ബലാത്സംഗക്കേസില്‍ തെറ്റായ മൊഴി നല്‍കി; യുവതിയെ ശിക്ഷിച്ച് കോടതി

ബലാത്സംഗക്കേസില്‍ തെറ്റായ മൊഴി നല്‍കി; യുവതിയെ ശിക്ഷിച്ച് കോടതി

ലഖ്നൗ: ബലാത്സംഗക്കേസില്‍ തെറ്റായ മൊഴി നല്‍കിയതിന് യുവതിയെ ശിക്ഷിച്ച് കോടതി. ബലാത്സംഗക്കേസിലെ പ്രതിയായിരുന്ന യുവാവ് ജയില്‍വാസം അനുഭവിച്ച അതേ കാലയളവ് തന്നെ യുവതിയും തടവ് അനുഭവിക്കണമെന്നായിരുന്നു കോടതി വിധി. ഉത്തര്‍പ്രദേശിലെ ബരേയ്ലിയിലെ കോടതിയാണ് 21-കാരിയെ 1653 ദിവസത്തെ (നാലുവര്‍ഷവും ആറുമാസവും എട്ടുദിവസവും) തടവിന് ശിക്ഷിച്ചത്. ഇതിനുപുറമേ 5.88 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. പിഴ അടച്ചില്ലെങ്കില്‍ ആറുമാസം കൂടി യുവതി തടവ് അനുഭവിക്കണം.

യുവതിക്ക് 17 വയസ്സ് പ്രായമുള്ളപ്പോള്‍ തട്ടിക്കൊണ്ടുപോയെന്നും പീഡിപ്പിച്ചെന്നും ആരോപിച്ച് 2019-ലാണ് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ബലാത്സംഗക്കേസില്‍ 25-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കേസിന്റെ വിചാരണയ്ക്കിടെ ഇരയായ യുവതി നേരത്തെ നല്‍കിയ മൊഴി മാറ്റി. 25-കാരന്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നുള്ള വാദവും നിഷേധിച്ചു. ഇതോടെയാണ് തെറ്റായ മൊഴി നല്‍കിയതിനും വ്യാജ തെളിവുണ്ടാക്കിയതിനും ഐ.പി.സി. 195 പ്രകാരം യുവതിക്കെതിരേ കേസെടുത്തത്. ഇതിനുപിന്നാലെയാണ് കേസില്‍ യുവതിയെ കോടതി ശിക്ഷിച്ചത്.

യുവതി മൊഴി മാറ്റിയതോടെ ബലാത്സംഗക്കേസില്‍ പ്രതിയായിരുന്ന 25-കാരനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ബലാത്സംഗക്കേസില്‍ 25-കാരന്‍ ജയിലില്‍ കിടന്ന അതേ കാലയളവ് തന്നെയാണ് യുവതിക്കും തടവ് വിധിച്ചിരിക്കുന്നത്. ഈ കാലയളവില്‍ യുവാവ് ജോലിക്ക് പോയിരുന്നെങ്കില്‍ ലഭിക്കേണ്ട വേതനമാണ് പിഴത്തുകയായി നിശ്ചയിച്ചത്. 2019 സെപ്റ്റംബര്‍ 30 മുതല്‍ 2024 ഏപ്രില്‍ എട്ടുവരെയാണ് ബലാത്സംഗക്കേസില്‍ പ്രതിയായി 25-കാരന്‍ ജയിലില്‍ കിടന്നത്.

Top