ഡൽഹിയിൽ ആളുകളെക്കൂട്ടിയാൽ ജനവിശ്വാസം കിട്ടില്ല! രാഹുൽ ഗാന്ധിക്കെതിരെ അമിത് ഷാ, ബിജെപിയുടെ വിജയക്കണക്ക് നിരത്തി വിമർശനം

ഗുജറാത്തിലെ രണ്ട് നഗരസഭകളിലും ഒരു കോർപ്പറേഷനിലുമായി നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ആകെയുള്ള 104 സീറ്റുകളിൽ 90 എണ്ണവും ബിജെപി നേടിയതാണ് അമിത് ഷായുടെ വിമർശനത്തിന് പശ്ചാത്തലം.

ഡൽഹിയിൽ ആളുകളെക്കൂട്ടിയാൽ ജനവിശ്വാസം കിട്ടില്ല! രാഹുൽ ഗാന്ധിക്കെതിരെ അമിത് ഷാ, ബിജെപിയുടെ വിജയക്കണക്ക് നിരത്തി വിമർശനം
ഡൽഹിയിൽ ആളുകളെക്കൂട്ടിയാൽ ജനവിശ്വാസം കിട്ടില്ല! രാഹുൽ ഗാന്ധിക്കെതിരെ അമിത് ഷാ, ബിജെപിയുടെ വിജയക്കണക്ക് നിരത്തി വിമർശനം

ഡൽഹി: ഡൽഹിയിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തകരെ ഒരുമിച്ചുകൂട്ടി റാലി നടത്തിയതുകൊണ്ട് മാത്രം ജനങ്ങളുടെ വിശ്വാസം നേടാനാവില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഗുജറാത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി വൻ വിജയം നേടിയതിന് പിന്നാലെയാണ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും കോൺഗ്രസിനുമെതിരെ അദ്ദേഹത്തിന്റെ വിമർശനം. രാജ്യത്തിന്റെ യഥാർത്ഥ ശബ്ദം ഗ്രാമങ്ങളിലും വയലുകളിലും മലയോര മേഖലകളിലുമാണെന്നും അവിടങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ കോൺഗ്രസിന് കഴിയുന്നില്ലെന്നും അമിത് ഷാ പറഞ്ഞു.

തീവ്ര വോട്ടർപട്ടികാ പരിഷ്‌കരണമായ എസ്‌ഐആർ ചൂണ്ടിക്കാട്ടി ബിജെപിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ജനപ്രീതിയെ ചോദ്യം ചെയ്യുന്ന രാഹുൽ ഗാന്ധി ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 1985നുശേഷം ഗുജറാത്തിൽ നടന്ന ഒരു തിരഞ്ഞെടുപ്പിലും കോൺഗ്രസിന് വിജയിക്കാനായിട്ടില്ലെന്നും എസ്‌ഐആർ നടപ്പാക്കിയത് 2024നുശേഷമാണെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. അതിനാൽ തിരഞ്ഞെടുപ്പ് തോൽവിക്ക് എസ്‌ഐആറിനെ കുറ്റപ്പെടുത്തുന്നതിൽ അർത്ഥമില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. എസ്‌ഐആറിനെ വിമർശിക്കുന്നതിലൂടെ അനധികൃത കുടിയേറ്റക്കാരെ സംരക്ഷിക്കാനാണ് രാഹുൽ ഗാന്ധി ശ്രമിക്കുന്നതെന്നും ഈ തന്ത്രം ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

ALSO READ; കൂടത്തായി മോഡൽ ദുരൂഹമരണങ്ങൾ; കൂടത്തിൽ കുടുംബത്തിലെ ഏഴ് മരണങ്ങൾക്കു പിന്നിലെ രഹസ്യം തേടി അന്വേഷണം..! ഒമ്പതു വർഷത്തിനുശേഷം കാര്യസ്ഥൻ അറസ്റ്റിൽ

ബിജെപിയുടെ മുന്നേറ്റത്തിന് ഉദാഹരണമായി രാജസ്ഥാനിലെയും ത്രിപുരയിലെയും തിരഞ്ഞെടുപ്പ് ഫലങ്ങളും അമിത് ഷാ നിരത്തി. രാജസ്ഥാനിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ 90 ശതമാനം മുനിസിപ്പൽ കോർപ്പറേഷനുകളിലും 66 ശതമാനം മുനിസിപ്പൽ കൗൺസിലുകളിലും 65 ശതമാനം മുനിസിപ്പാലിറ്റികളിലും ബിജെപി വിജയിച്ചതായി അദ്ദേഹം പറഞ്ഞു. ത്രിപുരയിലെ വില്ലേജ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ ആകെയുള്ള 4,600 സീറ്റുകളിൽ എൻഡിഎ 77.5 ശതമാനം വോട്ട് വിഹിതം നേടിയപ്പോൾ കോൺഗ്രസിന് 14 സീറ്റുകൾ മാത്രമാണ് ലഭിച്ചതെന്നും വ്യക്തമാക്കി. ത്രിപുരയിൽ 33 വർഷമായും പശ്ചിമ ബംഗാളിൽ 54 വർഷമായും കോൺഗ്രസിന് മുഖ്യമന്ത്രിമാരില്ലെന്നും പശ്ചിമ ബംഗാൾ, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ അടുത്തകാലത്തെ ഉപതിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് ഒരു സീറ്റുപോലും ലഭിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബംഗാളിലെ നെഗോൺ, നന്ദിഗ്രാം, റെജിനഗർ സീറ്റുകളിൽ ബിജെപി വലിയ വിജയം നേടിയെന്നും അവകാശപ്പെട്ടു.

ഗുജറാത്തിലെ രണ്ട് നഗരസഭകളിലും ഒരു കോർപ്പറേഷനിലുമായി നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ആകെയുള്ള 104 സീറ്റുകളിൽ 90 എണ്ണവും ബിജെപി നേടിയതാണ് അമിത് ഷായുടെ വിമർശനത്തിന് പശ്ചാത്തലം. അദ്ദേഹത്തിന്റെ ലോക്‌സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന ഗാന്ധിനഗർ മുനിസിപ്പൽ കോർപ്പറേഷനിൽ 44ൽ 38 സീറ്റുകളും ബിജെപി സ്വന്തമാക്കി. കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഗാന്ധിനഗറിൽ ബിജെപിയുടെ വോട്ട് വിഹിതം 10 ശതമാനം വർധിച്ചതായും ഇവിടെ മത്സരിച്ച 32 സീറ്റുകളിലും ആം ആദ്മി പാർട്ടിക്ക് കെട്ടിവെച്ച പണം നഷ്ടമായതായും റിപ്പോർട്ടിൽ പറയുന്നു. എസ്‌ഐആറിനെയും തിരഞ്ഞെടുപ്പ് ക്രമക്കേട് ആരോപണങ്ങളെയും തള്ളിയ അമിത് ഷാ, വ്യാജപ്രചാരണങ്ങളെ ജനങ്ങൾ തള്ളി ബിജെപിക്കൊപ്പം നിൽക്കുമെന്നും 2029ലെ പൊതുതിരഞ്ഞെടുപ്പിൽ എൻഡിഎ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്നും അവകാശപ്പെട്ടു. കോൺഗ്രസ് തുടർച്ചയായ നാലാം തോൽവിക്ക് തയ്യാറെടുക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.

Share Email
Top