സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 70 രൂപയും ഒരു പവന് 560 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 13,245 രൂപയും, ഒരു പവൻ സ്വർണത്തിന് 1,05,960 രൂപയുമാണ് വിപണി നിരക്ക്. അതേസമയം, വെള്ളി വിലയിൽ നേരിയ വർധനവുണ്ടായി. ഒരു ഗ്രാം വെള്ളിക്ക് 245 രൂപയും, 10 ഗ്രാം വെള്ളിക്ക് 2,450 രൂപയുമാണ് ഇന്നത്തെ വ്യാപാര നിരക്ക്. കേരള ഗോൾഡ് മെർച്ചന്റ്സ് അസോസിയേഷനാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.
സ്വർണവിലയിലെ ഈ ഇടിവ് താത്കാലികമാണോ എന്ന ആശങ്കയിലാണ് വിപണി. അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാർ ലംഘിക്കപ്പെട്ടതോടെ പശ്ചിമേഷ്യ വീണ്ടും വലിയ യുദ്ധഭീതിയിലാണ്. ഹോർമുസ് കടലിടുക്കിൽ വെച്ച് ചരക്കുകപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്നാരോപിച്ച്, ബുധനാഴ്ച പുലർച്ചെ അമേരിക്ക ഇറാനിലെ പ്രധാന സൈനിക കേന്ദ്രങ്ങളിൽ അതിശക്തമായ വ്യോമാക്രമണം നടത്തിയിരുന്നു. ഇതിന് മറുപടിയായി അമേരിക്കയുടെ അത്യാധുനിക ‘MQ-9’ ഡ്രോൺ വെടിവെച്ചിട്ടതായി ഇറാനും അവകാശപ്പെട്ടു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഈ സംഘർഷം അന്താരാഷ്ട്ര വിപണികളിൽ വലിയ അനിശ്ചിതത്വം സൃഷ്ടിച്ചിട്ടുണ്ട്. ആഗോളതലത്തിലുണ്ടാകുന്ന ഈ രാഷ്ട്രീയ പ്രതിസന്ധികൾ വരുംദിവസങ്ങളിൽ സ്വർണവിലയിൽ വലിയ മാറ്റങ്ങൾക്ക് കാരണമായേക്കുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ.






