കംപ്രസ്ഡ് ബയോഗ്യാസ് (CBG) ഉൽപ്പാദനം പതിന്മടങ്ങ് വർദ്ധിപ്പിക്കുന്നതിനും, മാലിന്യ നിർമ്മാർമ്മനം മെച്ചപ്പെടുത്തുന്നതിനുമായി 23,731 കോടി രൂപയുടെ ‘ഗോബർധൻ’ (GOBARdhan) പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അനുമതി നൽകി. ഇറക്കുമതി ചെയ്യുന്ന ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും ഗ്രാമീണ മേഖലയിൽ പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കാനും ലക്ഷ്യമിട്ടാണ് ഈ ബൃഹദ് പദ്ധതി നടപ്പിലാക്കുന്നത്.
വ്യാഴാഴ്ച ഡെൽഹിയിൽ നടന്ന മന്ത്രിസഭാ യോഗത്തിന് ശേഷം വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവാണ് പദ്ധതിയുടെ വിശദാംശങ്ങൾ പുറത്തുവിട്ടത്. 2026-27 സാമ്പത്തിക വർഷം മുതൽ 2035-36 സാമ്പത്തിക വർഷം വരെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. കാർഷിക അവശിഷ്ടങ്ങൾ, ചാണകം, പ്രസ് മഡ്, മുനിസിപ്പൽ ജൈവമാലിന്യങ്ങൾ എന്നിവയെല്ലാം ഉപയോഗിച്ച് ശുദ്ധമായ ഇന്ധനവും ജൈവവളവും ഉൽപ്പാദിപ്പിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഇതിലൂടെ രാജ്യത്തിന്റെ കംപ്രസ്ഡ് ബയോഗ്യാസ് ഉൽപ്പാദന ശേഷി പതിന്മടങ്ങ് വർദ്ധിപ്പിക്കാൻ സാധിക്കുമെന്ന് സർക്കാർ വ്യക്തമാക്കുന്നു.
ALSO READ;ഈ വർഷം മാത്രം ചെലവിട്ടത് 75 കോടി രൂപ! പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രാ കണക്കുകൾ പുറത്ത്
പദ്ധതിയുടെ ഭാഗമായി പ്രകൃതിവാതക വിതരണ ശൃംഖലകൾ വഴി സി.ബി.ജി സംഭരണം ഉറപ്പാക്കും. 2026-27-ൽ 3 ശതമാനവും, 2027-28-ൽ 4 ശതമാനവും, 2028-29 മുതൽ 5 ശതമാനവും എന്ന നിലയിൽ മിശ്രണ ലക്ഷ്യങ്ങളാണ് സർക്കാർ നിശ്ചയിച്ചിരിക്കുന്നത്. നിർമ്മാതാക്കൾക്ക് ദീർഘകാല വരുമാന സ്ഥിരത ഉറപ്പാക്കാനായി മെട്രിക് മില്യൺ ബ്രിട്ടീഷ് തെർമൽ യൂണിറ്റിന് (MMBTU) 2,110 രൂപ നിരക്കിൽ വിലയും നിശ്ചയിച്ചിട്ടുണ്ട്. കൂടാതെ, അർഹമായ ഗ്രീൻഫീൽഡ് പദ്ധതികൾക്ക് ഒരു ടണ്ണിന് 2 കോടി രൂപ വരെ മൂലധന സഹായവും, എം.എസ്.എം.ഇ പദ്ധതികൾക്കായി പ്രത്യേക ക്രെഡിറ്റ് ഗ്യാരണ്ടി സംവിധാനവും ഒരുക്കിയിട്ടുണ്ട്.
രാജ്യത്തെ ഹരിത ഊർജ്ജ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനൊപ്പം കർഷകർക്കും ഗ്രാമീണ സംരംഭകർക്കും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഈ പദ്ധതി സഹായകരമാകും. കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്നതിലും ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ കുറയ്ക്കുന്നതിലും ഇന്ത്യയുടെ സുപ്രധാന ചുവടുവെപ്പായിട്ടാണ് ഗോബർധൻ പദ്ധതി വിലയിരുത്തപ്പെടുന്നത്.






