ചായയില്‍ ബിസ്‌ക്കറ്റോ ബ്രെഡോ മുക്കിക്കഴിക്കുന്നത് പലരുടെയും പ്രഭാത-സായാഹ്ന ശീലങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്. യൂറോപ്പില്‍ ചായ ജനപ്രിയമായ കാലത്താണ് ചായയ്‌ക്കൊപ്പം ചെറിയ പലഹാരങ്ങള്‍ കഴിക്കുന്ന ശീലം വളര്‍ന്നത്. പിന്നീട് ബ്രിട്ടനില്‍ ‘ആഫ്റ്റര്‍നൂണ്‍ ടീ’ എന്ന സംസ്‌കാരം പ്രചാരത്തിലായതോടെ, ഉച്ചഭക്ഷണത്തിനും അത്താഴത്തിനും ഇടയിലുള്ള വിശപ്പ് മാറ്റാൻ ചായയ്‌ക്കൊപ്പം ബ്രെഡും ബിസ്‌ക്കറ്റും കഴിക്കുന്ന രീതി വ്യാപകമായി.
പണ്ടുകാലത്തെ ബിസ്‌ക്കറ്റുകൾ ഇന്നത്തെപ്പോലെ മൃദുവായിരുന്നില്ല. ദീര്‍ഘകാലം കേടാകാതെ സൂക്ഷിക്കാനായി നിര്‍മ്മിച്ചിരുന്ന കട്ടിയുള്ള ഉണക്ക ബിസ്‌ക്കറ്റുകളാണ് നാവികര്‍ക്കും സൈനികര്‍ക്കും നല്‍കിയിരുന്നത്. എന്നാല്‍ ഇവ കഴിക്കാന്‍ ഏറെ ബുദ്ധിമുട്ടായിരുന്നു. അങ്ങനെയാണ് കട്ടിയുള്ള ഇത്തരം ആഹാരങ്ങള്‍ വെള്ളത്തിലോ ചൂടുള്ള പാനീയങ്ങളിലോ മുക്കി മൃദുവാക്കിയ ശേഷം കഴിക്കുന്ന രീതി പണ്ടുകാലത്ത് ഉണ്ടായത്.
ചായയില്‍ ബിസ്‌ക്കറ്റ് മുക്കുമ്പോള്‍ ചൂടുള്ള ചായ അത് ആഗിരണം ചെയ്യുകയും ബിസ്‌ക്കറ്റ് മൃദുവാകുകയും ചെയ്യുന്നു. വരണ്ട ബിസ്‌ക്കറ്റിന് പകരം ചായയുടെ രുചികൂടി ചേരുമ്പോള്‍ അത് കഴിക്കാന്‍ കൂടുതല്‍ സ്വാദിഷ്ടമായി മാറും. അതുകൊണ്ടാണ് സാധാരണ ബിസ്‌ക്കറ്റിനേക്കാള്‍ ചായയില്‍ മുക്കിയ ബിസ്‌ക്കറ്റ് കഴിക്കാന്‍ പലര്‍ക്കും ഏറെ ഇഷ്ടപ്പെടാനുള്ള പ്രധാന കാരണം.
Also Read:വെള്ളം കുടിക്കാൻ ദാഹം തോന്നുന്നത് വരെ കാത്തിരിക്കാറുണ്ടോ? എങ്കിൽ ഈ തെറ്റ് ഉടൻ തിരുത്തുക!
ബ്രിട്ടീഷ് കാലഘട്ടത്തിലൂടെയാണ് ഇന്ത്യയില്‍ ചായ വ്യാപകമായത്. പിന്നീട് ചായ ഇന്ത്യക്കാരുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറുകയും, ബേക്കറികള്‍ വ്യാപകമായതോടെ ബ്രെഡും ബിസ്‌ക്കറ്റും സാധാരണക്കാരുടെ വീടുകളിലും എളുപ്പത്തില്‍ ലഭ്യമാവുകയും ചെയ്തു. അങ്ങനെ പതിയെ ചായയും ബിസ്‌ക്കറ്റും ചേർന്നുള്ള ഈ കൂട്ടുകെട്ട് ഇന്ത്യന്‍ വീടുകളിലും ചായക്കടകളിലും സ്ഥിരം കാഴ്ചയായി മാറി.
ഇന്നത്തെ കാലത്ത് കഫേകളില്‍ വൈവിധ്യമാര്‍ന്ന പലഹാരങ്ങള്‍ ലഭ്യമാണെങ്കിലും, ചായയില്‍ ഒരു ബിസ്‌ക്കറ്റ് മുക്കിക്കഴിക്കുന്ന ശീലം ഇന്നും മാറിയിട്ടില്ല. രാവിലെ തിരക്കിനിടയിലെ ചെറിയ ഇടവേളയായാലും വൈകുന്നേരത്തെ വിശ്രമവേളയായാലും, വെറുമൊരു ഭക്ഷണശീലത്തിനപ്പുറം പലരുടെയും നിത്യജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ് ഈ കൂട്ടുകെട്ട്.
NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (AI SOURCES)






