ബെംഗളൂരു: ഗൗരി ലങ്കേഷ് വധക്കേസിൽ കസ്റ്റഡിയിലുള്ള അവസാന പ്രതി ശരദ് ഭൗസാഹേബ് കലാസ്‌കറിനും ജാമ്യം അനുവദിച്ച് ബെംഗളൂരു കോടതി. 2017 സെപ്റ്റംബർ അഞ്ചിനാണ് പ്രമുഖ മാധ്യമപ്രവർത്തകയും വലതുപക്ഷ ആശയങ്ങളുടെ വിമർശകയുമായ ഗൗരി ലങ്കേഷ് ബെംഗളൂരുവിലെ വസതിക്ക് പുറത്ത് വെടിയേറ്റു മരിച്ചത്. നിരവധി സാക്ഷികളും ഒട്ടനവധി തെളിവുകളും ഉൾപ്പെടുന്ന കേസ് രാജ്യവ്യാപകമായ പ്രതിഷേധത്തിനു വഴിവെച്ചിരുന്നു.
പ്രിൻസിപ്പൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് ജഡ്ജി മുരളീധര പൈ ബി.യാണ് ബുധനാഴ്ച പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. കലാസ്‌കറിന് കർശന വ്യവസ്ഥകളോടെ വ്യക്തിഗത ബോണ്ടിൽ ജാമ്യം അനുവദിക്കുകയായിരുന്നു. 2018 സെപ്റ്റംബർ 4 മുതൽ കസ്റ്റഡിയിലുള്ള പ്രതി ക്രിമിനൽ നടപടി ചട്ടത്തിലെ 439-ാം വകുപ്പ് പ്രകാരം ജാമ്യം ആവശ്യപ്പെട്ട് സ്ഥിരം ഹർജി നൽകിയിരുന്നു. കേസിലെ 16 കൂട്ടുപ്രതികളെ ജാമ്യത്തിൽ വിട്ടയച്ചതും കലാസ്‌കറിന് നീണ്ട തടങ്കൽ വിധിച്ചതും ന്യായരഹിതമാണെന്ന് പ്രതിഭാഗം വാദിച്ചു.
Also Read: ഹോസ്റ്റലിൽ മദ്യപാനം; ജെഎൻയു വിദ്യാർത്ഥികൾക്ക് പിഴ ചുമത്തി
മറ്റ് പ്രതികൾക്ക് ആയുധം കൈകാര്യം ചെയ്യുന്നതിനും ബോംബ് തയ്യാറാക്കുന്നതിനും പരിശീലനം നൽകുന്നതിൽ കലാസ്കർ ഉൾപ്പെട്ടിരുന്നുവെന്ന് പ്രോസിക്യൂഷൻ അവകാശപ്പെട്ടു. ജാമ്യം അനുവദിക്കുമ്പോൾ കലാസ്‌കറിന്റെ പങ്ക് കൊലപാതകവുമായി നേരിട്ട് ബന്ധപ്പെടുത്തിയില്ലെന്നും 18 കൂട്ടുപ്രതികളിൽ 16 പേർക്കും ജാമ്യം അനുവദിച്ചതിനാൽ തുല്യതക്ക് ഊന്നൽ നൽകുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. മറ്റൊരു പ്രതിയായ വികാസ് പാട്ടീൽ ഇപ്പോഴും ഒളിവിലാണ്. ഇയാളെ ഇതുവരെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല.
അതേ സമയം പ്രതികൾ നേരിടുന്ന ദീർഘനാളത്തെ തടവ് കാലയളവ് എടുത്തുകാണിച്ച കോടതി, വേഗത്തിലുള്ള വിചാരണക്കുള്ള ഭരണഘടനാപരമായ അവകാശത്തിന് ഊന്നൽ നൽകി. നീണ്ടുനിൽക്കുന്ന തടങ്കൽ നീതിയെ ദുർബലപ്പെടുത്തുമെന്ന് പൈ അടിവരയിട്ടു. എന്നാൽ, സാക്ഷികൾക്ക് ഭീഷണിയുണ്ടാകാൻ സാധ്യതയുള്ളതുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷൻ ഉന്നയിച്ച ആശങ്കകൾ കോടതി തള്ളിക്കളഞ്ഞു.