ഗാസയുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവന കടുപ്പിച്ചിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘ഗാസ വാങ്ങാനും സ്വന്തമാക്കാനും താൻ പ്രതിജ്ഞാബദ്ധമാണ്. ഗാസ പുനർനിർമിക്കുമ്പോൾ ഒരു ഭാഗം മിഡിലീസ്റ്റിലെ രാജ്യങ്ങൾക്ക് നൽകാം. ഞങ്ങളുടെ പിന്തുണയോടെ മറ്റുള്ളവർക്കും പുനർനിർമിക്കാം. എന്നാൽ, അവകാശം ഞങ്ങൾക്കാകും. ഹമാസ് തിരിച്ചുവരില്ലെന്ന് ഉറപ്പുവരുത്തും. തകർന്ന ഗാസ ഇപ്പോൾ ജനവാസ യോഗ്യമല്ല. സുരക്ഷിത സ്ഥലത്ത് വീട് നൽകിയാൽ അവർ തിരിച്ചുവരാൻ ആഗ്രഹിക്കില്ല. മോചിപ്പിക്കുന്ന ബന്ദികളെ കാണുമ്പോൾ വംശഹത്യയുടെ ഇരകളെ പോലെ തോന്നുന്നുവെന്നും ട്രംപ് പറഞ്ഞു.
അതേസമയം ട്രംപിന്റെ പ്രസ്താവനയെ ഹമാസ് അപലപിച്ചു. മണ്ടത്തരവും പലസ്തീനെയും ഈ മേഖലയെയും കുറിച്ചുള്ള അങ്ങേയറ്റത്തെ അജ്ഞതയുമാണ് ഇതിൽ പ്രതിഫലിക്കുന്നതെന്ന് ഹമാസ് നേതാവ് ഇസ്സത്ത് അൽ റിശ്ഖ് പ്രതികരിച്ചു. വാങ്ങാനും വിൽക്കാനും ഗാസ ഒരു റിയൽ എസ്റ്റേറ്റ് ഭൂമിയല്ല. റിയൽ എസ്റ്റേറ്റ് വിൽപനക്കാരന്റെ മനസ്സുമായി വന്നാൽ പരാജയപ്പെടുത്തും. പലസ്തീനികളെ കുടിയൊഴിപ്പിക്കാനുള്ള ഏതു നീക്കത്തെയും ജനം വിഫലമാക്കുമെന്നും ഹമാസ് പറഞ്ഞു.