276-ൽ നിന്ന് 103-ലേക്ക്: കട്ട് ഓഫ് മാർക്ക് കുത്തനെ കുറച്ചതിനെതിരെ സുപ്രീം കോടതിയിൽ ഹർജി

മെഡിക്കൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നത് ഒഴിവാക്കാൻ കട്ട് ഓഫ് കുറയ്ക്കണമെന്ന വാദവും, എന്നാൽ ഇത് പഠന നിലവാരത്തെ ബാധിക്കുമെന്ന ആശങ്കയും കോടതി ഒരേസമയം പരിഗണിച്ചു

276-ൽ നിന്ന് 103-ലേക്ക്: കട്ട് ഓഫ് മാർക്ക് കുത്തനെ കുറച്ചതിനെതിരെ സുപ്രീം കോടതിയിൽ ഹർജി
276-ൽ നിന്ന് 103-ലേക്ക്: കട്ട് ഓഫ് മാർക്ക് കുത്തനെ കുറച്ചതിനെതിരെ സുപ്രീം കോടതിയിൽ ഹർജി

നീറ്റ് പി.ജി. പ്രവേശനത്തിനുള്ള കട്ട് ഓഫ് മാർക്ക് വലിയ തോതിൽ കുറച്ച കേന്ദ്രസർക്കാർ നടപടിയിൽ സുപ്രീം കോടതി വിശദീകരണം തേടി. 2025-‘26 അധ്യയന വർഷത്തെ പ്രവേശന യോഗ്യതയിൽ വരുത്തിയ ഈ മാറ്റം ചോദ്യം ചെയ്തുകൊണ്ടുള്ള പൊതുതാത്പര്യ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. ഇത്തരത്തിൽ മാർക്ക് കുറയ്ക്കാനുണ്ടായ സാഹചര്യം വ്യക്തമാക്കാൻ പരീക്ഷാ ഏജൻസിയായ നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസിനോട് (എൻ.ബി.ഇ.എം.എസ്.) കോടതി നിർദേശിച്ചു.

മെഡിക്കൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നത് ഒഴിവാക്കാൻ കട്ട് ഓഫ് കുറയ്ക്കണമെന്ന വാദവും, എന്നാൽ ഇത് പഠന നിലവാരത്തെ ബാധിക്കുമെന്ന ആശങ്കയും കോടതി ഒരേസമയം പരിഗണിച്ചു. പ്രവേശന മാനദണ്ഡങ്ങളിൽ ഇളവ് വരുത്തുമ്പോൾ നിലവാരത്തിൽ വിട്ടുവീഴ്ച സംഭവിക്കുമോ എന്ന ഗൗരവമായ ചോദ്യം ഉയരുന്നുണ്ടെന്നും, ഇക്കാര്യത്തിൽ കൃത്യമായ ഒരു സന്തുലിതാവസ്ഥ ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു. ഒഴിച്ചുകൂടാനാവാത്ത സാഹചര്യങ്ങളിലല്ലാതെ ഇത്തരത്തിലുള്ള ഇളവുകൾ അനുവദിക്കരുതെന്നാണ് ഹർജിക്കാരുടെ പ്രധാന വാദം.

Also Read: ഐ.ഐ.എസ്‌സി.യിൽ ഫീസ് കുത്തനെ കൂട്ടി; ബിഎസ്‌സി ട്യൂഷൻ ഫീസ് 10,000-ൽ നിന്ന് 80,000 രൂപയായി

800 മാർക്കിൽ നടന്ന പരീക്ഷയിൽ ജനറൽ വിഭാഗത്തിന്റെ കട്ട് ഓഫ് 276-ൽ നിന്ന് 103-ലേക്ക് താഴ്ത്തിയതാണ് പ്രധാനമായും വിവാദമായത്. സമാനമായ രീതിയിൽ എസ്.സി., എസ്.ടി., ഒ.ബി.സി., ഭിന്നശേഷി വിഭാഗങ്ങൾക്കും വലിയ തോതിൽ മാർക്ക് ഇളവ് നൽകിയിരുന്നു. മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ കൃത്യമായ വ്യവസ്ഥകൾ വേണമെന്ന് ആവശ്യപ്പെട്ടുള്ള ഈ ഹർജി രണ്ടാഴ്ചയ്ക്ക് ശേഷം കോടതി വീണ്ടും പരിഗണിക്കും.

Share Email
Top