കൊല്ലം: കെഎസ്ആർടിസി പ്രിയദർശിനി ബസുകളിലെ സ്ഥിരം മോഷണക്കാരിയായ തമിഴ്‌നാട് സ്വദേശിനിയെ നാട്ടുകാരും യാത്രക്കാരും ചേർന്ന് സാഹസികമായി പിടികൂടി. തിരുനെൽവേലി മുക്കടൽ ആറ്റാൻകര സ്വദേശിനി മഞ്ജുളയെ (35) ആണ് ചവറ പോലീസിന് കൈമാറിയത്. പത്തനംതിട്ട- കൊല്ലം റൂട്ടിൽ സർവീസ് നടത്തുന്ന വേണാട് ബസിൽ യാത്ര ചെയ്തിരുന്ന അടൂർ പറക്കോട് സ്വദേശി സുധീനയുടെ മൂന്നരപ്പവന്റെ മാല മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവങ്ങളുടെ തുടക്കം.
പന്മന മുഖംമൂടി ജംഗ്ഷനിൽ ബസ് നിർത്തിയപ്പോൾ ഇറങ്ങുന്നതിനിടെയാണ് ഇവർ മാല പൊട്ടിക്കാൻ നോക്കിയത്. ഇത് ശ്രദ്ധയിൽപ്പെട്ട സുധീന മാലയിൽ ഉറച്ചുപിടിച്ചതോടെ മാല പൊട്ടി അവരുടെ കയ്യിൽ തന്നെ വീണു. തുടർന്ന് മറ്റ് യാത്രക്കാർ വളഞ്ഞതോടെ ബസിൽ നിന്ന് ഇറങ്ങി ഓടിയ മഞ്ജുളയെ നാട്ടുകാരും യാത്രക്കാരും പിന്തുടർന്ന് പിടികൂടുകയായിരുന്നു. ചവറ പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ മുൻപും ഇതേ റൂട്ടിൽ ഇവർ മോഷണം നടത്തിയതായി തെളിഞ്ഞു.
Also Read: കാസർകോട് 16-കാരിയെ പീഡിപ്പിച്ച കേസ്; പ്രതി സ്നേഹ മെർലിൻ അറസ്റ്റിൽ
കഴിഞ്ഞ മാസം ശാസ്താംകോട്ട സ്വദേശി റോസമ്മയുടെ നാലേകാൽ പവന്റെ മാലയും ചവറ പുതുക്കാട് സ്വദേശി ലില്ലിക്കുട്ടിയുടെ ഒരു പവന്റെ മാലയും ഇവർ മോഷ്ടിച്ചിരുന്നു. നീണ്ടകര ജംഗ്ഷനിൽ ബസിൽ നിന്ന് ഇറങ്ങുമ്പോൾ ലില്ലിക്കുട്ടിയെ സഹായിക്കുന്ന ഭാവത്തിൽ കൂടെക്കൂടിയാണ് മാല അപഹരിച്ചത്. മുൻപും സമാനമായ കേസുകളിൽ പ്രതിയായിട്ടുള്ള ആളാണ് മഞ്ജുള. കെഎസ്ആർടിസി ബസുകളിൽ സ്ത്രീകളുടെ തിരക്ക് മുതലാക്കി സൗജന്യ യാത്ര ചെയ്താണ് ഇവർ പ്രധാനമായും കവർച്ച നടത്തിയിരുന്നത്.






