മുൻതലമുറയേക്കാൾ മുന്നിൽ Gen Z; ക്രെഡിറ്റ് കാർഡ് ഉപയോഗത്തിൽ പുതിയ റെക്കോർഡ്

ഇന്ന് ക്രെഡിറ്റ് കാർഡ് ആദ്യമായി എടുക്കുന്നവരിൽ പകുതിയും 30 വയസ്സിൽ താഴെയുള്ളവരാണ്

മുൻതലമുറയേക്കാൾ മുന്നിൽ Gen Z; ക്രെഡിറ്റ് കാർഡ് ഉപയോഗത്തിൽ പുതിയ റെക്കോർഡ്
മുൻതലമുറയേക്കാൾ മുന്നിൽ Gen Z; ക്രെഡിറ്റ് കാർഡ് ഉപയോഗത്തിൽ പുതിയ റെക്കോർഡ്

ഡൽഹി: രാജ്യത്തെ ക്രെഡിറ്റ് കാർഡ് വിപണിയിൽ വലിയ മാറ്റങ്ങൾ പ്രകടമാകുന്നതായി ട്രാൻസ് യൂണിയൻ സിബിലിന്റെ പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. ‘ബിയോണ്ട് ദി സ്വൈപ്പ് 2026’ എന്ന റിപ്പോർട്ട് പ്രകാരം, ക്രെഡിറ്റ് കാർഡ് ഉപയോഗത്തിൽ യുവതലമുറയും അർദ്ധനഗര-ഗ്രാമീണ മേഖലകളും വലിയ മുന്നേറ്റമാണ് നടത്തുന്നത്.

ഇന്ന് ക്രെഡിറ്റ് കാർഡ് ആദ്യമായി എടുക്കുന്നവരിൽ പകുതിയും 30 വയസ്സിൽ താഴെയുള്ളവരാണ്. 2022-ൽ ഇത് 43 ശതമാനമായിരുന്ന സ്ഥാനത്താണ് ഇപ്പോൾ 50 ശതമാനത്തിലേക്ക് വളർച്ചയുണ്ടായത്. ക്രെഡിറ്റ് കാർഡുകൾ നഗരങ്ങളിലെ സമ്പന്നർക്ക് മാത്രമുള്ളതാണെന്ന ധാരണ തിരുത്തിക്കൊണ്ട്, ആദ്യമായി കാർഡ് എടുക്കുന്നവരിൽ 46 ശതമാനം പേരും അർദ്ധ നഗര, ഗ്രാമീണ പ്രദേശങ്ങളിൽ നിന്നുള്ളവരാണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഇന്ത്യയിലെ ക്രെഡിറ്റ് കാർഡ് വിപണി വലിയ കുതിച്ചുചാട്ടമാണ് നടത്തിയത്. 2016-ൽ 1.4 കോടിയായിരുന്ന ഉപഭോക്താക്കളുടെ എണ്ണം ഈ വർഷം മാർച്ചിൽ 5.2 കോടിയായി വർധിച്ചു. നിലവിൽ രാജ്യത്ത് സജീവമായ ക്രെഡിറ്റ് കാർഡുകളുടെ എണ്ണം അഞ്ച് മടങ്ങ് വർധിച്ച് 10.7 കോടിയിൽ എത്തിനിൽക്കുന്നു.

Also Read:ഭക്ഷണ ബ്രാൻഡുകളുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ; പ്രമുഖ കമ്പനികൾക്ക് FSSAI-യുടെ കാരണം കാണിക്കൽ നോട്ടീസ്

അതേസമയം, ക്രെഡിറ്റ് കാർഡ് കുടിശ്ശിക തുകയിൽ വലിയ വർധനവുണ്ടായിട്ടുണ്ട്. മുൻപ് 40,000 കോടി രൂപയായിരുന്ന കുടിശ്ശിക ഇപ്പോൾ 3.1 ലക്ഷം കോടി രൂപയായി ഉയർന്നു. ഒരാളുടെ ശരാശരി കുടിശ്ശിക തുക 31,000 രൂപയിൽ നിന്നും 65,000 രൂപയായും വർധിച്ചത് കാർഡുകളുടെ ഉയർന്ന ഉപയോഗത്തെയാണ് സൂചിപ്പിക്കുന്നത്. വായ്പ എടുക്കാൻ യോഗ്യതയുള്ളവരിൽ 25 ശതമാനം പേർക്ക് മാത്രമേ നിലവിൽ ക്രെഡിറ്റ് കാർഡ് ഉള്ളൂ എന്നതും ശ്രദ്ധേയമാണ്. കൊളംബിയ, യുകെ, ഹോങ്കോങ്ങ് തുടങ്ങിയ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിൽ ഇനിയും വലിയ വളർച്ചാ സാധ്യതയുണ്ടെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു.

മുൻതലമുറകളെ അപേക്ഷിച്ച് ഇന്നത്തെ ചെറുപ്പക്കാർ കാർഡ് എടുക്കുന്നതിന് മുൻപ് തന്നെ പേഴ്സണൽ ലോണുകൾ എടുക്കുന്നവരാണ്. കാർഡ് ലഭിച്ച മൂന്ന് മാസത്തിനുള്ളിൽ തന്നെ 25,000 രൂപയ്ക്ക് മുകളിൽ ചെലവഴിക്കുന്നതിൽ ഈ തലമുറ വലിയ താല്പര്യം കാണിക്കുന്നുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (AI SOURCES)

Share Email
Top