ഫ്രാങ്ക്ഫർട്ട്: ലോകത്തിലെ ആദ്യത്തെ വാക്ക്-ത്രൂ സുരക്ഷാ സ്കാനറുകൾ ഉപയോഗിക്കുന്ന വിമാനത്താവളമെന്ന നേട്ടം സ്വന്തമാക്കി ജർമനിയിലെ ഫ്രാങ്ക്ഫർട്ട് എയർപോർട്ട്. ഒരു വർഷം നീണ്ട പരീക്ഷണത്തിന് ഒടുവിൽ ജർമൻ പൊലീസ് ഇതിന് അംഗീകാരം നൽകി. ജർമനിയിലെ ഏറ്റവും വലിയ വിമാനത്താവളമായ ഫ്രാങ്ക്ഫർട്ട് എയർപോർട്ടിലെ ടെർമിനൽ 1ലാണ് ഈ അത്യാധുനിക സുരക്ഷാ സംവിധാനം സ്ഥാപിച്ചിരിക്കുന്നത്.
പുതിയ വാക്ക്-ത്രൂ സ്കാനറുകൾ യാത്രക്കാർക്ക് സുരക്ഷാ പരിശോധനകളിൽ വലിയ സൗകര്യം നൽകുമെന്ന് എയർപോർട്ടിന്റെ ഓപ്പറേറ്ററായ ഫ്രാപോർട്ട് അറിയിച്ചു. സുരക്ഷാ പരിശോധനകൾക്കായി ഇത്തരം അത്യാധുനിക സ്കാനറുകൾ സ്ഥിരമായി ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളമാണിത്.
Also Read: രണ്ടാം ലോകമഹായുദ്ധാനന്തര വ്യവസ്ഥിതിയെ തകര്‍ക്കുക എന്നതാണ് ട്രംപിന്റെ ലക്ഷ്യം: സെര്‍ജി ലാവ്‌റോവ്
അതേസമയം ഈ സ്കാനറുകളിൽ ഒരു നിശ്ചിത പോസ്ചറിൽ നിൽക്കുന്നതിന് പകരം സാധാരണ വേഗതയിൽ നടന്നുപോയാൽ മതി. സ്കാനറുകളുടെ മില്ലിമീറ്റർ-വേവ് സാങ്കേതികവിദ്യ വസ്ത്രങ്ങൾക്കുള്ളിലൂടെ കടന്നുപോവുകയും ശരീരത്തിൽ എവിടെയാണ് അപകടകരമായ വസ്തു ഒളിപ്പിച്ചിരിക്കുന്നതെന്ന് കൃത്യമായി കണ്ടെത്തുകയും ചെയ്യും. അലാറം മുഴങ്ങുമ്പോൾ, സുരക്ഷാ ഉദ്യോഗസ്ഥർക്ക് യാത്രക്കാരെ വീണ്ടും സ്കാൻ ചെയ്യുന്നതിനുപകരം, എവിടെയാണോ സംശയം തോന്നുന്നത് അവിടെ മാത്രം പരിശോധിച്ചാൽ മതിയാകും.