രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 87 പൈസയും ഡീസൽ ലിറ്ററിന് 91 പൈസയുമാണ് ഇന്ന് കൂട്ടിയത്. കഴിഞ്ഞ 10 ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് എണ്ണക്കമ്പനികൾ ഇന്ധനവില വർധിപ്പിക്കുന്നത്. ഇതോടെ ഗതാഗതച്ചെലവും നിത്യോപയോഗ സാധനങ്ങളുടെ വിലയും കുതിച്ചുയരുമെന്ന ആശങ്ക ശക്തമായി. ലിറ്ററിന് മൂന്ന് രൂപ വീതമാണ് പെട്രോളിനും ഡീസലിനും വർധിപ്പിച്ചത്. ഇതിന് പിന്നാലെ കഴിഞ്ഞദിവസം പെട്രോളിന് 86 പൈസയും ഡീസലിന് 83 പൈസയും വർധിപ്പിച്ചിരുന്നു.
പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷങ്ങളാണ് നിലവിലെ ഇന്ധനവില വർധനവിന് പ്രധാന കാരണം. ഈ പ്രതിസന്ധി ആഗോള എണ്ണ വിതരണ ശൃംഖലയെ ബാധിച്ചതോടെ അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില വലിയ തോതിൽ ഉയരുകയാണ്. ഒറ്റയടിക്ക് വില കൂട്ടുന്നതിന് പകരം, കൃത്യമായ ഇടവേളകളിൽ നേരിയ തോതിൽ നിരക്ക് വർധിപ്പിച്ച് മൊത്തത്തിൽ എട്ട് രൂപ വരെ ഇന്ധനവില കൂട്ടാനാണ് എണ്ണ കമ്പനികൾ ലക്ഷ്യമിടുന്നതെന്ന് സൂചനയുണ്ട്.
വാഹന ഇന്ധനത്തിന് പിന്നാലെ ഗാർഹിക ഉപയോഗത്തിനുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയും ഉടൻ വർധിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇന്ധനവില വർധിക്കുന്നത് ചരക്കുകൂലി കുതിച്ചുയരാൻ കാരണമാകും. ഇത് വിപണിയിൽ നിത്യോപയോഗ സാധനങ്ങളുടെ വലിയ രീതിയിലുള്ള വിലക്കയറ്റത്തിലേക്ക് നയിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ടാക്സി, ബസ് സർവീസുകളെയും സ്വന്തമായി വാഹനമുള്ള സാധാരണക്കാരെയും ഈ വില വർധനവ് സാരമായി ബാധിക്കും.





