രാജ്യത്ത് ഇന്ന് (2026 ജൂൺ 3) പെട്രോൾ, ഡീസൽ നിരക്കുകളിൽ എണ്ണ കമ്പനികൾ മാറ്റമൊന്നും വരുത്തിയിട്ടില്ല. പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് അസംസ്‌കൃത എണ്ണവില ഉയർന്നതോടെ പെട്രോളിനും ഡീസലിനും ലിറ്ററിന് ഏകദേശം 7.5 രൂപ വരെ ഇതിനോടകം വർദ്ധിച്ചിട്ടുണ്ട്. ഇതിനിടയിലാണ് ഇന്ധന കയറ്റുമതി തീരുവ സർക്കാർ കുറച്ചത്. പെട്രോളിന് 1.5 രൂപയും ഡീസലിന് 13.5 രൂപയുമായാണ് കയറ്റുമതി തീരുവ കുറച്ചിരിക്കുന്നത്. എന്നാൽ, മുംബൈയിൽ സിഎൻജി വില കിലോയ്ക്ക് 2 രൂപ വർദ്ധിച്ച് 86 രൂപയാവുകയും, പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് നിരക്ക് 50 പൈസ വർദ്ധിച്ച് 52 രൂപയാവുകയും ചെയ്തു. കൂടാതെ, ജൂൺ 1 മുതൽ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ വർദ്ധിപ്പിച്ചതോടെ ഡൽഹിയിൽ ഇതിന്റെ വില 3,113.50 രൂപയിലെത്തി.
നിലവിലെ നിരക്കുകൾ പരിശോധിച്ചാൽ രാജ്യത്ത് ഏറ്റവും കൂടുതൽ പെട്രോൾ വിലയുള്ളത് ഹൈദരാബാദിലാണ്—ലിറ്ററിന് 115.69 രൂപ. തൊട്ടുപിന്നാലെയുള്ള തിരുവനന്തപുരത്ത് പെട്രോളിന് 115.49 രൂപയാണ് നിരക്ക്. എന്നാൽ ഡീസൽ വിലയുടെ കാര്യത്തിൽ തിരുവനന്തപുരമാണ് രാജ്യത്ത് ഏറ്റവും മുന്നിൽ; ഇവിടെ ഒരു ലിറ്റർ ഡീസലിന് 104.40 രൂപയാണ് വില. ഹൈദരാബാദിൽ ഇത് 103.82 രൂപയാണ്. മെട്രോ നഗരങ്ങളെ അപേക്ഷിച്ച് ചണ്ഡീഗഡിലാണ് ഏറ്റവും കുറഞ്ഞ നിരക്കിൽ ഇന്ധനം ലഭിക്കുന്നത്. ചണ്ഡീഗഡിൽ പെട്രോളിന് 98.10 രൂപയും ഡീസലിന് 86.09 രൂപയുമാണ് ഇന്നത്തെ വില. ന്യൂഡൽഹി (102.12 രൂപ), ലഖ്‌നൗ (102.05 രൂപ) എന്നീ നഗരങ്ങളിലും മറ്റ് വലിയ നഗരങ്ങളെ അപേക്ഷിച്ച് പെട്രോൾ വില താരതമ്യേന കുറവാണ്.





