പ്രായമായവരിലാണ് അൽഷിമേഴ്‌സ് പോലുള്ള ന്യൂറോജനറേറ്റീവ് രോഗങ്ങൾ പിടിപെടാൻ സാധ്യത കൂടുതൽ. പ്രായം കൂടുന്തോറും തലച്ചോറിലെ ഗ്രേ, വൈറ്റ് മാറ്ററുകൾ നഷ്ടപ്പെടുന്നത് സ്വാഭാവികമാണ്. പുരുഷന്മാരുടെ തലച്ചോറാണ് വേഗത്തിൽ ചുരുങ്ങുന്നതെങ്കിലും, അൽഷിമേഴ്‌സ് രോഗം കൂടുതലായി ബാധിക്കുന്നത് സ്ത്രീകളെയാണ്. ഈ വൈരുധ്യത്തെക്കുറിച്ച് പഠനങ്ങൾ നടക്കുന്നതിനിടയിലാണ് ഗവേഷക ലോകത്തിന് ആശ്വാസമേകുന്ന സുപ്രധാന കണ്ടെത്തലുണ്ടായിരിക്കുന്നത്.
പ്രതിരോധ കോശങ്ങൾ തലച്ചോറിന് രക്ഷ
തലച്ചോറിൽ പ്രത്യേക പ്രതിരോധ കോശങ്ങളെ ഗവേഷകർ തിരിച്ചറിഞ്ഞിരിക്കുന്നു. ഈ കോശങ്ങൾക്ക് അൽഷിമേഴ്‌സ് രോഗം വരാനുള്ള സാധ്യത കുറയ്ക്കാൻ കഴിയുമെന്നാണ് ശാസ്ത്രലോകം വിശദീകരിക്കുന്നത്.
. ഈ മൈക്രോഗ്ലിയ കോശങ്ങൾ തലച്ചോറിലെ വീക്കം (Inflammation) കുറയ്ക്കുന്നു.
. ഹാനികരമായ അമിലോയിഡ് പ്ലക്കുകൾ അടിഞ്ഞുകൂടുന്നത് പ്രതിരോധിക്കുന്നു.
. രോഗത്തിലേക്ക് നയിക്കുന്ന വിഷാംശമുള്ള ടൗ പ്രോട്ടീനുകൾ പടരുന്നത് തടസ്സപ്പെടുത്തുന്നു.
. ഇവ ഓർമകളെയും തലച്ചോറിന്റെ ആരോഗ്യത്തെയും സംരക്ഷിക്കുന്നതായും ഗവേഷകർ കണ്ടെത്തി.
പ്രോട്ടീനുകളുടെ പങ്ക് നിർണ്ണായകം
തലച്ചോറിൽ കാണപ്പെടുന്ന PU.1 എന്ന പ്രോട്ടീനാണ് ഏത് ജീനുകളാണ് പ്രവർത്തിക്കേണ്ടതെന്നോ നിശബ്ദമാകേണ്ടതെന്നോ തീരുമാനിക്കുന്നത്.
ഈ പ്രോട്ടീന്റെ അളവ് കുറവുള്ള മൈക്രോഗ്ലിയകളും, പ്രതിരോധ കോശങ്ങളുടെ പ്രവർത്തനത്തെ സഹായിക്കുന്ന CD28 റിസപ്റ്ററുകളും (T-സെല്ലുകളിൽ കാണപ്പെടുന്നു) തലച്ചോറിലെ വീക്കം കുറയ്ക്കാൻ സഹായിക്കുമെന്ന് ഗവേഷകർ ഉറപ്പിച്ചു.
എലിയിലെ പരീക്ഷണം വിജയം
എലികളിൽ നടത്തിയ പഠനത്തിൽ, ഈ പ്രതിരോധ കോശങ്ങൾ തലച്ചോറിലെ വീക്കം നന്നായി കുറയ്ക്കുകയും ഓർമകൾ നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നതായി കണ്ടെത്തി. CD28 റിസപ്റ്റർ നീക്കം ചെയ്തപ്പോൾ വീക്കം കൂടുകയും പ്ലാക്കിന്റെ വളർച്ച തീവ്രമാകുകയും ചെയ്യുന്നതായും പഠനം തെളിയിച്ചു.
അതുകൊണ്ട്, മൈക്രോഗ്ലിയയെ കേവലം പ്രതിരോധ പ്രവർത്തനം നടത്തുന്ന കോശങ്ങളായി കാണാനാവില്ലെന്നും, അവയെ ‘തലച്ചോറിൻ്റെ സംരക്ഷകർ’ എന്ന് വിശേഷിപ്പിക്കണമെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു. ഈ കണ്ടെത്തൽ അൽഷിമേഴ്‌സ് ചികിത്സാരംഗത്ത് ഒരു വലിയ വഴിത്തിരിവാകുമെന്നാണ് പ്രതീക്ഷ.






