നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് പി വി അന്‍വര്‍ പ്രഖ്യാപിച്ചതോടെ, ഇടതുപക്ഷവും യു.ഡി.എഫും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലാണ് ഇനി നടക്കാന്‍ പോകുന്നത്. അന്‍വര്‍ അനുഭാവികളുടെ വോട്ട് ആര്‍ക്ക് പോകുമെന്നതും ഇനി പ്രസക്തമായ കാര്യമാണ്. സി.പി.എമ്മിന്റെയും പിണറായിയുടെയും പ്രഖ്യാപിത ശത്രുവായ പി.വി അന്‍വറിനെ സംബന്ധിച്ച്, ഇപ്പോള്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ആര്യാടന്‍ ഷൗക്കത്തും ശത്രു ലിസ്റ്റില്‍ ഉള്‍പ്പെട്ടു കഴിഞ്ഞു. അതുകൊണ്ടു തന്നെ, സ്വരാജ് ജയിച്ചാലും ഷൗക്കത്ത് ജയിച്ചാലും അത് പി.വി അന്‍വറിനാണ് പ്രഹരമാകുക. അതായത് തെരഞ്ഞെടുപ്പ് നടക്കും മുന്‍പ് തന്നെ തോല്‍വി ഏറ്റുവാങ്ങേണ്ട അവസ്ഥയിലാണ് പി.വി അന്‍വര്‍ നിലവിലുള്ളത്. രാജിവച്ചത് അബദ്ധമായി പോയി എന്ന് യഥാര്‍ത്ഥത്തില്‍ അന്‍വറിന് തോന്നിയിട്ടുണ്ടാവുക ഇപ്പോഴാണ്.
Also Read: നിലമ്പൂർ തിരഞ്ഞെടുപ്പ്: ആര്യാടൻ ഷൗക്കത്ത് നാമനിർദേശ പത്രിക സമർപ്പിച്ചു
കോണ്‍ഗ്രസ്സിലെയും മുസ്ലീം ലീഗിലെയും ഒരു വിഭാഗം ശ്രമിച്ചിട്ടും വി.ഡി സതീശന്‍ നിലപാട് മാറ്റാന്‍ തയ്യാറാകാതിരുന്നതും സതീശന്റെ ഈ നിലപാടിന് യു.ഡി.എഫില്‍ സ്വീകാര്യത കൂടിയതുമാണ് അന്‍വറിന് തിരിച്ചടിയായിരിക്കുന്നത്. യു.ഡി.എഫിനോട് സഹകരിക്കുന്ന ഒരു കക്ഷിയായി മാത്രം നിന്നാല്‍ തഴയപ്പെടും എന്ന കാര്യം ഉറപ്പായതിനാലാണ് അന്‍വര്‍ അസോസിയേറ്റ് അംഗമെന്ന ഓഫര്‍ നിരസിച്ചിരുന്നത്. അതാകട്ടെ വി.ഡി സതീശന്‍ പ്രതീക്ഷിച്ചതുമാണ്. കേഡര്‍ പാര്‍ട്ടിയായ സി.പി.എമ്മിനെ വെല്ലുവിളിച്ച് പോരിനിറങ്ങിയ അന്‍വര്‍ നാളെ യു.ഡി.എഫിന് വലിയ തലവേദനയാകുമെന്ന സതീശന്റെ മുന്നറിയിപ്പാണ് തൃണമൂലിനെ യു.ഡി.എഫില്‍ എടുക്കാന്‍ പ്രധാന തടസ്സമായിരുന്നത്. ഇതോടെ ഇപ്പോള്‍ ഒറ്റപ്പെട്ടിരിക്കുന്നത് പി.വി അന്‍വറാണ്. മത്സരിക്കാന്‍ തനിക്ക് താല്‍പര്യമുണ്ടെന്നും എന്നാല്‍ കൈയ്യില്‍ പൈസയില്ലെന്നും അന്‍വര്‍ പറഞ്ഞത്, മത്സരിച്ചാല്‍ ലഭിക്കാന്‍ പോകുന്ന വോട്ടുകളിലുള്ള ഭയമാണെന്നാണ് സി.പി.എമ്മും കോണ്‍ഗ്രസ്സും കരുതുന്നത്.

വി ഡി സതീശന്‍ നയിക്കുന്ന യുഡിഎഫിലേക്കില്ലെന്ന അന്‍വറിന്റെ പ്രഖ്യാപനം അദ്ദേഹത്തിന്റെ അനുയായികളെയും ആശങ്കയിലാക്കിയിട്ടുണ്ട്. ഇനി എങ്ങോട്ട് എന്ന ചോദ്യമാണ് അവര്‍ക്ക് മുന്നിലുള്ളത്. ബി.ജെ.പിയുടെ പരമ്പരാഗത ശത്രുവാണ് തൃണമൂല്‍ കോണ്‍ഗ്രസ്സ് എന്നതിനാല്‍, അന്‍വര്‍ വിചാരിച്ചാല്‍ പോലും എന്‍.ഡി.എ മുന്നണിയില്‍ പോലും ഇനി എത്താന്‍ കഴിയില്ല. താന്‍ പിന്തുണച്ചിട്ടും ഷൗക്കത്ത് തൊറ്റാല്‍ എന്ത് ചെയ്യുമെന്നും അതുകൊണ്ടാണ് എതിര്‍ത്തതെന്നുമാണ് അന്‍വര്‍ ഇപ്പോള്‍ പറയുന്ന ന്യായീകരണം. ഈ ന്യായീകരണം അദ്ദേഹത്തിന്റെ നിലപാടുകളെ പിന്തുണയ്ക്കുന്നവര്‍ക്ക് പോലും ദഹിക്കാത്ത ന്യായീകരണമാണ്.
Also Read: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; എം സ്വരാജിന് ആവേശോജ്ജ്വല സ്വീകരണം നൽകി
പിണറായിസത്തിന്റെ ഏറ്റവും വലിയ വക്താവാണ് എം സ്വരാജെന്ന പി.വി അന്‍വറിന്റെ വിമര്‍ശനവും നിലമ്പൂരിലെ പോരാട്ട ചൂടിനെ സ്വാധീനിച്ചിട്ടില്ല. മറ്റൊരു രാഷ്ട്രീയ നേതാവും പറയാത്ത ഭാഷ ഉപയോഗിച്ച് നിരന്തരം മുഖ്യമന്ത്രിയെയും സി.പി.എമ്മിനെയും കടന്നാക്രമിച്ച പി.വി അന്‍വറിന്റെ സകല രാഷ്ട്രീയ സ്വപ്നങ്ങളും നിലമ്പൂരിന്റെ മണ്ണില്‍ കുഴിച്ചു മൂടുമെന്ന വാശിയിലാണ് സി.പി.എം പ്രവര്‍ത്തകരുള്ളത്. സ്വരാജിന്റെ വിജയത്തോടെ അന്‍വറിന് ചുട്ടമറുപടി നല്‍കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് അവര്‍ക്കുള്ളത്. നീണ്ട ഇടവേളക്ക് ശേഷം പാര്‍ട്ടി ചിഹ്നത്തില്‍ വോട്ട് ചെയ്യാന്‍ ലഭിച്ച അവസരം സ്വരാജിന്റെ വിജയത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുമെന്നാണ് സി.പി.എം അനുഭാവികള്‍ കണക്ക് കൂട്ടുന്നത്.

നിലവിലെ പ്രതികൂല രാഷ്ട്രീയ സാഹചര്യത്തിലും നിലമ്പൂര്‍ മണ്ഡലം അന്‍വറിന്റെ സഹായമില്ലാതെ നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ അതിന്റെ നേട്ടം തദ്ദേശ – നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് ഒരുങ്ങാന്‍ ഇടതുപക്ഷത്തിന് കരുത്ത് പകരും. യു.ഡി.എഫിനെ സംബന്ധിച്ച്, നിലമ്പൂര്‍ നിര്‍ണ്ണായക തെരഞ്ഞെടുപ്പാണെങ്കിലും ഇവിടെ പരാജയപ്പെട്ടാല്‍ ഇടതുപക്ഷത്തിന്റെ സിറ്റിംഗ് സീറ്റ് അവര്‍ നിലനിര്‍ത്തി എന്ന വാദമുയര്‍ത്തി തല്‍ക്കാലം തലയൂരാന്‍ യു.ഡി.എഫ് നേതൃത്വത്തിനു കഴിയും. അന്‍വര്‍ നിലമ്പൂരില്‍ രണ്ട് തവണ വിജയിച്ചത് സി.പി.എം വോട്ടുകള്‍ കൊണ്ട് മാത്രമാണെന്നതും ഈ ഘട്ടത്തില്‍ കോണ്‍ഗ്രസ്സിന് തുറന്ന് സമ്മതിക്കേണ്ടതായി വരും. അപ്പോഴും യഥാര്‍ത്ഥത്തില്‍ തിരിച്ചടിയേല്‍ക്കുക അന്‍വറിന് തന്നെയാണ്.
Also Read: ‘നിലമ്പൂരിൽ മത്സരിക്കില്ല’: പി വി അൻവർ
ആര്യാടന്‍ ഷൗക്കത്തിന്റെ പാര്‍ലമെന്ററി താല്‍പ്പര്യങ്ങളും നിലമ്പൂരില്‍ യു.ഡി.എഫ് പരാജയപ്പെട്ടാല്‍ ത്രിശങ്കുവിലാകും. 2026-ലെ പൊതു തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് സീറ്റ് ലഭിക്കാനും സാധ്യത കുറയും. ഷൗക്കത്ത് പരാജയപ്പെട്ടാല്‍ 2026-ല്‍ വി.എസ്. ജോയ് ആയിരിക്കും നിലമ്പൂരിലെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി എന്നതും ഉറപ്പാണ്. മാത്രമല്ല, ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വിജയിച്ചാല്‍ കോണ്‍ഗ്രസ്സില്‍ വി.ഡി സതീശന്റെ സ്വാധീനം വര്‍ദ്ധിക്കും. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ മുന്നണിക്കുള്ളിലും പാര്‍ട്ടിയിലും പിന്തുണ വര്‍ദ്ധിക്കുകയും ചെയ്യും.

സ്വരാജിനാണെങ്കില്‍, നിലമ്പൂരില്‍ വിജയിച്ചാലും ഇല്ലെങ്കിലും 2026-ല്‍ നിയമസഭാ സീറ്റ് ഉറപ്പാണ്. നിലമ്പൂരില്‍ വിജയിച്ചാല്‍, പൊതു തെരഞ്ഞെടുപ്പിലും ഇതേ മണ്ഡലത്തില്‍ നിന്നു തന്നെ സ്വരാജ് ജനവിധി തേടും. പരാജയപ്പെട്ടാല്‍ തൃപ്പൂണിത്തുറ ഉള്‍പ്പെടെ മറ്റു മണ്ഡലങ്ങളിലേക്കും പരിഗണിക്കപ്പെടും. ഇടതുപക്ഷ മുന്നണിയെ സംബന്ധിച്ചും നിലമ്പൂരില്‍ പരാജയപ്പെട്ടാല്‍ അത് 2026 നെ ബാധിക്കുമെന്ന ആശങ്കയ്ക്ക് വകയില്ല. കാരണം, ശബരിനാഥന്റെ കന്നിയങ്കം നടന്ന അരുവിക്കര ഉപതെരഞ്ഞെടുപ്പ് തന്നെ ഇതിന് ഉദാഹരണമാണ്. ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍, ഒരിക്കലും പൊതു തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന പ്രധാന ഘടകമല്ല. ചരിത്രവും അതു തന്നെയാണ്. രാഷ്ട്രീയപാര്‍ട്ടികളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനും, അണികളെ ഉഷാറാക്കാനും മാത്രമാണ് പൊതുവെ ഇത്തരം വിജയങ്ങള്‍ ഗുണം ചെയ്യാറുള്ളത് എന്നതും ഒരു യാഥാര്‍ത്ഥ്യമാണ്.
Express View
വീഡിയോ കാണാം