റെ ബോർഡ് ഓഫ് സ്റ്റഡീസ് പട്ടിക വെട്ടി പുതിയ ഉത്തരവിറക്കി

ഓരോ ബോർഡ് ഓഫ് സ്റ്റഡീസിലും പത്തുപേർ വീതം ആകെ 600-ലധികം അധ്യാപകരുള്ള പട്ടികയാണ് നിലവിൽ വന്നിരിക്കുന്നത്

കണ്ണൂർ സർവകലാശാലയിലും ഗവർണറുടെ കടുംവെട്ട്; സിൻഡിക്കേറ്റിന്റെ ബോർഡ് ഓഫ് സ്റ്റഡീസ് പട്ടിക വെട്ടി പുതിയ ഉത്തരവിറക്കി
കണ്ണൂർ സർവകലാശാലയിലും ഗവർണറുടെ കടുംവെട്ട്; സിൻഡിക്കേറ്റിന്റെ ബോർഡ് ഓഫ് സ്റ്റഡീസ് പട്ടിക വെട്ടി പുതിയ ഉത്തരവിറക്കി

കണ്ണൂർ: കേരള സർവകലാശാലയ്ക്ക് പിന്നാലെ കണ്ണൂർ സർവകലാശാലയിലും സിൻഡിക്കേറ്റിനെ മറികടന്ന് ചാൻസലറുടെ അസാധാരണ നീക്കം. സർവകലാശാലയിലെ ബോർഡ് ഓഫ് സ്റ്റഡീസ് നിയമനത്തിനായി സിൻഡിക്കേറ്റ് നൽകിയ ഔദ്യോഗിക പട്ടിക വെട്ടിമാറ്റി ചാൻസലറുടെ നിർദ്ദേശപ്രകാരം പുതിയ പട്ടിക പുറത്തിറക്കി. 59 ബോർഡ് ഓഫ് സ്റ്റഡീസുകളിലേക്കുള്ള അംഗങ്ങളുടെ നിയമന ഉത്തരവാണ് കഴിഞ്ഞദിവസം പുറത്തിറക്കിയത്. ഓരോ ബോർഡ് ഓഫ് സ്റ്റഡീസിലും പത്തുപേർ വീതം ആകെ 600-ലധികം അധ്യാപകരുള്ള പട്ടികയാണ് നിലവിൽ വന്നിരിക്കുന്നത്. സിൻഡിക്കേറ്റ് ശുപാർശ ചെയ്ത ഭൂരിപക്ഷം പേരുകളെയും തള്ളിക്കൊണ്ടാണ് ചാൻസലർ സ്വന്തം നിലയ്ക്ക് പട്ടിക തിരുത്തിയത്.

പുതിയ പട്ടികയിൽ വലിയ തോതിൽ രാഷ്ട്രീയ അതിപ്രസരമുണ്ടെന്നാണ് പ്രധാന ആക്ഷേപം. ബി.ജെ.പി അനുഭാവമുള്ള അധ്യാപകരെ ബോർഡ് ഓഫ് സ്റ്റഡീസിൽ കുത്തിനിറയ്ക്കാനാണ് ചാൻസലർ സിൻഡിക്കേറ്റ് പട്ടിക തിരുത്തിയതെന്ന് ഇടത് സംഘടനകൾ ആരോപിക്കുന്നു. രാഷ്ട്രീയ ആക്ഷേപങ്ങൾക്ക് പുറമെ നിയമനത്തിൽ വലിയ അപാകതകൾ സംഭവിച്ചതായും പരാതിയുണ്ട്. കണ്ണൂർ സർവകലാശാലയുടെ പരിധിയിൽ വരുന്ന കണ്ണൂർ, കാസർകോട് ജില്ലകളിലെ എല്ലാ മേഖലകളിൽ നിന്നുമുള്ള അധ്യാപകരെയും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ചില പ്രത്യേക കോളേജുകളിൽ നിന്നുള്ളവർക്ക് മാത്രം മുൻഗണന നൽകിയെന്നും, പി.ജി കോഴ്സുകൾ പോലുമില്ലാത്ത കോളേജുകളിലെ അധ്യാപകരെ ബോർഡ് ഓഫ് സ്റ്റഡീസിൽ ഉൾപ്പെടുത്തിയതായും ഇവർ ചൂണ്ടിക്കാട്ടുന്നു.

Also Read: കേരളത്തിൽ മഴ പെയ്യാൻ തമിഴ്നാട്ടിൽ പൂജ; മുല്ലപ്പെരിയാർ പ്രതിസന്ധിയിൽ കർഷകർ

ചാൻസലറുടെ നടപടിയിൽ പ്രതികരണവുമായി കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് അംഗം എൻ. സുകന്യ രംഗത്തെത്തി. ബോർഡ് ഓഫ് സ്റ്റഡീസിന്റെ നിയമനാധികാരം സിൻഡിക്കേറ്റിനാണെന്നും ആ അവകാശമാണ് ചാൻസലർ അട്ടിമറിച്ചതെന്നും അവർ പറഞ്ഞു. പുതിയ സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ സിൻഡിക്കേറ്റ് പുനസംഘടിപ്പിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും തുടർനടപടികളുണ്ടായില്ല. ഇതിന് പുറമെ, സർവകലാശാലയിൽ കഴിഞ്ഞ മെയ് 22-ന് ശേഷം വി.സി സിൻഡിക്കേറ്റ് യോഗം വിളിച്ചുചേർത്തിട്ടില്ലെന്നും അവര്‍ പറഞ്ഞു.
.

Share Email
Top