ജറുസലേം: ഇസ്രയേൽ ആക്രമണങ്ങളിൽ നിന്നും ബാക്കിയുള്ള ചുരുക്കം ചില ആശുപത്രികളിലൊന്നായ വടക്കൻ ഗാസയിലെ കമാൽ അദ്വാനു നേരെയും ഇസ്രയേൽ സേന നടത്തിയ ഡ്രോൺ ആക്രമണത്തിൽ 16 വയസ്സുകാരൻ കൊല്ലപ്പെട്ടു. വ്യാഴാഴ്ച നടന്ന ആക്രമണത്തിൽ 12 പേർക്കു പരുക്കേറ്റതായും ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ലോകാരോഗ്യ സംഘടന ഇസ്രയേലിന്റെ ഈ ക്രൂര നടപടിയെ വിമർശിച്ചു. യാതൊരു മുന്നറിയിപ്പും നൽകാതെയാണ് ആക്രമണമെന്നും സന്നദ്ധ പ്രവർത്തകരെ ഉൾപ്പെടെ പുറത്താക്കിയെന്നും കുറ്റപ്പെടുത്തി.
ആശുപത്രിക്കു സമീപമുള്ള ജനവാസ മേഖലയിൽ വെള്ളിയാഴ്ച രാവിലെയുണ്ടായ ആക്രമണത്തിൽ 30ൽ അധികം പേർ കൊല്ലപ്പെട്ടിരുന്നു. അതേസമയം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഒട്ടേറെപ്പേർ കുടുങ്ങിക്കിടക്കുന്നതായും അധികൃതർ പറഞ്ഞു. ഗാസ സിറ്റി, റഫ, അൽ മുസദ്ദർ, മവാസി, ബുറൈജ് അഭയാർത്ഥി ക്യാംപുകളിലും സമാന ആക്രമണമുണ്ടായി. റഫയിൽ മാത്രം 3 പേർ കൊല്ലപ്പെട്ടു.
Also Read: ഹോംസിനും ഹമയ്ക്കും സമീപമുള്ള തീവ്രവാദ കേന്ദ്രങ്ങളിൽ വൻ ആക്രമണം നടത്തി സിറിയൻ, റഷ്യൻ സേനകൾ
ഇസ്രയേൽ ലബനൻ– സിറിയ അതിർത്തിയായ അരീദയിലും വ്യോമാക്രമണം നടത്തി. ലബനനിലെ ഹിസ്ബുള്ളയ്ക്കു വേണ്ടി അതിർത്തി വഴി ആയുധങ്ങൾ കടത്തുന്നുവെന്നാണ് നിലവിലെ ആക്രമണത്തിൽ ഇസ്രയേൽ ആരോപണം. അതിനിടെ, ഗാസ വെടിനിർത്തൽ ചർച്ചകൾ തുർക്കിയിലെ ഇസ്താംബൂളിൽ പുനരാരംഭിച്ചു. ഖത്തറിൽനിന്ന് ഉൾപ്പെടെ മധ്യസ്ഥർ ചർച്ചകൾക്കായി തിരിച്ചെത്തിയതായി ഹമാസ് വ്യക്തമാക്കി. എന്നാൽ പലവട്ടം ചർച്ച പരാജയപ്പെട്ടതോടെ മധ്യസ്ഥതയിൽനിന്നു ഖത്തർ പിന്മാറിയിരുന്നു. ഖത്തർ, ഈജിപ്ത്, അമേരിക്ക എന്നീ രാജ്യങ്ങളുടെ നേതൃത്വത്തിലാണ് ഇപ്പോൾ വെടിനിർത്തൽ ചർച്ചകൾ നടക്കുന്നത്.