ഗേ ഡേറ്റിംഗ് ആപ്പ് വഴി കെണിയൊരുക്കി കവർച്ച! ബെംഗളൂരുവിൽ നാലംഗ സംഘം അറസ്റ്റിൽ

സംഭവത്തിൽ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം യെലഹങ്ക പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

ഗേ ഡേറ്റിംഗ് ആപ്പ് വഴി കെണിയൊരുക്കി കവർച്ച! ബെംഗളൂരുവിൽ നാലംഗ സംഘം അറസ്റ്റിൽ
ഗേ ഡേറ്റിംഗ് ആപ്പ് വഴി കെണിയൊരുക്കി കവർച്ച! ബെംഗളൂരുവിൽ നാലംഗ സംഘം അറസ്റ്റിൽ

ബെംഗളൂരുവിൽ ഗേ ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെ വശീകരിച്ച് വിളിച്ചുവരുത്തി കുത്തിപ്പരിക്കേൽപ്പിക്കുകയും പണം കവരുകയും ചെയ്ത നാലംഗ സംഘം പിടിയിലായി. ദർശൻ, രാജേഷ് എന്നിവരും പ്രായപൂർത്തിയാകാത്ത രണ്ട് പേരുമാണ് അറസ്റ്റിലായത്. ചിക്കജാല സ്വദേശിയായ 27 കാരനായ സിവിൽ എഞ്ചിനീയറാണ് അക്രമത്തിന് ഇരയായത്. സ്കൂൾ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച പ്രതികൾ തൊഴിലില്ലാത്തവരാണെന്നും പോലീസ് പറഞ്ഞു. സംഭവത്തിൽ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം യെലഹങ്ക പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഗ്രിൻഡർ എന്ന ഡേറ്റിംഗ് ആപ്പിലൂടെയാണ് പ്രതികൾ യുവാവിനെ പരിചയപ്പെട്ടത്. തുടർന്ന് ബാഗലൂർ റോഡിനടുത്തുള്ള പലനഹള്ളി ഗേറ്റിലേക്ക് കാണാനായി വിളിച്ചുവരുത്തുകയായിരുന്നു. സ്ഥലത്തെത്തിയ യുവാവിനെ വളഞ്ഞ സംഘം, ആപ്പ് ഉപയോഗിക്കുന്ന വിവരം വീട്ടുകാരെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി. ശേഷം മൊബൈൽ ഫോണും യുപിഐ പാസ്‌വേഡും ആവശ്യപ്പെട്ടു. ഇത് നൽകാൻ വിസമ്മതിച്ച യുവാവിനെ പ്രതികൾ കത്തികൊണ്ട് തലയിലും കൈയിലും വയറിലും മാരകമായി കുത്തിപ്പരിക്കേൽപ്പിച്ചു.

ആക്രമണത്തിന് ശേഷം യുവാവിന്റെ ഫോണിലൂടെ 16,000 രൂപ യുപിഐ വഴി സ്വന്തം അക്കൗണ്ടുകളിലേക്ക് മാറ്റിയ സംഘം ഉടൻ തന്നെ സംഭവസ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. പരിക്കേറ്റ യുവാവ് സുഹൃത്തിനെ വിവരമറിയിക്കുകയും ബെല്ലാരി റോഡിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. മേഖലയിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പോലീസ് വലയിലാക്കിയത്.

Share Email
Top