ഇനി കേരളത്തിൽ വിഡി സതീശൻ സർക്കാരിന് ഉറക്കമില്ലാത്ത രാത്രികളാണ് വരാൻ പോകുന്നത്. സർക്കാരിന് എതിരെ തീപന്തമായി കത്തിപടരുമെന്ന് ഇതിനകം തന്നെ എസ്എഫ്ഐയും ഡിവൈഎഫ്ഐയും സൂചന നൽകി കഴിഞ്ഞു. 10 വർഷങ്ങൾക്ക് മുൻപ് എങ്ങനെ ആയിരുന്നുവോ ഈ സംഘടനകൾ പ്രതികരിച്ചിരുന്നത് അതേ ശൈലിയിലേക്കാണ് ഇപ്പോൾ അവർ മടങ്ങി പോകുന്നത്.
യുഡിഎഫ് ഭരണത്തിൽ വന്ന എല്ലാ ഘട്ടങ്ങളിലും അവർ നേരിട്ട പ്രധാന വെല്ലുവിളി എന്നു പറയുന്നത് തന്നെ എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും ഭാഗത്ത് നിന്നായിരുന്നു. എന്തിനേറെ പറയുന്നു ഈ സംഘടനകളെ ഭയന്ന് മന്ത്രിമാർക്ക് പോലും പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമാണ് ഉണ്ടായിരുന്നത്. അതുപോലെ ഒരവസ്ഥ ഇനി കേരളത്തിൽ എപ്പോൾ വേണമെങ്കിലും സംഭവിക്കാം എന്നതാണ് നിലവിലെ അവസ്ഥ.
കേരളത്തിലെ സർവകലാശാലകളെ കാവിവൽക്കരിക്കുന്നതിനെതിരെ നടത്തിയ മാർച്ചിനിടെ വിദ്യാർത്ഥികൾക്കു നേരെയുണ്ടായ പോലീസ് നടപടിയും തുടർന്നുണ്ടായ പ്രക്ഷോഭവും എല്ലാം പുതിയ ഒരു ഊർജ്ജമാണ് എസ് എഫ്ഐക്ക് നൽകിയിരിക്കുന്നത്. കേരള സർവകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനിടെ പ്രകോപനമൊന്നുമില്ലാതെ പോലീസ് വിദ്യാർത്ഥികൾക്ക് നേരെ നടത്തിയ ക്രൂരമായ ആക്രമണവും ഇതിൽ പ്രതിഷേധിച്ച് സെകട്ടറിയേറ്റിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ച് തെരുവ് യുദ്ധത്തിൽ കലാശിച്ചതും പോലീസിനെ സംബന്ധിച്ചും വലിയ വെല്ലുവിളിയാണ്.
പോലീസ് നടപടിക്കിടെ പുരുഷ പോലീസ് ഉദ്യോഗസ്ഥർ വനിതാ വിദ്യാർത്ഥികളെ ആക്രമിച്ചതായി എസ്എഫ്ഐ ആരോപിച്ചിട്ടുണ്ട്. എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ആര്യ പ്രസാദ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വൈഷ്ണവി ഷാജി എന്നിവർക്ക് ഗുരുതരമായാണ് പരിക്കേറ്റിരിക്കുന്നത്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയും ആശുപത്രിയിൽ ചികിത്സയിലാണ്.
പോലീസ് അക്രമത്തെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്തണമെന്നും ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും എസ്എഫ്ഐ ആവശ്യപ്പെടുമ്പോൾ സി.പി.എം, ഡിവൈഎഫ്ഐ നേതാക്കൾ ഉൾപ്പെടെ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നത് മറ്റൊന്നാണ്. ‘സകലതും ഓർത്തു വയ്ക്കപ്പെടും’ എന്ന കുറിപ്പോടെ മുഖത്ത് ചോര ഒലിപ്പിച്ച് നിൽക്കുന്ന എസ്എഫ് ഐ പ്രവർത്തകയുടെ ഫോട്ടോയാണ് അവർ വ്യാപകമായി പ്രചരിപ്പിക്കുന്നത്. ഈ പ്രചരണം, പൊലീസ് ഉന്നതർക്കുള്ള ശക്തമായ മുന്നറിയിപ്പായാണ് നമ്മൾ കാണേണ്ടത്.
പ്രത്യേകിച്ച് ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനത്തിൻ്റെ’ പേരിൽ, എഡിജിപി എംആർ അജിത് കുമാർ ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരെ യുഡിഎഫ് സർക്കാർ സസ്പെൻ്റ് ചെയ്ത സാഹചര്യത്തിൽ ഇടതുപക്ഷം അധികാരത്തിൽ വന്നാൽ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറും അസിസ്റ്റൻ്റ് കമ്മീഷണറും ഉൾപ്പെടെയുള്ളവർ നിയമനടപടിക്ക് വിധേയമാകേണ്ടി വരുമെന്ന മുന്നറിയിപ്പാണ് സി.പി.എം കേന്ദ്രങ്ങൾ നൽകുന്നത്.
പോലീസിൻ്റെ മനോവീര്യം കെടുത്തുന്ന ഒരു നീക്കം തന്നെയാണ് ഇത് എന്നതിൽ ആർക്കും സംശയം വേണ്ട. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണം മാറിയാൽ തീർച്ചയായും പല പോലീസ് ഉന്നതരുടെയും തൊപ്പി തെറിക്കും. പിണറായിയുടെ ഗൺമാൻ ഉൾപ്പെടെയുള്ളവർ പ്രതിയായ പോലെ എസ്എഫ്ഐക്കാരെ മർദ്ദിച്ചവർ ക്രിമിനൽ കേസിൽ പ്രതികളാകാനുള്ള സാധ്യതയും വളരെ കൂടുതലാണ്.
ആലപ്പുഴയിലെ രക്ഷാപ്രവർത്തനം അന്വേഷിക്കാൻ സ്പെഷ്യൽ ടീം വന്നത് പോലെ എസ്എഫ് ഐക്കാർക്ക് എതിരായ ആക്രമണം അന്വേഷിക്കാനും, ഇടതുഭരണം വന്നാൽ സ്പെഷ്യൽ ഇൻവസ്റ്റിഗേഷൻ ടീം വരും. വിദ്യാർത്ഥി-യുവജന സംഘടനകളെ നേരിടേണ്ടി വരുന്ന കാക്കിപ്പടയെ പിറകോട്ടടിപ്പിക്കുന്ന തീരുമാനം കൂടിയാണിത്.
ചുരുക്കി പറഞ്ഞാൽ സർക്കാരിനെ സേവിക്കാൻ നിന്ന് സ്വന്തം പണിയും ജീവിതവും പോക്കേണ്ടി വരുന്ന ദയനീയ അവസ്ഥയിലാണ് കേരളത്തിലെ പൊലീസ് ഇപ്പോഴുള്ളത്. ഇത്തരം ഒരു സാഹചര്യം സൃഷ്ടിച്ചത് തന്നെ വിഡി സതീശൻ സർക്കാരാണ് എന്നതും ചൂണ്ടിക്കാട്ടാതിരിക്കാൻ കഴിയുകയില്ല.
മുൻകാലങ്ങളിൽ ഇടതുപക്ഷം അധികാരത്തിൽ വന്നാലും യുഡിഎഫ് അധികാരത്തിൽ വന്നാലും ആലപ്പുഴയിൽ കെഎസ്യു നേതാക്കൾക്ക് നേരെ നടന്നതു പോലുള്ള പോലീസ് നടപടി ഉണ്ടാകുമ്പോൾ, അത്തരം സംഭവങ്ങൾക്ക് ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്ക് നേരെ പ്രതികാര നടപടി സ്വീകരിക്കാറില്ല. വി എസ് അച്ചുതാനന്ദൻ, പിണറായി സർക്കാരുകളിൽ മന്ത്രിമാരായ സി.പിഎം നേതാക്കൾ ഉൾപ്പെടെ അവരുടെ വിദ്യാർത്ഥി-യുവജന സംഘടനാ കാലത്തിൽ കൊടിയ പൊലീസ് മർദ്ദനത്തിന് ഇരയായിട്ടുണ്ട്. സിപിഎമ്മിൻ്റെ എംഎൽഎമാരിൽ മർദ്ദനം ഏറ്റുവാങ്ങാത്തവർ ഉണ്ടോ എന്നത് പോലും സംശയമാണ്.
മുൻ കേരള സർവ്വകലാശാല യൂണിയൻ ചെയർപേഴ്സൺ കൂടിയായ ടി ഗീനാകുമാരി, സി എച്ച് ആഷിഖ്, പി രാജീവ്, പുത്തലത്ത് ദിനേശൻ, എം ബി രാജേഷ്, ടി വി രാജേഷ്, എ എൻ ഷംസീർ തുടങ്ങി അനവധി എസ്എഫ്ഐ നേതാക്കൾ ഏറ്റുവാങ്ങിയ മർദ്ദനവുമായി ഒരു കാരണവശാലും ആലപ്പുഴയിലെ രക്ഷാപ്രവർത്തനത്തെ താരതമ്യം ചെയ്യാൻ കഴിയുകയില്ല. തന്നെ മർദ്ദിച്ച പോലീസുകാർക്ക് എതിരെ കേസ്സെടുപ്പിക്കുകയും, എഡിജിപിയെ സസ്പെൻ്റ് ചെയ്യിപ്പിക്കുകയും ചെയ്യാൻ ഇടപെട്ട മുൻ കെഎസ്യു നേതാവ് എഡി തോമസ്( നിലവിലെ എംഎൽഎ ) ഇക്കാര്യവും ഓർക്കുന്നത് നല്ലതാണ്. നിങ്ങളുടെ ഈ സമ്മർദ്ദമാണ് പുതിയ കീഴ് വഴക്കങ്ങൾക്കും പ്രതികാര നടപടികൾക്കും തുടക്കം കുറിക്കാൻ പോകുന്നത്.
ഗീനാകുമാരിയെ ക്രൂരമായി മർദ്ദിച്ച് തലപൊട്ടിച്ച പോലീസ് ഉദ്യോഗസ്ഥൻ സർവീസിൽ ഇരുന്ന് റിട്ടയർ ചെയ്തശേഷം ഗീനാകുമാരിയെ നേരിൽ കണ്ട് മാപ്പ് പറഞ്ഞാണ് വീട്ടിലേക്ക് മടങ്ങിയിരുന്നത്. അതിന് അദ്ദേഹത്തിന് സാധിച്ചത് പ്രതികാര നടപടിയുമായി ഗീനാകുമാരിയും ഇടതുപക്ഷ സർക്കാരുകളും മുന്നോട്ട് പോകാതിരുന്നത് കൊണ്ടുകൂടിയാണ്. ഇനി യുഡിഎഫ് സർക്കാരുകൾ പുതിയ കീഴ് വഴക്കം സൃഷ്ടിച്ച സ്ഥിതിക്ക് ഇടതുപക്ഷം അധികാരത്തിൽ വന്നാൽ അവർ പ്രതികാര നടപടി പോലീസിന് നേരെ സ്വീകരിച്ചാൽ ആർക്കാണ് കുറ്റം പറയാൻ കഴിയുക?
EXPRESS VIEW
വീഡിയോ കാണാം…






