സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധനവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് താഴ്ന്ന സ്വർണവില, ഒറ്റയടിക്ക് 1,560 രൂപ വർധിച്ചാണ് തിരിച്ചു വന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,10,960 രൂപയായി ഉയർന്നു. ഇന്നലെ 1,09,400 രൂപയായിരുന്നു വിപണി വില. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണവിലയിൽ വലിയ രീതിയിലുള്ള ഏറ്റക്കുറച്ചിലുകളാണ് പ്രകടമാകുന്നത്. മെയ് നാലിന് പവൻ വില 1.10 ലക്ഷത്തിന് മുകളിൽ പോയെങ്കിലും പിന്നീട് താഴ്ന്ന നിലയിലായിരുന്നു. എന്നാൽ ആശ്വാസം അധികം നീണ്ടുനിൽക്കാതെ വില വീണ്ടും കുതിച്ചുയരുകയായിരുന്നു.
വില വർധനവ് സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 13,870 രൂപയാണ് വില. ഇന്നലെ ഇത് 13,675 രൂപയായിരുന്നു. വിപണിയിലെ ഈ അപ്രതീക്ഷിത മാറ്റങ്ങൾ സാധാരണക്കാർക്കും നിക്ഷേപകർക്കും ഒരുപോലെ തിരിച്ചടിയാവുകയാണ്. വരും ദിവസങ്ങളിലും വിപണിയിൽ ഇത്തരം അസ്ഥിരത തുടരാൻ സാധ്യതയുള്ളതിനാൽ സ്വർണം വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ ജാഗ്രതയോടെയാണ് വിപണിയെ നോക്കിക്കാണുന്നത്.






