ആടുജീവിതം ലോകം കണ്ട ഏറ്റവും മികച്ച സര്‍വൈവല്‍ ത്രില്ലറുകളില്‍ ഒന്ന്; പുലിയുടെ സംവിധായകന്‍ ചിമ്പു ദേവന്‍

ആടുജീവിതം ലോകം കണ്ട ഏറ്റവും മികച്ച സര്‍വൈവല്‍ ത്രില്ലറുകളില്‍ ഒന്ന്; പുലിയുടെ സംവിധായകന്‍ ചിമ്പു ദേവന്‍

ടുജീവിതത്തെ പ്രശംസിച്ച് തമിഴ് സംവിധായകന്‍ ചിമ്പു ദേവന്‍. ലോകം കണ്ട ഏറ്റവും മികച്ച സര്‍വൈവല്‍ ത്രില്ലറുകളില്‍ ഒന്നാണ് ആടുജീവിതം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സിനിമയുടെ ആഖ്യാനം അതിഗംഭീരമാണെന്നും അദ്ദേഹം സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു. ‘വിസ്മയിപ്പിക്കുന്ന സിനിമ! ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സര്‍വൈവല്‍ ത്രില്ലറാണിത്. മികച്ച ആഖ്യാനം. പൃഥ്വിയുടെ അഭിനയ മികവും സാങ്കേതിക വൈദഗ്ധ്യവുമാണ് ചിത്രത്തിന്റെ മേന്മ. പെട്ടെന്നൊന്നും മനസ്സില്‍ നിന്നും പോവില്ല. അഭിനന്ദനങ്ങള്‍,’ ചിമ്പു ദേവന്‍ കുറിച്ചു. വിജയ് ചിത്രം പുലിയുടെ സംവിധായകനാണ് ചിമ്പു ദേവന്‍.

അതേസമയം ആടുജീവിതം ആഗോളതലത്തില്‍ 75 കോടിയിലധികം കളക്ഷനുമായി മുന്നേറുകയാണ്. അഞ്ച് ദിവസം കൊണ്ടാണ് സിനിമ 75 കോടി ക്ലബില്‍ ഇടം നേടിയത്. വാരാന്ത്യത്തില്‍ നേടിയ കളക്ഷന്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളിലും തുടരാന്‍ ആടുജീവിതത്തിന് സാധിക്കുന്നുണ്ട്. ഈ കുതിപ്പ് തുടരുകയാണെങ്കില്‍ എട്ട് ദിവസം കൊണ്ട് 100 കോടി ക്ലബില്‍ ഇടം നേടാന്‍ സാധിക്കുമെന്നാണ് അനലിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നത്. 82 കോടി രൂപ ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കൊവിഡ് അടക്കമുള്ള കാരണങ്ങളാല്‍ ചിത്രീകരണം നീണ്ടുപോയതാണ് ബജറ്റ് ഉയരാന്‍ കാരണമായത്. എന്നിരുന്നാലും അടുത്ത ദിവസങ്ങളില്‍ തന്നെ ആടുജീവിതം ലാഭത്തുകയിലേക്കെത്തുമെന്നതില്‍ സംശയമില്ല.

ബ്ലെസി സംവിധാനം ചെയ്യുന്ന സിനിമയില്‍ സൗദി അറേബ്യയിലെ ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. 160ന് മുകളില്‍ ദിവസങ്ങളാണ് ആടുജീവിതത്തിന്റെ ചിത്രീകരണത്തിന് വേണ്ടി വന്നത്. എആര്‍ റഹ്‌മാന്‍ സംഗീതം ഒരുക്കിയ സിനിമയുടെ ശബ്ദമിശ്രണം റസൂല്‍ പൂക്കുട്ടിയാണ് നിര്‍വഹിച്ചിരിക്കുന്നത്. വിഷ്വല്‍ റൊമാന്‍സിന്റെ ബാനറില്‍ എത്തുന്ന ചിത്രത്തില്‍ ജിമ്മി ജീന്‍ ലൂയിസ് (ഹോളിവുഡ് നടന്‍), കെ ആര്‍ ഗോകുല്‍, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അല്‍ ബലൂഷി, റിക്കബി എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുനില്‍ കെ എസ് ആണ് ഛായാഗ്രഹണം, എഡിറ്റിങ് ശ്രീകര്‍ പ്രസാദ്.

Top