തിരുവനന്തപുരത്ത് നിർഭയ ഹോമുകളിലെ പോക്സോ അതിജീവിതർ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു. ആരോഗ്യ മന്ത്രി വീണാ ജോർജിനൊപ്പമെത്തിയ പെൺകുട്ടികൾ തങ്ങൾ നിർമ്മിച്ച ഉൽപ്പന്നങ്ങൾ അടങ്ങിയ ഗിഫ്റ്റ് ഹാമ്പർ മുഖ്യമന്ത്രിക്ക് കൈമാറി. അതിജീവിതരെ വാത്സല്യത്തോടെ സ്വീകരിച്ച മുഖ്യമന്ത്രി അവർക്ക് വേണ്ട പിന്തുണയും ആത്മവിശ്വാസവും നൽകി. ഈ വൈകാരിക നിമിഷത്തെക്കുറിച്ച് മന്ത്രി വീണാ ജോർജ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിവരങ്ങൾ പങ്കുവെച്ചത്.
നിർഭയ ഹോമുകളിൽ കഴിയുന്ന പെൺകുട്ടികൾക്ക് ജീവിതത്തിൽ പുതിയ പ്രതീക്ഷയും കരുത്തും നൽകുന്നതിനായി നാല് വർഷം മുൻപാണ് സർക്കാർ തൊഴിൽ നൈപുണ്യ പരിശീലനം ആരംഭിച്ചത്. വനിതാ-ശിശു വികസന വകുപ്പിന്റെ സ്റ്റേറ്റ് നിർഭയ സെല്ലിന് കീഴിലുള്ള തേജോമയ ഹോം, മോഡൽ ഹോം എന്നിവിടങ്ങളിലെ കുട്ടികൾക്കാണ് ഇത്തരത്തിൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നൽകിവരുന്നത്. അതിജീവിതരുടെ അതിജീവനത്തിന് കരുത്തുപകരുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
Also Read: വോട്ടർപ്പട്ടികയിൽ; 21,000 പേർ പുറത്ത്; ആശങ്കയകറ്റാൻ ‘നേറ്റിവിറ്റി കാർഡുമായി’ കേരളം
അതിജീവിതർ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങളെ രണ്ട് വർഷം മുൻപ് ‘ഉയരെ’ എന്ന പേരിൽ സർക്കാർ ബ്രാൻഡ് ചെയ്തിരുന്നു. സാരികൾ, ബെഡ് ഷീറ്റുകൾ, കുക്കീസ്, കേക്കുകൾ തുടങ്ങി നിരവധി ഉൽപ്പന്നങ്ങളാണ് ഇവർ നിലവിൽ വിപണിയിലെത്തിക്കുന്നത്. സ്വയംതൊഴിലിലൂടെ ഈ പെൺകുട്ടികളെ സ്വയംപര്യാപ്തരാക്കാനും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരികെ കൊണ്ടുവരാനുമാണ് ഈ ബ്രാൻഡിംഗിലൂടെ സർക്കാർ ശ്രമിക്കുന്നത്.






