മലയാളികൾ ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സിനിമാപ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ക്ലാസിക് ചിത്രം ‘ജെന്റിൽമാൻ’ പുതിയ സാങ്കേതിക മികവോടെ വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നു. ചിത്രത്തിന്റെ റിലീസിന്റെ 33-ാം വാർഷികത്തോടനുബന്ധിച്ച് 4K Ultra HD ദൃശ്യനിലവാരത്തിലും Dolby Atmos ശബ്ദ സംവിധാനത്തിലും റീമാസ്റ്റർ ചെയ്താണ് ചിത്രം റീ-റിലീസ് ചെയ്യുന്നത്. മെഗാ പ്രൊഡ്യൂസർ കെ.ടി. കുഞ്ഞുമോനാണ് ഈ നിർണായക പ്രഖ്യാപനം നടത്തിയത്. ചിത്രത്തിന്റെ റിലീസ് തീയതി ഉടൻ പുറത്തുവിടും.
സംവിധായകൻ ശങ്കറിന്റെ കന്നി സംരംഭമായി 1993-ൽ പുറത്തിറങ്ങിയ ‘ജെന്റിൽമാൻ’ ഉന്നത വിദ്യാഭ്യാസ രംഗത്തെ അഴിമതിയും ക്യാപിറ്റേഷൻ ഫീസും പ്രമേയമാക്കിയാണ് ഒരുക്കിയത്. ആക്ഷൻ കിംഗ് അർജുൻ നായകനായ ചിത്രത്തിൽ മധുബാലയായിരുന്നു നായിക. എ.ആർ. റഹ്മാന്റെ സംഗീതവും ജീവയുടെ ഛായാഗ്രഹണവും തോട്ടാ തരാണിയുടെ കലാസംവിധാനവും ചിത്രത്തെ ഇന്ത്യൻ സിനിമയിലെ വലിയൊരു വഴിത്തിരിവാക്കി മാറ്റി.
ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തലസംഗീതവും ഇന്നും വലിയ ജനപ്രീതി നേടി തുടരുന്നു. ആക്ഷനും പ്രണയവും ഹാസ്യവും സാമൂഹിക സന്ദേശവും സമന്വയിപ്പിച്ച ഈ ചിത്രം 4K Atmos പതിപ്പിൽ എത്തുമ്പോൾ പഴയ തലമുറയ്ക്ക് ഓർമ്മകളുടെ വിരുന്നും പുതിയ തലമുറയ്ക്ക് പുത്തൻ തിയേറ്റർ അനുഭവവുമായിരിക്കും സമ്മാനിക്കുക.






