തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളിൽ മാലിന്യം നിക്ഷേപിക്കാൻ ചവറ്റുകുട്ടകൾ സ്ഥാപിക്കാൻ തീരുമാനം. ‘മാലിന്യമുക്തം നവകേരളം’ പരിപാടിയുടെ ഭാഗമായാണ് നടപടി. മന്ത്രിമാരായ എം.ബി. രാജേഷിന്റെയും കെ.ബി. ഗണേഷ് കുമാറിന്റെയും നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ദീർഘദൂര ബസുകളിൽ കൃത്യമായ ഇടവേളകളിൽ മാലിന്യം നീക്കംചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തും. ഡിപ്പോകളിലും ആവശ്യമായ വേസ്റ്റ് ബിന്നുകളും മാലിന്യ സംസ്കരണ സംവിധാനങ്ങളും സജ്ജമാക്കും.
ബസുകളിൽ ‘മാലിന്യം വലിച്ചെറിയരുത്’ എന്ന ബോർഡും വെക്കും. ഡിപ്പോകളിലും മാലിന്യപ്പെട്ടികളും മാലിന്യസംസ്കരണ സംവിധാനങ്ങളും സജ്ജമാക്കും. തിരുവനന്തപുരം ഉൾപ്പെടെയുള്ള പ്രധാന ഡിപ്പോകളിൽ ഇ.ടി.പി.കൾ (എഫ്ളുവന്റ് ട്രീറ്റ്മെന്റ് പ്ലാന്റ്) തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ സ്ഥാപിക്കും. മൊബൈൽ ഇ.ടി.പി.യുടെ ലഭ്യതയും തേടും.
Also Read: ഡോണര്‍ മുറിയില്‍ ആരും അനധികൃതമായി തങ്ങുന്നില്ലെന്ന് ഉറപ്പാക്കണം: ഹൈക്കോടതി
അതേസമയം, ക്രിസ്മസ്, പുതുവർഷം പ്രമാണിച്ച് കെ.എസ്.ആർ.ടി.സി കൂടുതൽ സർവ്വീസുകൾ നടത്തും. സംസ്ഥാനത്തെ വിവിധ ഡിപ്പോകളിൽനിന്ന് കോയമ്പത്തൂർ, ബംഗളൂരു, ചെന്നൈ, നാഗർകോവിൽ എന്നിവിടങ്ങളിലേക്കാണ് അധിക സർവ്വീസ്. പ്രതിദിന സർവ്വീസുകൾക്കു പുറമെ 90 അധിക സർവ്വീസുകൾ നടത്താനാണ് ശ്രമം.