ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന കൂട്ടക്കുരുതിക്ക് താല്‍ക്കാലിക ശമനമാകുന്നു. ഗാസയും ഇസ്രയേലും തമ്മിലുള്ള വെടിനിര്‍ത്തലിന് യു.എന്‍ ഉത്തരവിട്ടതോടെ 14 മാസം നീണ്ടുനിന്ന യുദ്ധത്തിനും നരകയാതനകള്‍ക്കുമാണ് താല്‍ക്കാലിക വിരാമമാകുന്നത്. ഗാസയില്‍ അടിയന്തര വെടിനിര്‍ത്തലിനാണ് ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലി ആഹ്വാനം ചെയ്തിക്കുന്നത്. ഗാസയില്‍ അടിയന്തരവും നിരുപാധികവും സ്ഥിരവുമായ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുന്ന പ്രമേയം 158 വോട്ടുകള്‍ക്കാണ് പാസാക്കിയത്. ഒമ്പത് അംഗരാജ്യങ്ങള്‍ പ്രമേയത്തിനെതിരെ വോട്ട് ചെയ്യുകയും 13 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു.അര്‍ജന്റീന, ചെക്കിയ, ഹംഗറി, ഇസ്രയേല്‍, നൗറു, പാപുവ ന്യൂ ഗിനിയ, പരാഗ്വേ, ടോംഗ, അമേരിക്ക എന്നീ രാജ്യങ്ങള്‍ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിനെതിരെ വോട്ട് ചെയ്തു.
കഴിഞ്ഞ മാസം യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ സമാനമായ പ്രമേയം അമേരിക്ക വീറ്റോ ചെയ്തതിനെ തുടര്‍ന്നാണ് ജനറല്‍ അസംബ്ലി നടപടി സ്വീകരിച്ചത്. ഹമാസിന്റെ ബാക്കിയുള്ള എല്ലാ ഇസ്രയേലി ബന്ദികളെ മോചിപ്പിക്കുന്നതുമായി നേരിട്ട് ബന്ധമില്ലാത്ത ഒരു കരാറിനെ അംഗീകരിക്കില്ലെന്ന് അന്ന് അമേരിക്ക വാദിച്ചിരുന്നു. ബുധനാഴ്ചത്തെ വോട്ടെടുപ്പിനിടയിലും അമേരിക്ക തങ്ങളുടെ നിലപാട് ആവര്‍ത്തിച്ചു. അമേരിക്കന്‍ അംബാസഡര്‍ റോബര്‍ട്ട് വുഡ് പ്രമേയത്തെ ‘ലജ്ജാകരവും തെറ്റും’ എന്നാണ് വിശേഷിപ്പിച്ചത്.
Also Read: സിറിയന്‍ ജനത ജൊലാനിയേയും കൂട്ടരേയും അംഗീകരിക്കുമോ, എന്താണ് വിമതരുടെ ഭാവി ..?
ലെബനനിലെ വെടിനിര്‍ത്തല്‍ കാരണം ഹമാസ് ഒറ്റപ്പെട്ട ഈ ഒരു സമയത്ത്, ഗാസയിലെ വെടിനിര്‍ത്തല്‍ സംബന്ധിച്ച കരട് പ്രമേയത്തിന് പ്രസക്തിയില്ലെന്നും, ബന്ദികളെ മോചിപ്പിക്കുന്നതിനു വേണ്ടിയുള്ള ചര്‍ച്ചയ്ക്ക് ഹമാസ് തയ്യാറാകില്ലെന്നുമാണ് റോബര്‍ട്ട് വുഡ് അസംബ്ലിയില്‍ അറിയിച്ചത്. നിരുപാധികമായ വെടിനിര്‍ത്തല്‍ ഹമാസിന് ഗുണം ചെയ്യുമെന്ന് ഇസ്രയേല്‍ പ്രതിനിധി ഡാനി ഡാനോനും വാദിച്ചു.
2023 ഒക്ടോബര്‍ മുതല്‍ 45,000 പലസ്തീനികളെ ഇസ്രയേല്‍ സൈന്യം ഗാസയില്‍ കൊലപ്പെടുത്തിയതായി പ്രാദേശിക ഹമാസിന്റെ നേതൃത്വത്തിലുള്ള അധികാരികള്‍ പറയുന്നു. ജനസാന്ദ്രതയേറിയ പലസ്തീനിലെ ഭയാനകമായ മാനുഷിക സാഹചര്യത്തെക്കുറിച്ച് യുഎന്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ എല്ലാ ബന്ദികളെ രക്ഷപ്പെടുത്തുകയും ഹമാസില്‍ നിന്നും സഖ്യകക്ഷികളില്‍ നിന്നും ജൂത രാഷ്ട്രത്തിനെതിരായ ഭീഷണികള്‍ ഇല്ലാതാക്കുകയും ചെയ്യുന്നതുവരെ ഗാസയിലെ തങ്ങളുടെ പ്രവര്‍ത്തനം തുടരുമെന്ന് ഇസ്രയേല്‍ കര്‍ശനമായി അറിയിച്ചിട്ടുണ്ട്.
Also Read: ട്രംപ് എത്തിയാല്‍ നാട്ടിലേയ്ക്ക് തിരിക്കേണ്ടി വരുമോ? മലയാളികള്‍ക്ക് ചങ്കിടിപ്പ്
അതേസമയം, വെടിനിര്‍ത്തലിന് ശേഷം ഗാസയിലും ഇസ്രയേല്‍ സൈനിക സാന്നിധ്യം ഹമാസ് അംഗീകരിച്ചതായി അറബ് മധ്യസ്ഥര്‍ പറയുന്നു. ഇവരുടെ അഭിപ്രായത്തില്‍ ഇസ്രയേലിന്റെ രണ്ട് പ്രധാന ആവശ്യങ്ങള്‍ ഹമാസ് ആദ്യമായി അംഗീകരിച്ചത്. ഗാസ മുനമ്പിലെ ഹമാസിനും ഇറാനും ലെബനനിലെ ഹിസ്ബുള്ളയ്ക്കും മേലുള്ള ഇസ്രയേല്‍ സൈനിക സമ്മര്‍ദ്ദത്തിന്റെ പശ്ചാത്തലത്തില്‍, ഈജിപ്തിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയിലും യു.എന്‍ മുഖേനയും നടത്തിയ പരോക്ഷ ചര്‍ച്ചകളില്‍ ഹമാസ് അയഞ്ഞെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അമേരിക്കയുടെ പിന്തുണയോടെ ഈജിപ്ത് പുതിയ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം പുറപ്പെടുവിച്ചാല്‍, ഗാസയ്ക്കുള്ളിലെ സൈനിക സാന്നിധ്യവും ബന്ദികളുമായി ബന്ധപ്പെട്ട ഇസ്രയേലി ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന് ഹമാസ് അറിയിച്ചതായി അറബ് മധ്യസ്ഥര്‍ വാള്‍സ്ട്രീറ്റ് ജേണലിനോട് പറഞ്ഞു.
Also Read: കീവിലും വാഷിങ്ടണിലും അണുബോംബ് വീഴും ? ലോകത്തെ ഞെട്ടിക്കുന്ന നീക്കവുമായി റഷ്യ
അമേരിക്ക, ഫ്രഞ്ച് സര്‍ക്കാരുകളുടെ മധ്യസ്ഥതയില്‍ ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുള്ള വെടിനിര്‍ത്തലിനെത്തുടര്‍ന്ന് , ഇസ്രയേലും ഹമാസും തമ്മിലുള്ള പരോക്ഷ ചര്‍ച്ചകള്‍ക്ക് ആക്കംകൂടി. വരാനിരിക്കുന്ന ഡോണള്‍ഡ് ട്രംപ് ഭരണകൂടവും ജോ ബൈഡന്‍ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ യുദ്ധം ചെയ്യുന്ന കക്ഷികള്‍ക്കിടയില്‍ എത്രയും വേഗം ഒരു കരാര്‍ ഉണ്ടാക്കുന്നതിനുള്ള ശ്രമങ്ങളില്‍ ചേര്‍ന്നെന്നാണ് വിവരം. വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിനു ശേഷവും ഗാസയ്ക്കുള്ളില്‍ ഇസ്രയേല്‍ സൈനിക സാന്നിധ്യം തുടരണമെന്ന പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ആവശ്യം ഹമാസ് അംഗീകരിച്ചതായും അറബ് മധ്യസ്ഥര്‍ വാള്‍സ്ട്രീറ്റ് ജേണലിനോട് പറഞ്ഞു.
അതേസമയം, വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം വിട്ടയക്കുന്ന അമേരിക്കന്‍ പൗരന്മാര്‍ ഉള്‍പ്പെടെയുള്ള ബന്ദികളുടെ പട്ടിക ഹമാസ് ആദ്യമായി കൈമാറിയതായി മധ്യസ്ഥര്‍ അറിയിച്ചു. ഈജിപ്ത്-ഗാസ അതിര്‍ത്തിയിലെ ഫിലാഡല്‍ഫി ഇടനാഴി, ഗാസയെ പ്രധാനമായും രണ്ട് ഭാഗങ്ങളായി വിഭജിക്കുന്ന മധ്യ ഗാസയിലെ നെറ്റ്സാരിം ഇടനാഴി, തെക്ക് നിന്ന് വടക്കോട്ട് മടങ്ങുന്ന പലസ്തീനികളെ നിരീക്ഷിക്കാന്‍ അനുവദിക്കുന്ന ഇസ്രയേലി സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള ഫിലാഡല്‍ഫി കോറിഡോര്‍ എന്നിവിടങ്ങളില്‍ നിന്ന് പിന്‍മാറാന്‍ ഹമാസ് സമ്മതിച്ചതായി മധ്യസ്ഥരെ ഉദ്ധരിച്ച് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. റഫയിലെ ഈജിപ്ത്-ഗാസ അതിര്‍ത്തി ക്രോസിംഗിന്റെ നിയന്ത്രണം വിട്ടുകൊടുക്കാന്‍ ഹമാസ് സമ്മതിച്ചതായും മധ്യസ്ഥര്‍ അറിയിച്ചു.
Also Read: കോൺഗ്രസ്സിൽ വീണ്ടും ഗ്രൂപ്പുകൾ സജീവമാകുന്നു, എ ഗ്രൂപ്പിനെ നയിക്കാൻ ഉമ്മൻ ചാണ്ടിയുടെ മക്കളിറങ്ങും !
നിലവിലെ ഗാസ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം എന്താണ്?
ഈജിപ്ത് കൊണ്ടുവന്നതും അമേരിക്കയുടെ പിന്തുണയുള്ളതുമായ ഏറ്റവും പുതിയ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം മെയ് മാസത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്‍ പ്രഖ്യാപിച്ചതിന് സമാനമാണെങ്കിലും, അതില്‍ ചില വ്യത്യാസങ്ങളുണ്ട്.
ഒന്ന്, ബൈഡന്‍ പ്രഖ്യാപിച്ചതും ഇസ്രയേല്‍ അംഗീകരിച്ചതുമായ നിര്‍ദ്ദേശം മൂന്ന് ഘട്ടങ്ങളിലായി യുദ്ധം അവസാനിപ്പിക്കുമെന്ന് വിഭാവനം ചെയ്തപ്പോള്‍, നിലവിലെ നിര്‍ദ്ദേശം യുദ്ധം അവസാനിപ്പിക്കാനല്ല മറിച്ച് പലസ്തീന്‍ തടവുകാര്‍ക്ക് പകരം ബന്ദികളെ വിട്ടയക്കുന്ന 60 ദിവസത്തെ വെടിനിര്‍ത്തലിനാണ്.
Also Read: സിറിയയില്‍ ഇനി ഇസ്ലാമിക് ഭരണത്തിന്റെ ഉദയമോ? പാശ്ചാത്യ-അറബ് രാജ്യങ്ങള്‍ക്ക് ആശങ്ക
കരാര്‍ വ്യവസ്ഥകള്‍ പ്രകാരം, ബന്ദികളെ മോചിപ്പിക്കുന്നതിന് പകരം വെടിനിര്‍ത്തല്‍ നിലവില്‍ വരും. കരാറിന്റെ ആദ്യ ഘട്ടത്തില്‍, സ്ത്രീകളും കുട്ടികളും രോഗികളും പ്രായമായവരും ഉള്‍പ്പെടെയുള്ള മാനുഷിക വിഭാഗത്തില്‍ നിന്നുള്ള ബന്ദികളെയാണ് മോചിപ്പിക്കുക. ബന്ദികളുടെ ആദ്യ ബാച്ച് ദിവസങ്ങള്‍ക്കുള്ളില്‍ മോചിപ്പിക്കപ്പെടുമെന്ന പ്രതീക്ഷയുണ്ടെന്ന് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. ബന്ദികളെ വിട്ടയച്ചാല്‍ ഗാസയിലേക്കുള്ള മാനുഷിക സഹായത്തിന്റെ ഒഴുക്ക് ഇസ്രയേല്‍ വര്‍ദ്ധിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
പലസ്തീനില്‍ 14 മാസമായി ഇസ്രയേല്‍ നടത്തുന്ന വംശഹത്യയില്‍ ഇതുവരെ 45000ലധികം പേര്‍ കൊല്ലപ്പെടുകയും 106,257 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടും അമേരിക്കയുടെ കളിപ്പാവയായ യു.എന്നിന് ഇപ്പോള്‍ മാത്രമാണ് വെടിനിര്‍ത്തല്‍ എന്ന ആശയം മുന്നോട്ടുവയ്ക്കാനായത്. ഇവിടെ അമേരിക്ക നിര്‍ദ്ദേശിക്കുന്നതിനപ്പുറം യുഎന്നിന് ഒരു ചുവടും മുന്നോട്ടുവയ്ക്കാനാകില്ല എന്നുതന്നെയാണ് ഇതോടെ ലോകത്തിന് മുന്നില്‍ വെളിവായിരിക്കുന്നത്.