ഫെഡറൽ ബാങ്ക് ശാഖയിൽ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ്; പ്രതി പിടിയിൽ

സ്വർണമെന്ന വ്യാജേന 8.2 ഗ്രാം തൂക്കം വരുന്ന മുക്കുപണ്ടം പണയം വെച്ച് ഇയാൾ 39,000 രൂപ കൈക്കലാക്കി

ഫെഡറൽ ബാങ്ക് ശാഖയിൽ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ്; പ്രതി പിടിയിൽ
ഫെഡറൽ ബാങ്ക് ശാഖയിൽ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ്; പ്രതി പിടിയിൽ

ആലപ്പുഴ: ഫെഡറൽ ബാങ്ക് ശാഖയിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ യുവാവിനെ ആലപ്പുഴ നോർത്ത് പോലീസ് അറസ്റ്റ് ചെയ്തു. ആര്യാട് പഞ്ചായത്ത് 14-ാം വാർഡ് അവലൂക്കുന്ന് കൈതകുളങ്ങരവെളി വീട്ടിൽ അനീഷ് കുമാറിനെയാണ് (37) പോലീസ് പിടികൂടിയത്. ഫെഡറൽ ബാങ്കിന്റെ തത്തംപള്ളി ശാഖയിലാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. 2024 മെയ് 10-നാണ് പ്രതി അനീഷ് കുമാർ ബാങ്കിലെത്തുന്നത്. സ്വർണമെന്ന വ്യാജേന 8.2 ഗ്രാം തൂക്കം വരുന്ന മുക്കുപണ്ടം പണയം വെച്ച് ഇയാൾ 39,000 രൂപ കൈക്കലാക്കി.

പിന്നീട് ബാങ്ക് അധികൃതർ നടത്തിയ പരിശോധനയിലാണ് പണയം വെച്ചിരിക്കുന്നത് സ്വർണമല്ല, മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞത്. പലിശയും മറ്റ് ചാർജുകളും ഉൾപ്പെടെ ബാങ്കിന് ആകെ 46,672 രൂപയുടെ നഷ്ടമാണ് ഇയാൾ വരുത്തിവെച്ചത്. 2025-ലും 2026-ലും ഇതേ രീതിയിൽ തട്ടിപ്പ് നടത്തിയതിന് ഇയാൾക്കെതിരെ ആലപ്പുഴ നോർത്ത് പോലീസ് സ്റ്റേഷനിൽ മറ്റ് കേസുകൾ നിലവിലുണ്ട്. ആലപ്പുഴ നോർത്ത് സ്റ്റേഷൻ ഹൗസ് ഓഫീസർ അരുൺ എം.ജെയുടെ നേതൃത്വത്തിൽ എസ്.ഐ അനിൽകുമാർ ബി, എ.എസ്.ഐ വിനോദ്, സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ സി.പി.ഒ വിപിൻ ദാസ്, സുജിത്ത്, വിഷ്ണു എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Share Email
Top