ഡൽഹി: രാജ്യസഭ എംപി ഇമ്രാൻ പ്രതാപ്ഗർഹിയുടെ ഇൻസ്റ്റാഗ്രാമിലെ കവിതയുമായി ബന്ധപ്പെട്ട് ഗുജറാത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് സുപ്രീം കോടതി റദ്ദാക്കി. അഭിപ്രായ സ്വാതന്ത്ര്യം മൗലികാവകാശമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ഗുജറാത്ത് പൊലീസിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.
പൊലീസ് ഉദ്യോഗസ്ഥർ ഭരണഘടനയും അതിൻ്റെ മൂല്യങ്ങളും സംരക്ഷിക്കാൻ ബാധ്യസ്ഥരാണ്. അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടനയുടെ ആമുഖത്തിൽ ഉറപ്പുനൽകുന്ന അവകാശമാണ്. ദുർബലരായവരുടെ അവസ്ഥ പരിഗണിക്കാതെ അവരെ വിലയിരുത്തരുതെന്നും കോടതി അഭിപ്രായപ്പെട്ടു. അഭിപ്രായങ്ങളോട് വിയോജിപ്പുണ്ടെങ്കിലും അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കാൻ ജഡ്ജിമാർ നിലകൊള്ളണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു.
Also Read: കലാപത്തിലും വിളവെടുപ്പോ ? എമ്പുരാന് ഒ.ടി.ടിയിൽ റെഡ് സിഗ്നൽ ഉയരും, ഗോകുലത്തിനും വെല്ലുവിളി
ഇമ്രാൻ പ്രതാപ്ഗർഹി മതസ്പർദ്ധ വളർത്തുന്ന തരത്തിലുള്ള പരാമർശം നടത്തിയെന്നായിരുന്നു ഗുജറാത്ത് പോലീസിൻ്റെ വാദം. എന്നാൽ, ഇത് സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. നേരത്തെ ഇമ്രാൻ പ്രതാപ്ഗർഹിയുടെ എഫ്ഐആർ റദ്ദാക്കാൻ ഗുജറാത്ത് ഹൈക്കോടതി വിസമ്മതിച്ചിരുന്നു. ഇതിനെതിരെ അദ്ദേഹം നൽകിയ അപ്പീലിലാണ് സുപ്രീം കോടതിയുടെ നിർണ്ണായക വിധി.