സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. ഒരു പവന് ഇന്ന് 200 രൂപ കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 95,480 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 11,935 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. 24 കാരറ്റ് ഒരു ഗ്രാം സ്വർണ്ണത്തിന് 13,020 രൂപയാണ് വില. 18 കാരറ്റ് ഒരു ഗ്രാം സ്വർണ്ണത്തിന് 9,765 രൂപയാണ് വില.
റെക്കോർഡ് വിലയായ ഒക്ടോബർ 17-ന് രേഖപ്പെടുത്തിയ 97,360 രൂപയിലേക്ക് അടുക്കുന്നതിനിടയിലാണ് ഇന്ന് സ്വർണ്ണവില കുറഞ്ഞിരിക്കുന്നത്. ആഗോള വിപണിയിലെ മാറ്റങ്ങളാണ് പ്രധാനമായും രാജ്യത്തെ വിപണിയിൽ പ്രതിഫലിക്കുന്നത്.
Also Read: ഓഹരി വിപണി ഇന്ന്; നിഫ്റ്റിക്കും സെൻസെക്‌സിനും ഫ്ലാറ്റ് ഓപ്പണിംഗ്
ആഗോള വിപണിയിൽ കുതിച്ചുയർന്ന് സ്വർണ്ണം
സംസ്ഥാനത്ത് സ്വർണ്ണവില കുറഞ്ഞെങ്കിലും, രാജ്യാന്തര വിപണിയിൽ സ്വർണ്ണവില വലിയ തോതിൽ ഉയർന്നിട്ടുണ്ട്. അമേരിക്കൻ ഫെഡറൽ ബാങ്ക് പലിശ നിരക്ക് കുറയ്ക്കാൻ പോകുന്നു എന്ന സൂചനയാണ് സ്വർണ്ണവില കൂടാൻ ഒരു പ്രധാന കാരണം. ഡിസംബർ പത്തിനാണ് അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ നിർണായക യോഗം നടക്കുന്നത്. ഇതിനുപുറമെ, അമേരിക്കൻ ഡോളർ മൂല്യം കുറയുന്നതും സ്വർണ്ണവില വർദ്ധിക്കുന്നതിന് കാരണമാകുന്നുണ്ട്. ആഗോളതലത്തിൽ സ്വർണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ, വരും ദിവസങ്ങളിൽ ആഭ്യന്തര വിപണിയിലും വില വീണ്ടും റെക്കോർഡിലേക്ക് അടുക്കാൻ സാധ്യതയുണ്ട്.






