രക്തസാക്ഷി ഫണ്ടിലും ചിട്ടിയിലും തട്ടിപ്പ്; പയ്യന്നൂർ എം.എൽ.എയ്‌ക്കെതിരെ വെളിപ്പെടുത്തലുമായി മുൻ ഏരിയ സെക്രട്ടറി

ജനങ്ങളിൽ നിന്ന് സമാഹരിക്കുന്ന ഫണ്ടുകളിൽ കൃത്രിമം കാണിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും, ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പിനെക്കുറിച്ച് മുഖ്യമന്ത്രിക്കു വരെ അറിവുണ്ടെന്നും കുഞ്ഞികൃഷ്ണൻ

രക്തസാക്ഷി ഫണ്ടിലും ചിട്ടിയിലും തട്ടിപ്പ്; പയ്യന്നൂർ എം.എൽ.എയ്‌ക്കെതിരെ വെളിപ്പെടുത്തലുമായി മുൻ ഏരിയ സെക്രട്ടറി
രക്തസാക്ഷി ഫണ്ടിലും ചിട്ടിയിലും തട്ടിപ്പ്; പയ്യന്നൂർ എം.എൽ.എയ്‌ക്കെതിരെ വെളിപ്പെടുത്തലുമായി മുൻ ഏരിയ സെക്രട്ടറി

ണ്ണൂരിലെ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി പയ്യന്നൂർ എം.എൽ.എ ടി.ഐ. മധുസൂദനനെതിരെ ഗുരുതരമായ സാമ്പത്തിക ആരോപണങ്ങളുമായി മുൻ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണൻ രംഗത്തെത്തി. മധുസൂദനൻ പയ്യന്നൂർ ഏരിയ സെക്രട്ടറിയായിരുന്ന കാലയളവിൽ രക്തസാക്ഷി ഫണ്ട്, പാർട്ടി ഓഫീസ് നിർമാണ ഫണ്ട്, തിരഞ്ഞെടുപ്പ് ഫണ്ട് എന്നിവയിൽ വലിയ തോതിൽ ക്രമക്കേട് നടന്നതായാണ് വെളിപ്പെടുത്തൽ. ജനങ്ങളിൽ നിന്ന് സമാഹരിക്കുന്ന ഫണ്ടുകളിൽ കൃത്രിമം കാണിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും, ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പിനെക്കുറിച്ച് മുഖ്യമന്ത്രിക്കു വരെ അറിവുണ്ടെന്നും കുഞ്ഞികൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.

ആരോപണങ്ങളിൽ ഏറ്റവും പ്രധാനം രക്തസാക്ഷി സി.വി. ധനരാജിന്റെ കുടുംബസഹായ ഫണ്ടിൽ നിന്ന് 46 ലക്ഷം രൂപ വകമാറ്റി ചെലവാക്കി എന്നതാണ്. കൂടാതെ, ഏരിയ കമ്മിറ്റി ഓഫീസ് നിർമാണവുമായി ബന്ധപ്പെട്ട് നടത്തിയ ഫണ്ട് പിരിവിലും ചിട്ടിയിലുമായി 72 ലക്ഷം രൂപയുടെ തിരിമറി നടന്നതായും അദ്ദേഹം ആരോപിച്ചു. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫണ്ടിൽ നിന്ന് ഒരു കോടി ഒമ്പത് ലക്ഷം രൂപയുടെ ക്രമക്കേട് നടന്നതായും കണക്കുകൾ നിരത്തി കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. സഹകരണ ജീവനക്കാർ നൽകിയ 70 ലക്ഷം രൂപയോളം വരുന്ന സംഭാവനകൾ കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Also Read: ഉമ്മൻ ചാണ്ടി കുടുംബം തകർത്തെന്ന ആരോപണം; മറുപടിയുമായി ചാണ്ടി ഉമ്മൻ, ആഞ്ഞടിച്ച് കോൺഗ്രസ്

പാർട്ടി നിയന്ത്രണത്തിലുള്ള റൂറൽ ബാങ്കിന് വേണ്ടി ഭൂമി വാങ്ങിയ ഇടപാടിലും അഴിമതി നടന്നതായി കുഞ്ഞികൃഷ്ണൻ ആരോപിക്കുന്നു. ഏക്കറിന് മൂന്ന് ലക്ഷം രൂപ മാത്രം വിലയുള്ള ഭൂമി എട്ട് ലക്ഷം രൂപയ്ക്കാണ് ബാങ്ക് വാങ്ങിയത്. ടി.ഐ. മധുസൂദനന്റെ ബന്ധുവിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഈ ഭൂമി ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടതാണെന്നും അതിനാൽ തന്നെ ഇത് നിലവിൽ ഉപയോഗശൂന്യമായി കിടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു വ്യക്തിയുടെ സാമ്പത്തിക ലാഭത്തിനായി പാർട്ടിയെയും സഹകരണ സ്ഥാപനങ്ങളെയും ദുരുപയോഗം ചെയ്തു എന്നാണ് ഇതിലൂടെ വ്യക്തമാക്കുന്നത്.

കെട്ടിട നിർമാണ കമ്മിറ്റിയുടെ സെക്രട്ടറി എന്ന നിലയിൽ വരവുചെലവ് കണക്കുകൾ അവതരിപ്പിക്കാൻ മധുസൂദനന് ബാധ്യതയുണ്ടായിരുന്നുവെന്നും എന്നാൽ വ്യാജ രസീതുകൾ അച്ചടിച്ച് ഫണ്ട് വെട്ടിച്ചെന്നുമാണ് കുഞ്ഞികൃഷ്ണന്റെ വാദം. മധുസൂദനന് ശേഷം ഏരിയ സെക്രട്ടറിയായ കെ.പി. മധുവിനും ഇതിൽ ഉത്തരവാദിത്തമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പയ്യന്നൂരിലെ സിപിഎമ്മിൽ പുകഞ്ഞുകൊണ്ടിരുന്ന വിഭാഗീയതയും സാമ്പത്തിക തർക്കങ്ങളുമാണ് ഈ പരസ്യ വെളിപ്പെടുത്തലിലൂടെ ഇപ്പോൾ മറനീക്കി പുറത്തുവന്നിരിക്കുന്നത്.

Share Email
Top