ഗ്ലോക്കോമയും, ലക്ഷണങ്ങളും

ഗ്ലോക്കോമയും, ലക്ഷണങ്ങളും

ഗ്ലോക്കോമ എന്നാല്‍ 60 വയസ്സിന് മുകളിലുള്ളവരില്‍ കണ്ടുവരുന്ന അന്ധതയ്ക്കുള്ള ഒരു പ്രധാന കാരണമാണ് .എന്നിരുന്നാലും ഇത് ഏത് പ്രായക്കാരെയും ബാധിക്കാം. ആഗോളതലത്തില്‍ അന്ധതയ്ക്ക് കാരണമാകുന്ന രോഗങ്ങള്‍ രണ്ടാം സ്ഥാനത്താണ് ഗ്ലോക്കോമ. ഈ രോഗംമൂലം 4.5 ദശലക്ഷം ആളുകള്‍ അന്ധരാണെന്ന് ലോകാരോഗ്യസംഘടന കണക്കാക്കുന്നു. കണ്ണിലെ അസാധാരണ ഉയര്‍ന്ന മര്‍ദം മൂലമാണ് ഈ രോഗം ഉണ്ടാകുന്നത്. ഗ്ലോക്കോമ മൂലമുണ്ടാകുന്ന കാഴ്ച നഷ്ടമാകുന്നത് വീണ്ടെടുക്കാന്‍ സാധ്യമല്ല. എന്നാല്‍ രോഗാരംഭത്തില്‍ തന്നെ കണ്ടുപിടിച്ച് ചികിത്സ സ്വീകരിച്ചാല്‍ കാഴ്ച നഷ്ടം മന്ദഗതിയില്‍ ആക്കുകയോ തടയുകയോ ചെയ്യാം. ഈ രോഗാവസ്ഥയുണ്ടെങ്കില്‍ ജീവിതകാലം മുഴുവന്‍ ചികിത്സ ആവശ്യമായി വരും.

ഈ രോഗം പ്രധാനമായും രണ്ട് തരത്തിലുണ്ട്. ഓപ്പണ്‍ ആംഗിള്‍ ഗ്ലോക്കോമയും ക്ലോസ്ഡ് ആംഗിള്‍ ഗ്ലോക്കോമയും. രണ്ടിന്റെയും ലക്ഷണങ്ങള്‍ വ്യത്യസ്തമാണ്. ഓപ്പണ്‍ ആംഗിള്‍ ഗ്ലോക്കോമയില്‍ രോഗത്തിന്റെ ആദ്യഘട്ടത്തില്‍ വ്യക്തമായ ലക്ഷണങ്ങള്‍ ഉണ്ടാകണമെന്നില്ല. ഈ അവസ്ഥയുള്ളവരില്‍ മിക്കവര്‍ക്കും രോഗം മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തുന്നതുവരെ കാഴ്ചശക്തിയില്‍ വന്നിരിക്കുന്ന കുറവ് തിരിച്ചറിയാന്‍ പറ്റാറില്ല. ഒരു വ്യക്തിയുടെ ശ്രദ്ധയില്‍പ്പെടാതെ തന്നെ ഗ്ലോക്കോമയ്ക്ക് കാഴ്ചയുടെ 40 ശതമാനം വരെ കവര്‍ന്നെടുക്കാം. അതിനാല്‍ ഗ്ലോക്കോമയെ കാഴ്ചശക്തി അപഹരിക്കുന്ന ഒരു ‘നിശ്ശബ്ദനായ കള്ളന്‍’ എന്നാണ് വിശേഷിപ്പിക്കുന്നത്. രോഗം പുരോഗമിക്കുമ്പോള്‍ വശങ്ങളില്‍ നിന്നുള്ള കാഴ്ചശക്തിയെ ബാധിച്ചുതുടങ്ങുന്നു. പെട്ടെന്നുണ്ടാകുന്ന തലവേദന, കണ്ണുവേദന, കണ്ണില്‍ ചുവപ്പ്, കാഴ്ച മങ്ങല്‍, ഓക്കാനം, ഛര്‍ദി, ലൈറ്റുകള്‍ക്ക് ചുറ്റും മഴവില്ലിന്റെ നിറത്തില്‍ വളയങ്ങള്‍ കാണുക എന്നിവയൊക്കെയാണ് ക്ലോസ്ഡ് ആംഗിള്‍ ഗ്ലോക്കോമയുടെ ലക്ഷണങ്ങള്‍.

പ്രാരംഭഘട്ടത്തില്‍ രോഗലക്ഷണങ്ങള്‍ ഒന്നും ഉണ്ടാകണമെന്നില്ല. വാസ്തവത്തില്‍ ഗ്ലോക്കോമ ബാധിച്ച പകുതിപേര്‍ക്കും തങ്ങള്‍ക്കിത് ഉണ്ടെന്ന് അറിയില്ല. അതിനാല്‍ പതിവായി നേത്രപരിശോധന നടത്തി കണ്ണിന്റെ മര്‍ദം അളക്കുന്നത് കാഴ്ച നഷ്ടപ്പെടുന്നതിന് മുന്‍പ് ഈ രോഗം കണ്ടെത്താന്‍ സഹായിക്കും. 40 വയസ്സിന് മുകളിലുള്ളവര്‍ മൂന്നുവര്‍ഷത്തിലൊരിക്കല്‍ ഗ്ലോക്കോമയുടെ നേത്രപരിശോധനയ്ക്ക് വിധേയരാകണം. എന്നാല്‍ 65 വയസ്സിന് മുകളിലുള്ളവര്‍ വര്‍ഷത്തില്‍ ഒരിക്കല്‍ പരിശോധന നടത്തേണ്ടതാണ്. ഏതെങ്കിലും കുടുംബാംഗങ്ങള്‍ക്ക് ഗ്ലോക്കോമ ഉണ്ടെങ്കിലോ, ദീര്‍ഘ ദൃഷ്ടിയുള്ളവരും,ഹ്രസ്വ ദൃഷ്ടിയുള്ളവരും, കണ്ണിന് പരിക്കേറ്റിട്ടുള്ളവരും, ദീര്‍ഘകാലമായി സ്റ്റിറോയ്ഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവരും, പ്രമേഹം ഉയര്‍ന്ന രക്തസമ്മര്‍ദം,മൈഗ്രേന്‍ എന്നീ ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവരും പ്രത്യേകിച്ച് നേത്രപരിശോധനയ്ക്ക് വിധേയരാകേണ്ടതാണ്.

Top