ജിഡിപിയുടെ ഇരട്ടി കടവുമായി ലോകത്തിലെ വൻശക്തികൾ! സമ്പന്ന രാഷ്ട്രങ്ങൾ കടബാധ്യത കൊണ്ട് ബുദ്ധിമുട്ടുന്നത് എന്തുകൊണ്ട്?

കോവിഡ്-19 മഹാമാരിയുടെ സമയത്ത് സമ്പന്ന രാജ്യങ്ങൾ കടം കൂട്ടിയതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം

ജിഡിപിയുടെ ഇരട്ടി കടവുമായി ലോകത്തിലെ വൻശക്തികൾ! സമ്പന്ന രാഷ്ട്രങ്ങൾ കടബാധ്യത കൊണ്ട് ബുദ്ധിമുട്ടുന്നത് എന്തുകൊണ്ട്?
ജിഡിപിയുടെ ഇരട്ടി കടവുമായി ലോകത്തിലെ വൻശക്തികൾ! സമ്പന്ന രാഷ്ട്രങ്ങൾ കടബാധ്യത കൊണ്ട് ബുദ്ധിമുട്ടുന്നത് എന്തുകൊണ്ട്?

കടക്കെണി ഇന്ന് വ്യക്തിഗത തലത്തിൽ മാത്രമായി ഒതുങ്ങുന്ന ഒരു കാര്യമല്ല, space ലോകമെമ്പാടുമുള്ള സമ്പന്ന രാജ്യങ്ങളെയും അത് പിടിമുറുക്കിയിരിക്കുകയാണ്. ഒരു കാലത്ത് സാമ്പത്തിക ഭദ്രതയുടെ മാതൃകകളായി കണക്കാക്കപ്പെട്ടിരുന്ന പല വികസിത രാജ്യങ്ങളും നിലവിൽ തങ്ങളുടെ കടബാധ്യതകൾ മറികടക്കാൻ പാടുപെടുകയാണ്. ഫ്രാൻസിലെ രാഷ്ട്രീയ പ്രതിസന്ധി, ജപ്പാനിലെ റെക്കോർഡ് കടം-ജിഡിപി അനുപാതം, അമേരിക്കയിലെ അടച്ചുപൂട്ടൽ ഭീഷണി, ബ്രിട്ടനിലെ കടുപ്പമേറിയ ബജറ്റ് തിരഞ്ഞെടുപ്പുകൾ ഇതെല്ലാം തന്നെ ലോകമെമ്പാടുമുള്ള സാമ്പത്തിക സാഹചര്യത്തിന്റെ ഗുരുതരാവസ്ഥയാണ് സൂചിപ്പിക്കുന്നത്. കോവിഡ്-19 മഹാമാരിക്കാലത്ത് പ്രഖ്യാപിച്ച വലിയ സാമ്പത്തിക സഹായ പാക്കേജുകളാണ് ഈ കടം ക്രമാതീതമായി വർധിപ്പിച്ചതിന് പ്രധാന കാരണം. എന്നാൽ, പണപ്പെരുപ്പത്തെ നേരിടാൻ കേന്ദ്ര ബാങ്കുകൾ പലിശ നിരക്കുകൾ വർധിപ്പിക്കാൻ തുടങ്ങിയതോടെ, സർക്കാരുകൾക്ക് മുന്നിൽ തന്ത്രങ്ങൾ മെനയാനുള്ള വഴികൾ അടയുകയും, ലോകം ഒരു പുതിയ സാമ്പത്തിക അനിശ്ചിതത്വത്തിലേക്ക് നീങ്ങുകയും ചെയ്തിരിക്കുന്നു.

ഫ്രാൻസ്: രാഷ്ട്രീയ അനിശ്ചിതത്വവും ഉയർന്ന കടവും

ഫ്രാൻസിൽ, ജനപ്രീതിയില്ലാത്ത ചെലവുചുരുക്കൽ ബജറ്റ് പാസാക്കാൻ ശ്രമിക്കുന്നതിനിടെ പ്രധാനമന്ത്രിയുടെ രാജി ഒരു തുടർക്കഥയായി മാറിയിരിക്കുന്നു. ഒരു വർഷത്തിനിടെ അഞ്ചാമത്തെ പ്രധാനമന്ത്രിയാണ് രാജിവച്ചത്. പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ സർക്കാരിന് പാർലമെന്റിൽ പിന്തുണ നേടാൻ കഴിയാത്തതാണ് പ്രധാന പ്രശ്നം. മാത്രമല്ല ഫ്രാൻസിന്റെ ആകെ കടം $6.5 ട്രില്യൺ ഡോളറാണ്. കടം-ജിഡിപി അനുപാതം 113.11% ആണ്.

യൂറോപ്യൻ ഏജൻസികൾ ലക്ഷ്യമിടുന്ന 3% നെക്കാൾ വളരെ കൂടുതലാണ് ഫ്രാൻസിന്റെ ബജറ്റ് കമ്മി (ഏകദേശം 5.8%). അതേസമയം പൊതുചെലവ് വെട്ടിച്ചുരുക്കുന്നതിനെതിരെ യൂണിയനുകൾ പ്രതിഷേധത്തിലാണ്. കുറഞ്ഞ വിരമിക്കൽ പ്രായം 62-ൽ നിന്ന് 64 ആയി ഉയർത്തിയതിനെതിരെയും പ്രതിഷേധം ശക്തമാണ്. അതീവ സമ്പന്നർക്ക് ‘സുക്മാൻ നികുതി’ ചുമത്താൻ തീവ്ര ഇടതുപക്ഷം ആവശ്യപ്പെടുന്നുണ്ട്. പാർലമെന്റിലെ ഇടതുപക്ഷം, മധ്യപക്ഷം, തീവ്ര വലതുപക്ഷം എന്നീ വിഭാഗങ്ങൾ തമ്മിലുള്ള ഭിന്നത കാരണം നിർണായക സാമ്പത്തിക പരിഷ്കാരങ്ങൾ പാസാക്കാൻ കഴിയുന്നില്ല.

ജപ്പാൻ: ലോകത്തിലെ ഏറ്റവും വലിയ കടബാധ്യത

വികസിത രാജ്യങ്ങളിൽ ഏറ്റവും വലിയ കടബാധ്യതയുള്ളത് ജപ്പാനാണ്. ജനസംഖ്യാ വളർച്ച കുറയുന്നതും വാർദ്ധക്യം ഏറുന്നതും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ സാരമായി ബാധിക്കുന്നു. ജപ്പാന്റെ മൊത്തം കടം $11.1 ട്രില്യൺ ഡോളറാണ്. ഇത് ജിഡിപിയുടെ 250% ആണ്. മുൻ പ്രധാനമന്ത്രി ഷിഗെരു ഇഷിബ ഇതിനെ “ഗ്രീസിനേക്കാൾ മോശം”എന്ന് വിശേഷിപ്പിച്ചു. അടുത്ത സാമ്പത്തിക വർഷം ക്ഷേമ പരിപാടികൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കുമായി ജപ്പാൻ $831 ബില്യൺ ഡോളർ ചെലവഴിക്കാൻ പദ്ധതിയിടുന്നു. ഇത് കടം വീണ്ടും വർധിപ്പിക്കും.

പലിശ നിരക്ക് കുറച്ചു നിർത്തിയാൽ യെന്നിന്റെ മൂല്യം ഇടിയുകയും പണപ്പെരുപ്പം കൂടുകയും ചെയ്യും. എന്നാൽ, പലിശ നിരക്ക് വർധിപ്പിച്ചാൽ രാജ്യത്തിന്റെ കടത്തിന്റെ സുസ്ഥിരത കൂടുതൽ ഭീഷണിയിലാകും. ഈ ‘കാച്ച്-22’ അവസ്ഥയിൽ ജപ്പാൻ ചെലവ് കുറയ്ക്കുകയോ നികുതി ഉയർത്തുകയോ ചെയ്യണമെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു.

അമേരിക്കൻ ഐക്യനാടുകൾ: അടച്ചുപൂട്ടൽ ഭീഷണിയും കമ്മി വർധനയും

അമേരിക്കയുടെ കടം നിലവിൽ $58.8 ട്രില്യൺ ഡോളർ ആണ്. സർക്കാരും ഡെമോക്രാറ്റുകളും തമ്മിൽ അടച്ചുപൂട്ടലിനെച്ചൊല്ലി കടുത്ത പോരാട്ടമാണ് നടക്കുന്നത്. അമേരിക്കയുടെ കടം-ജിഡിപി അനുപാതം നിലവിൽ 121% ആണ്. പ്രസിഡന്റ് ട്രംപിന്റെ ‘ബിഗ് ബ്യൂട്ടിഫുൾ ബിൽ ‘ അടുത്ത ദശകത്തിൽ രാജ്യത്തിന്റെ കമ്മി $3 ട്രില്യൺ ഡോളറിലധികം വർധിപ്പിക്കുമെന്ന് വിദഗ്ധർ പറയുന്നു. 2050-ഓടെ കടം-ജിഡിപി അനുപാതം 200 ശതമാനത്തിലധികം വർധിക്കുമെന്ന് അമേരിക്കൻ ട്രഷറി മുന്നറിയിപ്പ് നൽകുന്നു. ഭാഗ്യവശാൽ, അമേരിക്കൻ ബോണ്ടുകൾ ഇപ്പോഴും ആഗോള സാമ്പത്തിക വ്യവസ്ഥയുടെ അടിത്തറയായി കണക്കാക്കപ്പെടുന്നു, നിക്ഷേപകർ അവയെ സുരക്ഷിതമായ ആസ്തിയായി കാണുന്നു.

ബ്രിട്ടൻ: കടുത്ത തിരഞ്ഞെടുപ്പുകൾ

ലേബർ സർക്കാർ നയിക്കുന്ന ബ്രിട്ടൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. പൊതുമേഖലാ കടം വർധിക്കുകയും തൊഴിൽ വിപണി ദുർബലമാവുകയും ചെയ്യുന്നു. ബ്രിട്ടന്റെ ആകെ കടം $6.3 ട്രില്യൺ ഡോളറാണ്. പൊതുമേഖലാ കടം ജിഡിപിയുടെ 96.4% ആയിരുന്നു.

Also Read: വിവാദനായകൻ, ബിഎൻപിയുടെ ‘അദൃശ്യ നേതാവ്’: താരിഖ് റഹ്മാൻ മടങ്ങിയെത്തുമ്പോൾ ബംഗ്ലാദേശിന് ഇനി എന്ത് സംഭവിക്കും?

നവംബർ 26-ന് ബജറ്റ് അവതരിപ്പിക്കാനിരിക്കുന്ന യുകെ ചാൻസലർ റേച്ചൽ റീവ്സ്, “സാമ്പത്തിക ഉത്തരവാദിത്തം” പ്രകടിപ്പിക്കേണ്ടതിന്റെയും ‘കഠിനമായ തീരുമാനങ്ങൾ’ എടുക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് സംസാരിച്ചു. മന്ത്രിസഭയിൽ നികുതി സംബന്ധിച്ച് ഭിന്നത നിലനിൽക്കുന്നുണ്ട്. അതിസമ്പന്നർക്ക് മേൽ സ്വത്ത് നികുതി ചുമത്തുന്നതിനെ ചിലർ പിന്തുണയ്ക്കുമ്പോൾ, ഇത് കോടീശ്വരന്മാരെ രാജ്യത്ത് നിന്ന് അകറ്റുമെന്ന് മറ്റു ചിലർ ഭയപ്പെടുന്നു.

എന്തുകൊണ്ടാണ് ഈ കുഴപ്പം?

കോവിഡ്-19 മഹാമാരിയുടെ സമയത്ത് സമ്പന്ന രാജ്യങ്ങൾ കടം കൂട്ടിയതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം. ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷൻ ആൻഡ് ഡെവലപ്‌മെന്റ് (OECD) പറയുന്നതനുസരിച്ച്, 2024-ൽ സർക്കാരുകളും കമ്പനികളും ആഗോളതലത്തിൽ വിപണികളിൽ നിന്ന് $25 ട്രില്യൺ ഡോളർ കടം വാങ്ങി, ഇത് 2007-ലെ തുകയുടെ ഏകദേശം മൂന്നിരട്ടിയാണ്.
പലിശ നിരക്കുകൾ കുറവായിരുന്നപ്പോൾ ഇത് നിലനിർത്താനായി. എന്നാൽ, പണപ്പെരുപ്പം ഉയർന്നതോടെ കേന്ദ്ര ബാങ്കുകൾ നിരക്കുകൾ വർധിപ്പിച്ചു.

ഇതോടെ, വലിയ തോതിലുള്ള കടം തിരിച്ചടയ്ക്കാൻ സർക്കാരുകൾക്ക് പ്രയാസമായി. മാത്രമല്ല, പകർച്ചവ്യാധി കാരണം ബുദ്ധിമുട്ടിയ ജനങ്ങൾക്കിടയിൽ ചെലവുചുരുക്കൽ പോലുള്ള നടപടികൾക്ക് രാഷ്ട്രീയപരമായ എതിർപ്പും ഏറുകയാണ്. സാമ്പത്തിക വിദഗ്ധർ പറയുന്നത് ജപ്പാനിൽ സ്ഥിതി വളരെ മോശമാണ് എന്നും, ബ്രിട്ടനും ഫ്രാൻസും പ്രതിസന്ധിയുടെ തുടക്കത്തിലാണെന്നുമാണ്. നിലവിലെ സാഹചര്യം തുടരുകയാണെങ്കിൽ ആഗോള സാമ്പത്തിക സ്ഥിരതയ്ക്ക് ഇത് ഭീഷണിയാകും.

Share Email
Top