കുവൈത്തിനും ബഹ്‌റൈനുമെതിരായ ഇറാൻ്റെ ഭീകരാക്രമണത്തെ ഒറ്റക്കെട്ടായി അപലപിച്ച് ജിസിസി രാജ്യങ്ങൾ; ശക്തമായ പിന്തുണയുമായി അറബ് ലോകം

ഇരു രാജ്യങ്ങളുടെയും പരമാധികാരവും സുരക്ഷയും സ്ഥിരതയും സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള എല്ലാ പ്രതിരോധ നടപടികൾക്കും ജിസിസി അംഗരാജ്യങ്ങളും അവിടുത്തെ ഭരണകർത്താക്കളും പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു

കുവൈത്തിനും ബഹ്‌റൈനുമെതിരായ ഇറാൻ്റെ ഭീകരാക്രമണത്തെ ഒറ്റക്കെട്ടായി അപലപിച്ച് ജിസിസി രാജ്യങ്ങൾ; ശക്തമായ പിന്തുണയുമായി അറബ് ലോകം
കുവൈത്തിനും ബഹ്‌റൈനുമെതിരായ ഇറാൻ്റെ ഭീകരാക്രമണത്തെ ഒറ്റക്കെട്ടായി അപലപിച്ച് ജിസിസി രാജ്യങ്ങൾ; ശക്തമായ പിന്തുണയുമായി അറബ് ലോകം

മനാമ: ഗൾഫ് മേഖലയുടെ സമാധാന അന്തരീക്ഷം തകർക്കുന്ന രീതിയിൽ കുവൈത്തിനും ബഹ്റൈനുമെതിരെ ഇറാൻ നടത്തിയ വ്യോമാക്രമണങ്ങളെയും ഭീകരപ്രവർത്തനങ്ങളെയും ശക്തമായി അപലപിച്ച് ഗൾഫ് സഹകരണ കൗൺസിൽ. ഇരു രാജ്യങ്ങളുടെയും പരമാധികാരവും സുരക്ഷയും സ്ഥിരതയും സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള എല്ലാ പ്രതിരോധ നടപടികൾക്കും ജിസിസി അംഗരാജ്യങ്ങളും അവിടുത്തെ ഭരണകർത്താക്കളും പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര നിയമങ്ങളെയും അയൽപക്ക ബന്ധങ്ങളെയും ലംഘിച്ചുകൊണ്ടുള്ള ഇറാൻ്റെ ഈ നീക്കം മേഖലയിൽ കനത്ത ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ക്രൂരമായ ഡ്രോൺ, മിസൈൽ ആക്രമണത്തിൽ വൻ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിമാനത്താവളത്തിലെ പാസഞ്ചർ ടെർമിനലിന് നേരെയാണ് ആക്രമണമുണ്ടായത്. സ്ഫോടനത്തിൽ നിരവധി അടിസ്ഥാന സൗകര്യങ്ങൾ തകരുകയും, ഒരാൾ കൊല്ലപ്പെടുകയും വിദേശികളടക്കം നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബഹ്റൈനിലെ സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടും ഇറാൻ്റെ ഭാഗത്തുനിന്ന് വ്യാപകമായ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ ഉണ്ടായി.

Also Read: ബഹ്‌റൈനിൽ വൻ സുരക്ഷാ വേട്ട; ഇറാന്റെ ഐആർജിസി ശൃംഖലയിലെ 15 പേർ പിടിയിൽ

ബഹ്റൈനെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ഭീകര ഡ്രോൺ, മിസൈൽ ആക്രമണങ്ങളെ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് കടുത്ത ഭാഷയിലാണ് വിമർശിച്ചത്. ഈ ഭീകരാക്രമണങ്ങൾ ബഹ്റൈന്റെ പരമാധികാരത്തിന്മേലുള്ള നഗ്‌നമായ ലംഘനമാണെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇത് മേഖലയിലെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും വലിയ ഭീഷണിയാണെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും യുഎഇ ഓർമ്മിപ്പിച്ചു.

ഗൾഫ് രാജ്യങ്ങളുടെ പരമാധികാരത്തെ ദുർബലപ്പെടുത്തുന്ന ഇത്തരം നീക്കങ്ങളെ ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്ന് സൗദി അറേബ്യൻ വിദേശകാര്യ മന്ത്രാലയവും പ്രസ്താവിച്ചു. സഹോദര രാജ്യങ്ങളായ കുവൈത്തിനും ബഹ്റൈനും നേരിട്ട ഈ പ്രതിസന്ധിയിൽ രാജ്യം ഒപ്പമുണ്ടാകുമെന്നും സൗദി വ്യക്തമാക്കി.

Also Read: മിസൈലുകളെയും ഡ്രോണുകളെയും ആകാശത്തുവെച്ച് തകർത്തു; ബഹ്‌റൈനിൽ ഇറാന്റെ വൻ ആക്രമണശ്രമം തടഞ്ഞ് പ്രതിരോധ സേന!

അതേസമയം, കുവൈത്ത് വിമാനത്താവളത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തെയും ബഹ്റൈനിലെ അക്രമങ്ങളെയും ഖത്തറും ശക്തമായി അപലപിച്ചു. കുവൈത്തും ബഹ്റൈനുമായും ഖത്തർ പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി ഖത്തർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഈ രാജ്യങ്ങളുടെ പരമാധികാരവും സുരക്ഷയും നിലനിർത്താൻ അവർ സ്വീകരിക്കുന്ന എല്ലാ പ്രതിരോധ നടപടികൾക്കും ഖത്തർ ഒപ്പമുണ്ടാകും.

ഗൾഫ് രാജ്യങ്ങൾക്ക് പുറമെ ലെബനനും ജോർദാനും ഇറാൻ്റെ ഈ ആക്രമണത്തിനെതിരെ രംഗത്തുവന്നു. സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ഇറാനിയൻ ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ലെബനൻ റിപ്പബ്ലിക് പ്രസിഡന്റ് ജനറൽ ജോസഫ് ഔൺ പറഞ്ഞു. മേഖലയിൽ കൂടുതൽ സംഘർഷാവസ്ഥ സൃഷ്ടിക്കാനുള്ള സാധ്യതകൾ ഒഴിവാക്കണമെന്നും, എത്രയും വേഗം യുദ്ധസമാനമായ അന്തരീക്ഷം ലഘൂകരിക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം ഇരുപക്ഷത്തോടുമായി ആഹ്വാനം ചെയ്തു. ജോർദാനും ഇറാൻ്റെ നടപടികളെ കടുത്ത ഭാഷയിൽ അപലപിച്ചു. നിലവിൽ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഗൾഫ് മേഖലയിലുടനീളം സുരക്ഷയും നിരീക്ഷണവും ശക്തമാക്കിയിരിക്കുകയാണ്.

Share Email
Top