പൊതുജനങ്ങളുടെ പരിസ്ഥിതി ബോധവൽക്കരണം ശാസ്ത്രീയമായി വിലയിരുത്താൻ ഫുജൈറ; പുതിയ പദ്ധതിയുമായി പരിസ്ഥിതി അതോറിറ്റി

ബോധവൽക്കരണവും യഥാർത്ഥ ജീവിതത്തിലെ പ്രയോഗവും തമ്മിലുള്ള അന്തരം കൃത്യമായി കണ്ടെത്തുകയും, ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ സുപ്രധാന തീരുമാനങ്ങൾ കൈക്കൊള്ളുകയുമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്

പൊതുജനങ്ങളുടെ പരിസ്ഥിതി ബോധവൽക്കരണം ശാസ്ത്രീയമായി വിലയിരുത്താൻ ഫുജൈറ; പുതിയ പദ്ധതിയുമായി പരിസ്ഥിതി അതോറിറ്റി
പൊതുജനങ്ങളുടെ പരിസ്ഥിതി ബോധവൽക്കരണം ശാസ്ത്രീയമായി വിലയിരുത്താൻ ഫുജൈറ; പുതിയ പദ്ധതിയുമായി പരിസ്ഥിതി അതോറിറ്റി

പ്രകൃതി സംരക്ഷണവും സുസ്ഥിര വികസനവും ലക്ഷ്യമാക്കി പൊതുജനങ്ങളുടെ പരിസ്ഥിതി ബോധവൽക്കരണ നിലവാരവും നിത്യജീവിതത്തിലെ ഇടപെടലുകളും ശാസ്ത്രീയമായി അളക്കുന്നതിനുള്ള നൂതന പദ്ധതിക്ക് ഫുജൈറ പരിസ്ഥിതി അതോറിറ്റി (എഫ്.ഇ.എ) ഔദ്യോഗികമായി തുടക്കം കുറിച്ചു. ബോധവൽക്കരണവും യഥാർത്ഥ ജീവിതത്തിലെ പ്രയോഗവും തമ്മിലുള്ള അന്തരം കൃത്യമായി കണ്ടെത്തുകയും, ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ സുപ്രധാന തീരുമാനങ്ങൾ കൈക്കൊള്ളുകയുമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പരമ്പരാഗതമായ ബോധവൽക്കരണ പരിപാടികൾ നടത്തുന്നതിന് അപ്പുറം, അവ സാധാരണക്കാരുടെ ദൈനംദിന ജീവിതത്തിൽ എത്തരത്തിലുള്ള മാറ്റങ്ങളാണ് ഉണ്ടാക്കുന്നത് എന്ന് വിലയിരുത്താനാണ് ഈ ഘട്ടത്തിൽ പ്രത്യേക മുൻഗണന നൽകുന്നതെന്ന് അതോറിറ്റി ഡയറക്ടർ അസീല അബ്ദുല്ല അലി അൽ മഅല്ല വ്യക്തമാക്കി.

കുടുംബങ്ങൾ, സ്കൂൾ-കോളജ് വിദ്യാർത്ഥികൾ, സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾ, വ്യവസായ-വാണിജ്യ മേഖലകൾ, കർഷകർ, മത്സ്യത്തൊഴിലാളികൾ തുടങ്ങിയ വിവിധ സമൂഹ വിഭാഗങ്ങളെ കേന്ദ്രീകരിച്ചാണ് ഈ സമഗ്ര പഠനം പുരോഗമിക്കുന്നത്. ഫുജൈറയുടെ സവിശേഷമായ ഭൂമിശാസ്ത്രപരവും സാമൂഹികവുമായ സാഹചര്യങ്ങൾ പൂർണ്ണമായും കണക്കിലെടുത്തുകൊണ്ടാണ് പൊതുജനങ്ങളിൽ നിന്നും പ്രതികരണങ്ങളും സാമ്പിളുകളും ശേഖരിക്കുന്നത്. ഈ സർവേയിലൂടെ ലഭിക്കുന്ന വിവരങ്ങൾ വിശകലനം ചെയ്ത് കൂടുതൽ ഫലപ്രദമായ പരിസ്ഥിതി നയങ്ങളും പദ്ധതികളും രൂപീകരിക്കാനും, വരുംതലമുറയ്ക്കായി പ്രകൃതിവിഭവങ്ങൾ സുരക്ഷിതമായി സംരക്ഷിച്ചു നിർത്താനും സാധിക്കുമെന്നാണ് അതോറിറ്റിയുടെ പ്രതീക്ഷ.

Share Email
Top