മുംബൈ: രാജ്യത്ത് സാമ്പത്തിക അസമത്വം വര്‍ധിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പുമന്ത്രി നിതിന്‍ ഗഡ്കരി. ദരിദ്രരുടെ എണ്ണം വര്‍ധിക്കുന്നിനൊപ്പം സമ്പത്ത് കുറച്ചാളുകളില്‍ കുമിഞ്ഞുകൂടുന്നത് രാജ്യത്തിന്റെ സാമൂഹിക-സാമ്പത്തിക ഘടനയ്ക്ക് ഗുരുതര വെല്ലുവിളിയാണ്. പാവപ്പെട്ടവരുടെ എണ്ണം പതിയെ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഒപ്പം സമ്പത്ത് ചില സമ്പന്നരുടെ കൈകളില്‍ കേന്ദ്രീകരിക്കപ്പെടുകയും ചെയ്യുന്നു. അങ്ങനെ സംഭവിച്ചുകൂടാ, ഗഡ്കരി പറഞ്ഞു. മഹാരാഷ്ട്രയിലെ നാഗ്പുരില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ വികസനം അളക്കേണ്ടത് ജിഡിപി (മൊത്ത ആഭ്യന്തര ഉത്പാദനം) സംഖ്യകളുടെ അടിസ്ഥാനത്തില്‍ മാത്രമല്ലെന്നും രാജ്യത്തെ പാര്‍ശ്വവത്കരിക്കപ്പെട്ടവരെയും ഗ്രാമീണ സമൂഹങ്ങളെയും ഉയര്‍ത്തിക്കൊണ്ടുവരുന്നതിന്റെ അടിസ്ഥാനത്തില്‍ക്കൂടിയായിരിക്കണമെന്നും ഗഡ്കരി പറഞ്ഞു. നിര്‍മാണ മേഖല 22-24 ശതമാനം, സേവന മേഖല 52-54 ശതമാനം എന്നിങ്ങനെ ജിഡിപിയിലേക്ക് വിവിധ മേഖലകള്‍ നല്‍കുന്ന സംഭാവനകളെക്കുറിച്ചും മന്ത്രി പരാമര്‍ശിച്ചു. അതേസമയം, ഗ്രാമീണ ജനസംഖ്യയില്‍ 65-70 ശതമാനം പേര്‍ കാര്‍ഷികവൃത്തിയിലേര്‍പ്പെടുമ്പോഴും ആ മേഖല ജിഡിപിയിലേക്ക് സംഭാവന ചെയ്യുന്നത് 12 ശതമാനം മാത്രമാണെന്നും ഗഡ്കരി പറഞ്ഞു.
Also Read: തമിഴ്‌നാട്ടിൽ പടക്ക നിർമാണ ശാലയിലുണ്ടായ പൊട്ടിത്തെറിയിൽ ഒരു മരണം; നാല് പേർക്ക് പരിക്ക്
റോഡ് നിര്‍മാണത്തിന് ബില്‍ഡ്-ഓപ്പറേറ്റ്-ട്രാന്‍സ്ഫര്‍ സംവിധാനം ആവിഷ്‌കരിച്ചത് താനാണെന്നും ഗഡ്കരി പറഞ്ഞു. റോഡ് വികസനത്തിന് ഫണ്ട് അപര്യാപ്ത ഇല്ല. ചിലപ്പോള്‍ ഞാന്‍ പറയാറുണ്ട്, എനിക്ക് ഫണ്ടിന്റെ കുറവില്ല, ജോലിയുടെ കുറവേയുള്ളൂവെന്ന്, ഗഡ്കരി പറഞ്ഞു. നിലവില്‍ ടോള്‍ ബൂത്തുകളിലൂടെ 55,000 കോടിരൂപയാണ് ലഭിക്കുന്നത്. അടുത്ത രണ്ടുകൊല്ലംകൊണ്ട് ആ വരുമാനം 1.40 ലക്ഷം കോടിയിലെത്തും. അടുത്ത 15 കൊല്ലംകൂടി പണം ഈടാക്കുമ്പോള്‍ 12 ലക്ഷം കോടിയാകും. പുതിയ ടോളുകള്‍ ഖജനാവിലേക്ക് കൂടുതല്‍ പണം എത്തിക്കുമെന്നും ഗഡ്കരി പറഞ്ഞു.