ഇന്ധനച്ചെലവ് കുറയും, വിപണി പിടിക്കാൻ ഹീറോ! ആദ്യ എത്തനോൾ ബൈക്ക് ഇന്ന് പുറത്തിറക്കും

കഴിഞ്ഞ ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ ഹീറോ ഇതിന്റെ പ്രോട്ടോടൈപ്പ് പ്രദർശിപ്പിച്ചിരുന്നു

ഇന്ധനച്ചെലവ് കുറയും, വിപണി പിടിക്കാൻ ഹീറോ! ആദ്യ എത്തനോൾ ബൈക്ക് ഇന്ന് പുറത്തിറക്കും
ഇന്ധനച്ചെലവ് കുറയും, വിപണി പിടിക്കാൻ ഹീറോ! ആദ്യ എത്തനോൾ ബൈക്ക് ഇന്ന് പുറത്തിറക്കും

രാജ്യത്തെ പ്രമുഖ ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹീറോ മോട്ടോകോർപ്പ് തങ്ങളുടെ ആദ്യത്തെ എത്തനോൾ ഇന്ധന (ഫ്ലെക്സ്-ഫ്യൂവൽ) മോട്ടോർസൈക്കിൾ ഇന്ന് വിപണിയിൽ ഇറക്കുന്നു. ഇന്ന് വൈകുന്നേരം നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി, പെട്രോളിയം-പ്രകൃതിവാതക മന്ത്രി ഹർദീപ് സിംഗ് പുരി എന്നിവർ ചേർന്നാണ് പുതിയ വാഹനം ലോഞ്ച് ചെയ്യുന്നത്. ഹീറോയുടെ പേരോ മറ്റ് സാങ്കേതിക വിവരങ്ങളോ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും, ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന സ്പ്ലെൻഡർ പ്ലസ് അല്ലെങ്കിൽ എച്ച്എഫ് ഡീലക്സ് മോഡലുകളുടെ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും ഈ ബൈക്ക് നിർമ്മിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ ഹീറോ ഇതിന്റെ പ്രോട്ടോടൈപ്പ് പ്രദർശിപ്പിച്ചിരുന്നു.

സാധാരണ പെട്രോൾ വാഹനങ്ങളിൽ നിന്നും വ്യത്യസ്തമായി ഇ20 മുതൽ ഇ85 വരെയുള്ള ഉയർന്ന അളവിലെ എത്തനോൾ മിശ്രിത ഇന്ധനങ്ങളിൽ പ്രവർത്തിക്കാൻ ഈ ഫ്ലെക്സ്-ഫ്യൂവൽ ബൈക്കിന് സാധിക്കും. പ്രദർശിപ്പിച്ച പ്രോട്ടോടൈപ്പ് മാതൃക പിന്തുടരുകയാണെങ്കിൽ, ഹീറോയുടെ ഫ്യുവൽ-ഇഞ്ചക്ഷൻ സാങ്കേതികവിദ്യയോടുകൂടിയ 97.2 സിസി സിംഗിൾ-സിലിണ്ടർ എയർ-കൂൾഡ് എഞ്ചിനായിരിക്കും ഇതിലുണ്ടാകുക. എത്തനോൾ ഇന്ധനത്തിന് അനുയോജ്യമായ പ്രത്യേക ഹാർഡ്‌വെയറുകൾ ഉപയോഗിക്കുന്നതിനാൽ സാധാരണ പെട്രോൾ മോഡലുകളേക്കാൾ നേരിയ വിലക്കൂടുതൽ ഇതിനുണ്ടാകാൻ സാധ്യതയുണ്ട്. നിലവിൽ സുസുക്കി ജിക്സർ SF 250 മാത്രമാണ് ഇന്ത്യൻ വിപണിയിലുള്ള മറ്റൊരു ഫ്ലെക്സ് ഫ്യൂവൽ വാഹനം. ഹോണ്ട ഈ വിഭാഗത്തിൽ ഒരു മോഡൽ ഇറക്കിയെങ്കിലും പിന്നീട് അത് നിർത്തലാക്കുകയായിരുന്നു.

Share Email
Top