അബുദാബി: അടുത്ത വർഷം ആരംഭിക്കാനിരിക്കുന്ന ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സേവനങ്ങൾക്കായി പുതിയ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കാൻ പോകുകയാണ്. ട്രെയിൻ യാത്രയ്ക്ക് ശേഷം ബസ്, ടാക്സി, ദുബായ് മെട്രോ, അല്ലെങ്കിൽ ഓൺ ഡിമാൻഡ് ടാക്സി തുടങ്ങിയ മറ്റ് ഗതാഗത മാർഗ്ഗങ്ങളിലൂടെയുള്ള തുടർ യാത്ര കൂടി ഈ ആപ് വഴി എളുപ്പത്തിൽ ആസൂത്രണം ചെയ്യാൻ സാധിക്കും.
ഇത്തിഹാദ് റെയിൽ ശൃംഖലയെ ‘സിറ്റി മാപ്പർ’ ആപ്പുമായി സംയോജിപ്പിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. യാത്ര പുറപ്പെടുന്ന സ്ഥലം മുതൽ ലക്ഷ്യസ്ഥാനത്ത് എത്തുന്നതുവരെയുള്ള എല്ലാ സേവനങ്ങളും ഈ ആപ്ലിക്കേഷൻ വഴി ബുക്ക് ചെയ്യാം. റൂട്ട് വിവരങ്ങൾ, ടിക്കറ്റ് നിരക്കുകൾ, മറ്റ് യാത്രാ മാർഗ്ഗങ്ങളുമായുള്ള താരതമ്യം ചെയ്യാനുള്ള സൗകര്യം തുടങ്ങിയ വിവരങ്ങളും ആപ്പിൽ ലഭ്യമാകും.













