സബ്-4 മീറ്റർ എസ്യുവി വിഭാഗത്തിലേക്ക് പുതിയ മോഡലുമായി എത്താൻ ഒരുങ്ങി മഹീന്ദ്ര. ‘വിഷൻ എസ്’ എന്ന പേരിൽ അവതരിപ്പിച്ച കൺസെപ്റ്റ് മോഡലിന്റെ ഉൽപ്പാദന പതിപ്പാണ് കമ്പനി ഉടൻ വിപണിയിലെത്തിക്കുന്നത്. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വാഹനത്തിന്റെ പരീക്ഷണയോട്ടം പുരോഗമിക്കുകയാണ്. പരീക്ഷണ ചിത്രങ്ങളിൽ നിന്ന് കൺസെപ്റ്റ് മോഡലിന്റെ ഡിസൈനിൽ വലിയ മാറ്റങ്ങളില്ലാതെ തന്നെയാണ് പ്രൊഡക്ഷൻ വേരിയന്റും വരുന്നതെന്ന് വ്യക്തമാകുന്നുണ്ട്. മഹീന്ദ്രയുടെ പ്രമുഖ മോഡലുകളായ എക്സ്യുവി 7എക്സ്ഒ, ഥാർ റോക്സ്, ഥാർ എന്നിവയിലെ പ്രധാന ഡിസൈൻ ഘടകങ്ങളും പുതിയ വാഹനത്തിൽ ഇടംപിടിക്കും.
മഹീന്ദ്രയുടെ സിഗ്നേച്ചർ 6 സ്ലാറ്റ് ഗ്രിൽ, വലിയ എയർ ഡാം, എൽ ആകൃതിയിലുള്ള എൽഇഡി ഹെഡ്ലാമ്പുകൾ, ഉയർന്ന ക്ലാംഷെൽ ബോണറ്റ് എന്നിവ മുൻഭാഗത്തെ ആകർഷകമാക്കുന്നു. ബോക്സി ലുക്കിൽ എത്തുന്ന എസ്യുവിയിൽ വലിയ വീൽ ആർച്ചുകൾ, അലോയ് വീലുകൾ, ഫ്ലഷ് ഡോർ ഹാൻഡിലുകൾ, ലംബമായി നൽകിയ എൽഇഡി ടെയിൽ ലാമ്പുകൾ, ടെയിൽഗേറ്റിൽ ഘടിപ്പിച്ച സ്പെയർ വീൽ എന്നിവയുണ്ടാകും. സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി എഡിഎഎസ് സാങ്കേതികവിദ്യയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്റീരിയറിൽ ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ, ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ്, 2-സ്പോക്ക് ലെതർ സ്റ്റിയറിംഗ് വീൽ എന്നിവയുമുണ്ട്.
മഹീന്ദ്രയുടെ എൻയു_ഐക്യു പ്ലാറ്റ്ഫോമിൽ ഒരുങ്ങുന്ന ആദ്യത്തെ പ്രൊഡക്ഷൻ വാഹനമായിരിക്കും വിഷൻ എസ്. പെട്രോൾ, ഡീസൽ, ഹൈബ്രിഡ്, ഇലക്ട്രിക് തുടങ്ങി വിവിധ പവർട്രെയിനുകളെ പിന്തുണയ്ക്കാൻ ശേഷിയുള്ള പ്ലാറ്റ്ഫോമാണിത്. നിലവിൽ എക്സ്യുവി 3എക്സ്ഒയിൽ ഉപയോഗിക്കുന്ന 1.5 ലിറ്റർ 4-സിലിണ്ടർ ഡീസൽ എഞ്ചിനും ഈ മോഡലിൽ പ്രതീക്ഷിക്കാം. വ്യത്യസ്ത പവർട്രെയിൻ ഓപ്ഷനുകൾ നൽകുന്നതിലൂടെ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാനാണ് മഹീന്ദ്ര ലക്ഷ്യമിടുന്നത്.
പുതിയ സബ്-4 മീറ്റർ എസ്യുവി ഈ വർഷം അവസാനത്തോടെ ഔദ്യോഗികമായി പുറത്തിറക്കുമെന്നാണ് സൂചന. അടുത്ത വർഷം തുടക്കത്തോടെ വാഹനം നിരത്തുകളിലെത്തും. വിപണിയിലെത്തുമ്പോൾ റെനോ ബ്രിഡ്ജർ, ടാറ്റ സ്കാർലെറ്റ് എന്നിവയ്ക്ക് പുറമെ നിലവിലുള്ള മറ്റ് സബ്-4 മീറ്റർ എസ്യുവികളോടും മഹീന്ദ്ര വിഷൻ എസ് കടുത്ത മത്സരം ഉയർത്തും.






