അയോധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിൽ വിശ്വഹിന്ദു പരിഷത്ത് ഉപാധ്യക്ഷന്‍ ചമ്പത് റായിയുടെ പങ്ക് കൂടുതൽ വ്യക്തമാക്കുന്ന വെളിപ്പെടുത്തലുമായി മുൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി എസ്. ലക്ഷ്മി നാരായണൻ. അഞ്ചുകോടി രൂപ വിലമതിക്കുന്ന, സ്വർണ്ണത്തിൽ തീർത്ത രാമചരിത മാനസം ചമ്പത് റായിയുടെ നേരിട്ടുള്ള അറിവോടെ ക്ഷേത്രത്തിലേക്ക് വഴിപാടായി നൽകിയിരുന്നെന്നും എന്നാൽ ഇപ്പോൾ ഇതിനെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നുമാണ് അദ്ദേഹം പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകിയത്.
തനിക്ക് ഒന്നും അറിയില്ലെന്ന് പറഞ്ഞ് അന്വേഷണത്തിൽ നിന്ന് തലയൂരാൻ ശ്രമിക്കുന്ന ചമ്പത് റായിക്ക് വലിയ തിരിച്ചടിയാണ് മുൻ ഉന്നത ഉദ്യോഗസ്ഥന്റെ ഈ ഔദ്യോഗിക പരാതി. പ്രാണപ്രതിഷ്ഠയ്ക്ക് തൊട്ടുപിന്നാലെ 2024 ഏപ്രിലിലാണ് 151 കിലോ തൂക്കം വരുന്ന സ്വർണ്ണ രാമചരിത മാനസം എസ്. ലക്ഷ്മി നാരായണൻ വഴിപാടായി സമർപ്പിച്ചത്. തന്റെ ജീവിതകാലത്തെ സമ്പാദ്യം മുഴുവൻ ക്ഷേത്രത്തിനായി നൽകിയ അദ്ദേഹത്തെ ആർ.എസ്.എസ് മുഖപത്രമായ ഓർഗനൈസർ പ്രത്യേക ലേഖനത്തിലൂടെ അന്ന് പ്രകീർത്തിച്ചിരുന്നു. പ്രതിഷ്ഠയ്ക്ക് സമീപം ഈ പവിത്ര ഗ്രന്ഥം സൂക്ഷിക്കണമെന്ന ഒരൊറ്റ ആവശ്യമേ ഞാൻ ചമ്പത് റായിക്ക് മുന്നിൽ വെച്ചിരുന്നുള്ളൂ. എന്നാൽ പിന്നീട് ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ, കിട്ടുന്ന സംഭാവനകളെല്ലാം വിഗ്രഹത്തിന് ചുറ്റും വെക്കാൻ കഴിയില്ലെന്ന നിഷേധാത്മക നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. വഴിപാടിന് ഔദ്യോഗിക രസീത് നൽകാനും ട്രസ്റ്റ് തയ്യാറായില്ല എന്ന് ലക്ഷ്മി നാരായണൻ വ്യക്തമാക്കി. ക്ഷേത്രത്തിലെ സ്വർണ്ണവും പണവും കാണാതായത് സംബന്ധിച്ച വിവാദങ്ങൾ ഉയർന്നതോടെയാണ് മുൻ ആഭ്യന്തര സെക്രട്ടറി പോലീസിലും എസ്‌ഐടിയിലും പരാതി നൽകാൻ തയ്യാറായത്.
Also Read: സ്നാപ്ചാറ്റ് കാമുകിയെ കാണാൻ അതിർത്തി കടന്ന് പാക് യുവാവ്! പിടികൂടി ഉപദേശവും നൽകി മടക്കി അയച്ച് ഇന്ത്യ
ശക്തമായ മൊഴികളും തെളിവുകളും പുറത്തുവന്നിട്ടും ചമ്പത് റായി ഉൾപ്പെടെയുള്ള ട്രസ്റ്റ് ഭാരവാഹികൾക്കെതിരെ പോലീസ് ഇതുവരെ കേസെടുത്തിട്ടില്ലെന്നത് വലിയ ചർച്ചയാകുന്നുണ്ട്. കേസിലെ പ്രധാന പ്രതികളായ ടിന്നു യാദവ്, അവിനാശ് ശുക്ല എന്നിവരുടെ ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ ട്രസ്റ്റ് ഭാരവാഹികളുടെ ഇടപെടലുകൾ വ്യക്തമാക്കുന്ന ഡിജിറ്റൽ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇതിന് പുറമെ, തർക്കത്തിലുള്ള ഭൂമി പോലും കോടികൾ കൊടുത്ത് ട്രസ്റ്റ് വാങ്ങിയതായും ഭൂമി ഇടപാടുകളിൽ വൻ ക്രമക്കേട് നടന്നതായും കണ്ടെത്തിയിട്ടുണ്ട്. വിവാദങ്ങൾക്കിടയിലും പ്രതിരോധ തന്ത്രങ്ങളുമായി വിഎച്ച്പി രംഗത്തുണ്ട്.
ക്ഷേത്രത്തിനെതിരെ ആരോപണം ഉന്നയിച്ച പ്രിയങ്ക ഗാന്ധി, അരവിന്ദ് കെജ്‌രിവാൾ തുടങ്ങിയ പ്രതിപക്ഷ നേതാക്കളെ വിളിച്ചുവരുത്തി തെളിവ് ശേഖരിക്കണമെന്ന ആവശ്യവുമായി വിഎച്ച്പി അധ്യക്ഷൻ അലോക് കുമാർ അയോധ്യ ഡിഎസ്‌പിക്ക് കത്ത് നൽകി. രാഷ്ട്രീയ നേതാക്കൾ തെളിവില്ലാതെയാണ് സംസാരിക്കുന്നതെന്നാണ് വിഎച്ച്പിയുടെ വാദം. അതേസമയം, വിവാദം കത്തുന്ന സാഹചര്യത്തിൽ നാളെ അയോധ്യയിൽ ക്ഷേത്ര ട്രസ്റ്റിന്റെ നിർണ്ണായക യോഗം ചേരും. പ്രതിസന്ധിയിലായ ചമ്പത് റായി യോഗത്തിൽ പങ്കെടുത്തേക്കില്ലെന്നാണ് സൂചനകൾ. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഈ വിവാദത്തോട് പ്രതികരിക്കാൻ ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് വിസമ്മതിച്ചു.






