വൈദ്യുതക്കരാറിൽ സർക്കാർ–കെ.എസ്.ഇ.ബി. നേർക്കുനേർ; ‘ലാഭ’മെന്ന് മുഖ്യമന്ത്രി, ‘വന്‍ നഷ്ട’മെന്ന് ബോർഡ്!

വൈദ്യുതി അളവിലും വിലയിലും ബോർഡ് ചൂണ്ടിക്കാട്ടുന്നത് മറ്റൊരു പ്രശ്നമാണ്

വൈദ്യുതക്കരാറിൽ സർക്കാർ–കെ.എസ്.ഇ.ബി. നേർക്കുനേർ; ‘ലാഭ’മെന്ന് മുഖ്യമന്ത്രി, ‘വന്‍ നഷ്ട’മെന്ന് ബോർഡ്!
വൈദ്യുതക്കരാറിൽ സർക്കാർ–കെ.എസ്.ഇ.ബി. നേർക്കുനേർ; ‘ലാഭ’മെന്ന് മുഖ്യമന്ത്രി, ‘വന്‍ നഷ്ട’മെന്ന് ബോർഡ്!

വൈദ്യുതി പ്രതിസന്ധിക്കിടെ കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ലഭിക്കുമെന്ന വാഗ്ദാനം വന്നാൽ അത് സംസ്ഥാനത്തിന് നേട്ടമാകുമെന്നായിരിക്കും സാധാരണക്കാരുടെ പ്രതീക്ഷ. എന്നാൽ യൂണിറ്റിന് 8.63 രൂപയ്ക്ക് വൈദ്യുതി നൽകാമെന്ന സ്വകാര്യ കമ്പനിയുടെ വാഗ്ദാനത്തിന് പിന്നിൽ അധികബാധ്യതയും നിയമപ്രശ്നങ്ങളും ഉണ്ടാകുമെന്നാണ് കെ.എസ്.ഇ.ബി.യുടെ മുന്നറിയിപ്പ്. സ്വകാര്യ ഓൺലൈൻ വൈദ്യുതി വ്യാപാര പ്ലാറ്റ്ഫോമായ ജി.എൻ.എ. എനർജിയിൽനിന്ന് വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാദങ്ങളും കെ.എസ്.ഇ.ബി.യുടെ നിലപാടും തമ്മിലുള്ള ഭിന്നതയാണ് ഇപ്പോൾ ചർച്ചയാകുന്നത്.

സെപ്റ്റംബറിൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടിവന്നതോടെയാണ് പ്രതിസന്ധി പരിഹരിക്കാനുള്ള നീക്കങ്ങൾ ശക്തമായത്. കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ ഇടപെടലിൽ ഹിമാചൽപ്രദേശിൽനിന്ന് യൂണിറ്റിന് 20 രൂപ നിരക്കിൽ വൈദ്യുതി എത്തിക്കാൻ ശ്രമം നടന്നിരുന്നു. എന്നാൽ വൈദ്യുതി ആവശ്യമില്ലാത്ത പകൽ സമയത്തും ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടിവരുന്നതിനാൽ യഥാർത്ഥ ബാധ്യത യൂണിറ്റിന് 30 രൂപയ്ക്ക് മുകളിലെത്തുമെന്ന വിലയിരുത്തലിൽ ആ നീക്കം വേണ്ടെന്നുവെച്ചതായി മുഖ്യമന്ത്രി അറിയിച്ചിരുന്നു. പിന്നീട് വൈദ്യുതി ലഭ്യത ഉറപ്പാക്കാൻ കെ.എസ്.ഇ.ബി. ഡയറക്ടർമാർ ഹിമാചൽ പവർ കോർപ്പറേഷനുമായി ചർച്ച നടത്തി. ഇതിന്റെ അടിസ്ഥാനത്തിൽ ഒക്ടോബറിൽ പവർ ട്രേഡിങ് കോർപ്പറേഷൻ വഴി യൂണിറ്റിന് 14.5 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാൻ തീരുമാനിച്ചു. മേയ് മാസംവരെ വൈദ്യുതി നൽകാൻ ഹിമാചൽ തയ്യാറായിരുന്നുവെന്നും ഈ നീക്കത്തിലൂടെ സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനായെന്നുമാണ് റിപ്പോർട്ട്.

Also Read: ബാർ ലൈസൻസിൽ ഇനി ഉദ്യോഗസ്ഥ അപ്രമാദിത്വം നടപ്പില്ല! തന്നിഷ്ടത്തിന് കടിഞ്ഞാണിടാൻ കടുത്ത നടപടികൾ

ഇതിനിടെയാണ് സ്വകാര്യ ഓവർ ദ കൗണ്ടർ വ്യാപാര പ്ലാറ്റ്ഫോമായ ജി.എൻ.എ. എനർജി രംഗത്തെത്തിയത്. യൂണിറ്റിന് 8.63 രൂപ നിരക്കിൽ മാർച്ചുവരെ പകലും രാത്രിയും 500 മെഗാവാട്ട് വൈദ്യുതി നൽകാമെന്നായിരുന്നു കമ്പനിയുടെ വാഗ്ദാനം. എന്നാൽ ഈ കമ്പനി സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിക്കുന്നില്ല. വിവിധ വൈദ്യുതി ഉത്പാദന കമ്പനികളുടെ വൈദ്യുതി വിൽക്കുന്നതിനുള്ള ഇടനില പ്ലാറ്റ്ഫോമായാണ് പ്രവർത്തിക്കുന്നത്. നിലവിലെ കരാറിൽ യൂണിറ്റിന് 15 പൈസ പ്ലാറ്റ്ഫോം ഫീസും നൽകണം. കെ.എസ്.ഇ.ബി. പോലുള്ള വൈദ്യുതി വിതരണ ഏജൻസികൾക്ക് ഇത്തരം പ്ലാറ്റ്ഫോമുകളിൽനിന്ന് നേരിട്ട് വൈദ്യുതി വാങ്ങാൻ കേന്ദ്ര വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ നിയമപരമായ അനുമതിയില്ലെന്നാണ് ബോർഡ് സർക്കാരിനെ അറിയിച്ചത്.

വൈദ്യുതി വാങ്ങുന്നതിന് കെ.എസ്.ഇ.ബി. ടെൻഡർ വിളിക്കുകയോ റെഗുലേറ്ററി കമ്മീഷൻ നിശ്ചയിച്ച നിരക്കിൽ ഉഭയകക്ഷി കരാറിൽ ഏർപ്പെടുകയോ വേണം. അടിയന്തര സാഹചര്യങ്ങളിൽ കേന്ദ്ര നിയന്ത്രണത്തിലുള്ള പവർ എക്സ്ചേഞ്ചിൽനിന്നും വൈദ്യുതി വാങ്ങാം. എന്നാൽ ഒരു സ്വകാര്യ ഏജൻസിയും ബോർഡും തമ്മിലുള്ള നേരിട്ടുള്ള വാങ്ങൽ നിയമപരമായി നിലനിൽക്കില്ലെന്നും കമ്മിഷന്റെ അനുമതി ലഭിക്കില്ലെന്നുമാണ് കെ.എസ്.ഇ.ബി. കൊമേഴ്‌സ്യൽ ആൻഡ് താരിഫ് വിഭാഗം ചീഫ് എൻജിനിയർ തയ്യാറാക്കിയ കുറിപ്പിലെ പ്രധാന വാദം. ഈ കുറിപ്പാണ് അന്നത്തെ കെ.എസ്.ഇ.ബി. ചെയർമാൻ ഡോ. എം.ജി. രാജമാണിക്യം സർക്കാരിന് കൈമാറിയത്. പിന്നാലെയാണ് അദ്ദേഹത്തിന്റെ സ്ഥാനമാറ്റം ഉണ്ടായത്.

വൈദ്യുതി അളവിലും വിലയിലും ബോർഡ് ചൂണ്ടിക്കാട്ടുന്നത് മറ്റൊരു പ്രശ്നമാണ്. ഹിമാചലിൽനിന്ന് ലഭിക്കുന്ന വൈദ്യുതി 88.41 കോടി യൂണിറ്റാണെങ്കിൽ ജി.എൻ.എ. എനർജിയുടെ വാഗ്ദാനം 181.2 കോടി യൂണിറ്റാണ്. ഇത്രയും വൈദ്യുതി പകലും രാത്രിയും ഒരേ നിരക്കിൽ വാങ്ങേണ്ട സാഹചര്യമില്ലെന്നാണ് കെ.എസ്.ഇ.ബി.യുടെ നിലപാട്. അതായത് കുറഞ്ഞ യൂണിറ്റ് നിരക്കെന്ന വാഗ്ദാനം മാത്രം നോക്കി കരാറിൽ ഏർപ്പെടുന്നത് സംസ്ഥാനത്തിന് അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നാണ് ബോർഡിന്റെ മുന്നറിയിപ്പ്. മുഖ്യമന്ത്രിയുടെ ലാഭകരമെന്ന വാദവും കെ.എസ്.ഇ.ബി.യുടെ നിയമപരവും സാമ്പത്തികവുമായ ആശങ്കകളും തമ്മിലുള്ള ഈ തർക്കം വൈദ്യുതി കരാറിന്റെ സുതാര്യതയെയും സംസ്ഥാനത്തിന്റെ സാമ്പത്തിക താൽപര്യങ്ങളെയും കുറിച്ചുള്ള നിർണായക ചോദ്യങ്ങളാണ് ഉയർത്തുന്നത്.

Share Email
Top